നിലമ്പൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗവുമായ നിലമ്പൂര്‍ എല്‍.ഐ.സി. റോഡിലെ ബിജിന വീട്ടില്‍ ബിജു നായര്‍
(38), സുഹൃത്ത് ചുള്ളിയോട് ഉണ്ണിക്കുളം കുന്നശ്ശേരിയില്‍ ഷംസുദ്ദീന്‍
(29) എന്നിവരെ സി.ഐ എ.പി. ചന്ദ്രന്‍ അറസ്റ്റുചെയ്തു. കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയാണ് കൊല്ലപ്പെട്ടത്.
നിലമ്പൂര്‍ കോവിലകത്തുമുറി ചിറയ്ക്കല്‍ വീട്ടില്‍ രാധ
(49) യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചാം തീയതി മുതല്‍ ഇവരെ കാണാനില്ലായിരുന്നു. അതിനെത്തുടര്ന്ന് പോലീസ് അന്വേഷിച്ചുവരികയായിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തില്‍ ഒരു മൃതദേഹം ഉള്ളതായി അറിഞ്ഞത്. തുടര്ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
തിങ്കളാഴ്ച രാവിലെയാണ് പോലീസ് മൃതദേഹം കുളത്തില്നിന്ന് പുറത്തെടുത്തത്. ഈ സമയം ബിജു നായര്‍ സംഭവസ്ഥലത്തിനടുത്തുണ്ടായിരുന്നതായി പറയുന്നു. ഉച്ചയോടെതന്നെ പോലീസിന് പ്രതികളെക്കുറിച്ച് സൂചന കിട്ടി. രണ്ടുപേരെയും കസ്റ്റഡിയിലും എടുത്തിരുന്നു. രാത്രി വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രാവിലെ ഒമ്പതുമണിയോടെ പാര്‍ട്ടി ഓഫീസില്‍ അടിച്ചുവാരാനെത്തിയ രാധയെ പത്തുമണിയോടെ കഴുത്ത് ഞെരിച്ചുകൊന്നതായാണ് പോലീസിന് നല്കിയ മൊഴി. തുടര്ന്ന് ചാക്കിലിട്ട് മാലിന്യമെന്ന രീതിയില്‍ മറ്റു ചപ്പുചവറുകളുടെ കൂടെ ഷംസുദ്ദീന്റെ ഓട്ടോയില്‍ കൊണ്ടുപോയി കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഷംസുദ്ദീനാണ് ഉണ്ണിക്കുളത്തെ കുളത്തെക്കുറിച്ച് ബിജുവിന് പറഞ്ഞുകൊടുത്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പ്രതി ബിജു നായര്ക്ക് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം കൊല്ലപ്പെട്ട രാധയ്ക്കറിയാമായിരുന്നു. ഈ വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയിട്ടുണ്ട്. ഭീഷണി തുടര്‍ന്നപ്പോള്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.
രാധയുടെ ആഭരണങ്ങള്‍ ഷംസുദ്ദീനില്‍നിന്ന് കണ്ടെത്തി. രാധയുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും ചെയ്തു. മൊബൈല്‍ഫോണ്‍ അങ്ങാടിപ്പുറംവരെ കൊണ്ടുപോയി സിം ഊരിയശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിഞ്ഞു. ടവര്‍ ലൊക്കേഷന്‍ തിരിച്ചറിയാതിരിക്കാനായിരുന്നു ഇത്. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
No comments:
Post a Comment