ഗ്രിഗേറിയന് സംഗീതത്തിന്റെ മാസ്മരികതയാണ് എറണാകുളം സെന്റ് ആല്ബര്ട്സ് കോളേജിലെ ബൈബിള്-ജപമാല പ്രദര്ശനം 'തിയോഫനി ' കാണാനെത്തുന്നവരെ വരവേല്ക്കുന്നത്. ഭക്തിയുടെ ഈണത്തില് പൊതിഞ്ഞ അന്തരീക്ഷത്തില് വാട്ടര്പ്രൂഫ് ബൈബിളടക്കം അപൂര്വങ്ങളായ 200 ഓളം ബൈബിളുകളാണ് കാണികളെ വിസ്മയത്തിലാക്കുന്നത്. വിവിധ രാജ്യങ്ങളില് നിന്നുള്ള 450 ഓളം ജപമാലകളും സ്റ്റാമ്പുകളും ബൈബിളുമായി ബന്ധപ്പെട്ട ഗെയിമും സിനിമകളും ഡിക്ഷ്ണറികളും പ്രദര്ശനത്തില് ഇടംപിടിച്ചിട്ടുണ്ട്.
കാശ്മീരി, മാല്ത്തോ, കൊങ്കണി തുടങ്ങി ഇന്ത്യയിലെ മുപ്പതോളം ഭാഷയിലുള്ള ബൈബിളുകളും പ്രദര്ശനത്തിന് മാറ്റ് കൂട്ടുന്നു. ആന്റിക്രൈസ്റ്റ് ജപമാലകളുടെ പ്രദര്ശനവും അതിനെ കുറിച്ചുള്ള വിവരണങ്ങളും തിയോഫനിയുടെ മറ്റൊരു പ്രത്യേകതയാണ്. സെന്റ് ആല്ബര്ട്സ് കോളേജിലെ ജീസസ് യൂത്തിന്റെ നേതൃത്വത്തിലാണ് പ്രദര്ശനം നടക്കുന്നത്. സിസ്റ്റര് ഫ്ളൂറന്റയ്ന്റേയും പൂര്വവിദ്യാര്ത്ഥി സച്ചിന് ആന്റണിയുടേയും ശേഖരണത്തിലുള്ള നിരവധി ജപമാലകളും ബൈബിളുകളും പ്രദര്ശനത്തിലുണ്ട്.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല് ഡോ. സ്റ്റീഫന് ആലത്തറ ഉദ്ഘാടനം നിര്വഹിച്ചു. പ്രിന്സിപ്പല് ഡോ. ഹാരി ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. പ്രൊഫ. ജോസ് പ്രകാശ്, ഫാ. ആന്റണി അറക്കല്, ഫാ. വിന്സന്റ് നടുവിലപറമ്പില് എന്നിവര് സംസാരിച്ചു. പ്രൊഫ. ജൂഡ്മെന്ഡസ്, വിദ്യാര്ത്ഥികളായ അഖില് ജോണ്, ഹിമാ ഡേവിഡ്, ആനി എവറസ്റ്റ്, ഡയാന ജോസഫ് എന്നിവരാണ് പ്രദര്ശനത്തിന് നേതൃത്വം വഹിക്കുന്നത്. പ്രദര്ശനം ബുധനാഴ്ച സമാപിക്കും.
No comments:
Post a Comment