Saturday, 15 March 2014

പത്രികാസമര്‍പ്പണം ഇന്നുമുതല്‍


പതിനാറാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുപ്പ് പ്രക്രിയ കേരളത്തില്‍ ശനിയാഴ്ച തുടങ്ങും. വിജ്ഞാപനമിറങ്ങുന്ന ശനിയാഴ്ചതന്നെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂടുപിടിക്കും. പ്രചാരണം ഏപ്രില്‍ എട്ടിന് അവസാനിക്കുമെന്നതിനാല്‍ തിരക്കിട്ട പര്യടനങ്ങളിലും പ്രചാരണങ്ങളിലും സ്ഥാനാര്‍ഥികള്‍ മുഴുകിക്കഴിഞ്ഞു.
പത്രിക നല്‍കാനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്. 24-ന് പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാവും. 26 വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 10-നാണ് തിരഞ്ഞെടുപ്പ്. ഇത്തവണ വോട്ടെടുപ്പ് സമയം ഒരുമണിക്കൂര്‍ നീട്ടിയിട്ടുണ്ട്. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെ വോട്ടുരേഖപ്പെടുത്താം. മുമ്പിത് രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെയായിരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് സമയത്തിന് മാറ്റംവരുത്തിയത്.
ഞായറാഴ്ച ഒഴികെ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ വരണാധികാരിക്ക് മുമ്പാകെ പത്രിക നല്‍കാം. ഈ സമയത്തിന് മുമ്പോ പിമ്പോ പത്രികകള്‍ സ്വീകരിക്കില്ല. ജില്ലാ കളക്ടറാണ് വരണാധികാരി. പത്രികാസമര്‍പ്പണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വരണാധികാരിയുടെ ഓഫീസിന് 100 മീറ്റര്‍ സമീപം സ്ഥാനാര്‍ഥിക്കും അകമ്പടിക്കാര്‍ക്കുമായി മൂന്നുവാഹനങ്ങളേ എത്താവൂ. പത്രിക നല്‍കുമ്പോള്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേരേ വരണാധികാരിയുടെ ഓഫീസില്‍ പ്രവേശിക്കാവൂ. പൊതുവിഭാഗത്തിലുള്ള സ്ഥാനാര്‍ഥികള്‍ 25,000 രൂപയാണ് കെട്ടിവെക്കേണ്ടത്. പട്ടികജാതി-വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് 12,500 രൂപ മതി. പത്രികയോടൊപ്പം സ്വത്ത് വെളിപ്പെടുത്തുന്ന വിവരങ്ങളും നല്‍കണം.
70 ലക്ഷം രൂപയാണ് സ്ഥാനാര്‍ഥിക്ക് പ്രചാരണത്തിന് പരമാവധി ചെലവാക്കാവുന്ന തുക. പരിധി വിടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിരീക്ഷകരുണ്ടാവും. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ ചുമതലപ്പെടുത്തുന്ന ഐ.ആര്‍.എസ്. ഉദ്യോഗസ്ഥരാണ് ചെലവു നിരീക്ഷകര്‍.
നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കഷ്ടിച്ച് രണ്ടാഴ്ചയാണ് പ്രചാരണത്തിന് കിട്ടുന്നത്. ഇരുമുന്നണികളുടെയും ബി. ജെ. പിയുടെയും ദേശീയനേതാക്കള്‍ ഇനിയുള്ള ദിവസങ്ങളില്‍ പ്രചാരണത്തിന് എത്തും.

യു. ഡി. എഫിനുവേണ്ടി സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും കേരളത്തിലെത്തും. സി.പി.എം. അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ടും ബി. ജെ. പിയുടെ സമുന്നത നേതാക്കളും എത്തും.

No comments:

Post a Comment