Wednesday 29 January 2014

സയന്‍സ്‌സിറ്റി ഉദ്ഘാടനം ഫിബ്ര.1ന്; ഒരുക്കങ്ങള്‍ തകൃതി


കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി 100 കോടി രൂപ ചെലവില്‍ കുറവിലങ്ങാട് കോഴായില്‍ സ്ഥാപിക്കുന്ന സയന്‍സ് സിറ്റിയുടെ ഉദ്ഘാടനത്തിന് ഒരുക്കങ്ങള്‍ തകൃതി.
ഫിബ്രവരി ഒന്നിന് രാവിലെ 9 ന് കുറവിലങ്ങാട് സെന്റ്‌മേരീസ് ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കേന്ദ്രപ്രതിരോധമന്ത്രി എ.കെ.ആന്‍ണിയാണ് ദക്ഷിണേന്ത്യയിലെ ആദ്യ സയന്‍സ് സിറ്റിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുക.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം ആറുസംസ്ഥാന മന്ത്രിമാരും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണനും ജില്ലയിലെ എം.പി.മാരും എം.എല്‍.എമാരും പങ്കെടുക്കുന്ന ഉദ്ഘാടനം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് പദ്ധതിയുടെ അണിയറ ശില്പിയായ ജോസ് കെ.മാണി എം.പി.
ഉദ്ഘാടന പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചൊവ്വാഴ്ച കളക്ടറേറ്റില്‍ എ.ഡി.എം. ടി.വി സുഭാഷിന്റെ നേതൃത്വത്തില്‍ അവലോകനയോഗം നടന്നു.
സയന്‍സ് സിറ്റിയുടെ ഒന്നാംഘട്ടത്തില്‍ വാനനിരീക്ഷണകേന്ദ്രം,സ്‌പേസ് തിയേറ്റര്‍, ആധുനിക ശാസ്ത്രത്തിന്റെ ചരിത്രവും വളര്‍ച്ചയും വികാസവും വിശദമാക്കുന്ന പോപ്പുലര്‍ സയന്‍സ് ഗാലറി, ആനിമേഷന്‍, ഗ്രാഫിക്‌സ്, ലേസര്‍ മള്‍ട്ടിമീഡിയ എന്നിവയിലൂടെ ഇന്ററാക്ടീവ് രീതിയില്‍ അവതരിപ്പിക്കുന്ന നൂറിലധികം ശാസ്ത്രതത്വങ്ങളുടെ പ്രദര്‍ശന ഗാലറികള്‍, വാട്ടര്‍ ഫൗണ്ടന്‍ വിത്ത് ലേസര്‍ മള്‍ട്ടിമീഡിയ (വാട്ടര്‍ തീം സയന്‍സ് പാര്‍ക്ക്),മോഷന്‍ സിമുലേറ്റര്‍ സംവിധാനമുള്ള മള്‍ട്ടി ഡൈമണ്‍ഷണല്‍ ത്രില്‍ ഏരിയം, സയന്‍സ് പാര്‍ക്ക്, ത്രീഡി തിയേറ്റര്‍, ഹൈടെക് ക്ലാസ്സുകള്‍, ഫുഡ്‌കോര്‍ട്ട്, സ്റ്റുഡന്റ് റിക്രിയേഷന്‍ സെന്റര്‍, ഓഡിറ്റോറിയങ്ങള്‍, സെമിനാര്‍ ഹാളുകള്‍, ആധുനിക ലൈബ്രറി എന്നിവ സജ്ജീകരിക്കും.


രണ്ടാം ഘട്ടത്തില്‍ റോബോട്ടിക്‌സ്, അസ്‌ട്രോണമി ആന്‍ഡ് എയ്‌റോ സ്‌പേസ്, ഓഷ്യാനോഗ്രഫി, ദിനോസോര്‍ മുതലുള്ള ജീവികളുടെ പരിണാമം വിശദമാക്കുന്ന ഇവലൂഷന്‍ പാര്‍ക്ക്, ബയോ പ്രൊഡക്ട്‌സ് ആന്‍ഡ് റബര്‍ എന്‍വയോണ്‍മെന്റ് ബയോടെക്‌നോളജി, നാനോ ടെക്‌നോളജി തുടങ്ങി വൈവിധ്യമാര്‍ന്ന തീമാറ്റിക് ഗാലറികള്‍, ആകാശ ഗതാഗതം സാധ്യമാക്കുന്ന റോപ് കാര്‍, വൈ-ഫൈ, വൈ മാക്‌സ് സൗകര്യങ്ങളോടുകൂടിയ കാമ്പസ്, അടിസ്ഥാന ശാസ്ത്രപരീക്ഷണശാലകള്‍, ഹാം റേഡിയോ/ അമച്വര്‍ റേഡിയോ സ്റ്റേഷന്‍, സഞ്ചരിക്കുന്ന ശാസ്ത്രപ്രദര്‍ശന യൂണിറ്റുകള്‍, ലേസര്‍ പ്രദര്‍ശനങ്ങള്‍, ശാസ്ത്ര ഉദ്യാനങ്ങള്‍, വാക്‌വേ മ്യൂസിയം, അക്വേറിയം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍ എന്നിവയുണ്ടാകും.

No comments:

Post a Comment