Wednesday, 19 March 2014

കരടുവിജ്ഞാപനം ഇറങ്ങി


കേരളം ആവശ്യപ്പെട്ട പ്രകാരം 3114.3 ചതുരശ്ര കിലോമീറ്റര് പ്രദേശം പരിസ്ഥിതിലോല പ്രദേശങ്ങളില്നിന്നും ഒഴിവാക്കി കസ്തൂരിരംഗന് റിപ്പോര്ട്ടിന്റെ കരടുവിജ്ഞാപനം പൊതുജനാഭിപ്രായത്തിനായി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു. കൃഷിയിടങ്ങള്, ജനവാസകേന്ദ്രങ്ങങ്ങള്, തോട്ടം മേഖലകള് എന്നിവ ഉള്പ്പെടെയുള്ള പ്രദേശങ്ങളാണ് ഒഴിവാക്കിയത്. കരടുവിജ്ഞാപനത്തിന്മേല് അഭിപ്രായമറിയിക്കാന് 60 ദിവസത്തെ സമയമുണ്ട്.

കരടുവിജ്ഞാപനം വൈകുന്നതിലെ ആശങ്ക മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കോണ്ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും പ്രതിരോധമന്ത്രി .കെ. ആന്റണിയെയും അറിയിച്ചിരുന്നു. തുടര്ന്നാണ് ചൊവ്വാഴ്ച വൈകിട്ട് ഇത് പ്രസിദ്ധീകരിച്ചത്. മാര്ച്ച് പത്തിന് ഗസറ്റില് പ്രസിദ്ധീകരിക്കുന്നതിന് അയച്ച കരടാണ് പുറത്തിറക്കിയത്.

പരിസ്ഥിതിലോല മേഖലകളില് പദ്ധതികള്ക്ക് തീരുമാനങ്ങളെടുക്കുമ്പോള് പ്രദേശവാസികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കരട് വിജ്ഞാപനത്തില് വ്യവസ്ഥചെയ്യുന്നു. പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പശ്ചിമഘട്ടത്തിലെ നടപടികള് നിരീക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനും പരിസ്ഥിതിമന്ത്രാലയം പ്രത്യേകസംവിധാനം ഏര്പ്പെടുത്തും. ആറ് സംസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് ഇത് ഏര്പ്പെടുത്തുക.
കരടുവിജ്ഞാപനത്തിലെ നിര്ദേശങ്ങളുടെ നടത്തിപ്പ് സംവിധാനം നിശ്ചിത ഇടവേളകളില് അവലോകനം ചെയ്യും. പരിസ്ഥിതിദുര്ബലപ്രദേശങ്ങളില് അനുമതി ലഭിക്കുന്ന പദ്ധതികളുടെ, പ്രവര്ത്തനം നിരീക്ഷിക്കാനുള്ള ചുമതല സംസ്ഥാനസര്ക്കാറുകള്ക്കും സംസ്ഥാന മലിനീകരണനിയന്ത്രണബോര്ഡുകള്ക്കും ആയിരിക്കും.

കേന്ദ്രപരിസ്ഥിതിമന്ത്രാലയം പാരിസ്ഥിതിക അനുമതി നല്കുന്ന പദ്ധതികളുടെ നടത്തിപ്പ് വര്ഷത്തില് ഒരു തവണയെങ്കിലും പരിസ്ഥിതിമന്ത്രാലയത്തിന്റെ മേഖലാ ഓഫീസുകള് വിലിയിരുത്തും. ജല, വായുമലിനീകരണ നിയന്ത്രണങ്ങള്ക്ക് വിധേയമായി അനുമതി നല്കുന്ന പദ്ധതികള് വര്ഷത്തില് ഒരിക്കലെങ്കിലും പാരിസ്ഥിതിക അവലോകനത്തിന് വിധേയമാക്കണം. സംസ്ഥാനസര്ക്കാറുകള് സംസ്ഥാന ആരോഗ്യ റിപ്പോര്ട്ടുകള് തയ്യാറാക്കണമെന്നും ഇവ പൊതുജനത്തിന്റെ അറിവിലേക്കായി പ്രസിദ്ധീകരിക്കണമെന്നും കരട് വിജ്ഞാപനത്തില് നിര്ദേശിക്കുന്നു.

കേരളത്തിലെ പരിസ്ഥിതിലോലമേഖലകള് ഇല്ലാതെയുള്ള കരട് വിജ്ഞാപനമാണ് പുറത്തിറക്കിയത്. സംസ്ഥാനത്തെ മേഖലകള് സംസ്ഥാന ജൈവവൈവിധ്യ ബോര്ഡിന്റെ വെബ് സൈറ്റില് പ്രസിദ്ധീകരിക്കും. ഇതിന്മേല് 60 ദിവസത്തിനുള്ളില് അഭിപ്രായം ലഭിച്ചശേഷം പുറപ്പെടുവിക്കുന്ന അന്തിമവിജ്ഞാപനത്തില് മാത്രമേ മേഖലകളുടെ അതിരുകള് വ്യക്തമാകൂ.

സംസ്ഥാനസര്ക്കാര് നിയോഗിച്ച ഉമ്മന് വി. ഉമ്മന് സമിതിയുടെ ശുപാര്ശപ്രകാരമാണ് കേരളത്തിലെ 3114.3 ചതുരശ്രകിലോമീറ്റര് പ്രദേശം പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളില്നിന്നും ഒഴിവാക്കപ്പെട്ടത്. കരടുവിജ്ഞാപനത്തിന് ശേഷം സംസ്ഥാനത്തെ പരിസ്ഥിതിലോലമേഖലകളായി കണക്കാക്കുന്ന പ്രദേശം 9993.7 ചതുരശ്രകിലോമീറ്റര് മാത്രമായിരിക്കും. ഇതില് 9107 ചതുരശ്രമീറ്റര് വനമേഖലയാണ്. ശേഷിക്കുന്ന 886.7 ചതുരശ്ര കിലോമീറ്റര്മാത്രമാണ് വനേതരമേഖല. അന്തിമവിജ്ഞാപനം വരുന്നതോടെ, സപ്തംബര് 13-ലെ ഉത്തരവ് പുതുതായി നിലവില്വരുന്ന പരിസ്ഥിതിലോല പ്രദേശങ്ങള്ക്ക് മാത്രമായിരിക്കും ബാധകം. കേന്ദ്രവനം പരിസ്ഥിതി വനംമന്ത്രാലയം നേരത്തേ പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തില് കരട് വിജ്ഞാപനം പുറപ്പെടുവിക്കാന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞയാഴ്ച അനുമതി നല്കിയിരുന്നു.


കേരളത്തിലെ 123 വില്ലേജുകളെയാണ് കസ്തൂരിരംഗന് സമിതി പരിസ്ഥിതിലോല മേഖലയായി കണ്ടെത്തിയിരുന്നത്. ഇത് മൊത്തം 13108 ചതുരശ്ര കിലോമീറ്ററായിരുന്നു. ജനവാസകേന്ദ്രങ്ങള്, തോട്ടം മേഖലകള്, കൃഷിയിടങ്ങള് എന്നിവ ഉള്പ്പെടെയായിരുന്നു ഇത്. ഇവ ഒഴിവാക്കി പരിസ്ഥിതി ലോലമേഖലകള് പുനര്നിര്ണയിക്കണമെന്നായിരുന്നു കേരളം തുടക്കംമുതല് ആവശ്യപ്പെട്ടത്.

No comments:

Post a Comment