Friday, 28 March 2014

കോഴിക്കല്ല് മൂടി; ശ്രീകുരുംബക്കാവ് ചെമ്പട്ടണിഞ്ഞു

കൊടുങ്ങല്ലൂര്: ആചാരാനുഷ്ഠാനങ്ങളുടെ നിറവില് ശ്രീകുരുംബക്കാവില് കോഴിക്കല്ല് മൂടി, വേണാടന്-കടത്തനാടന് കൊടിക്കൂറകള് ഉയര്ത്തി പ്രസിദ്ധമായ ഭരണിമഹോത്സവത്തിന് തുടക്കം കുറിച്ചു.

മീനമാസത്തിലെ തിരുവോണ നാളായ വ്യാഴാഴ്ച പന്തീരടി പൂജകള് കഴിഞ്ഞതോടെ നൂറുകണക്കിന് ഭക്തജനങ്ങളുടെ 'അമ്മേ ശരണം ദേവീ ശരണം' വിളികള്ക്കിടയില് പരമ്പരാഗത അവകാശികളായ തറവാടുകളിലെ കാരണവന്മാരും, പ്രതിനിധികളും ചേര്ന്നാണ് ചടങ്ങുകള് നടത്തിയത്. ഇതോടെ ഭക്തിയുടെ ചെമ്പട്ടണിഞ്ഞ ശ്രീകുരുംബക്കാവ് അശ്വതി കാവുതീണ്ടല് വരെയുള്ള അഞ്ച് നാള് കാളി-ദാരിക യുദ്ധത്തിന്റെ രൗദ്രഭാവം പൂകും.

രാവിലെ 10.30 ന് ഉച്ചപ്പൂജകള് കഴിഞ്ഞതോടെയാണ് വടക്കെ നടയില് കോഴിക്കല്ല് മൂടല് ചടങ്ങുകള്ക്ക് തുടക്കം കുറിച്ചത്. വലിയതമ്പുരാന് രാമവര്മ്മത്തമ്പുരാന്റെ അനുമതിയോടെയാണ് ചടങ്ങുകള് നടന്നത്. നടപ്പന്തലിനോട് ചേര്ന്നുള്ള വൃത്താകൃതിയിലുള്ള കോഴിക്കല്ലുകള് അവകാശികളായ ഭഗവതി വീടിനെ പ്രതിനിധാനം ചെയ്തെത്തിയ രാഗേഷിന്റെയും ധനേഷിന്റെയും നേതൃത്വത്തിലുള്ള സംഘം കുഴികള് കുത്തി അതിലേക്ക് കല്ലുകള് മറിച്ചിട്ട് മൂടി. ഇതിനുശേഷം ഇവിടെ ചെമ്പട്ട് വിരിച്ച് കോഴികളെ സമര്പ്പിക്കാനുള്ള വേദിയൊരുക്കി.
ഇതോടെ കോഴികളുമായി തച്ചോളിത്തറവാടിനെ പ്രതിനിധാനം ചെയ്തു വന്ന സംഘം ക്ഷേത്രനടയിലെത്തി. ബാലക്കുറുപ്പ്, പറമ്പത്ത് രാധാകൃഷ്ണന്, ആയ്ഞ്ചേരി നാരായണക്കുറുപ്പ്, സൂരജ് എന്നിവരടങ്ങിയ സംഘം തച്ചോളിവീട്ടില് നിന്നുള്ള നേര്ച്ചക്കോഴികളുമായി മൂന്ന് തവണ പ്രദക്ഷിണം ചെയ്ത് കോഴികളെ ചെമ്പട്ടില് സമര്പ്പിച്ച് ചടങ്ങ് നടത്തി. തുടര്ന്ന് മറ്റ് ഭക്തജനങ്ങളും കോഴിക്കല്ലില് ചെമ്പട്ടുകളും കോഴികളെയും സമര്പ്പിച്ചു. ഇതോടെ ക്ഷേത്രത്തിന്റെ തെക്ക് കിഴക്കേ കോണുകളില് വേണാടന് കൊടികള് ഉയരുകയും, ക്ഷേത്രനടകളില് ഭണ്ഡാരം വെപ്പ് നടത്തുകയും ചെയ്തു.


ഇനിയുള്ള ദിവസങ്ങളില് കോമരക്കൂട്ടങ്ങളും, ഭരണി ഭക്തജനങ്ങളും ശ്രീകുരുംബക്കാവിലൊഴുകിയെത്തും. ചൊവ്വാഴ്ചയാണ് തൃച്ചന്ദനച്ചാര്ത്ത് പൂജയും അശ്വതി കാവ്തീണ്ടലും. ബുധനാഴ്ചയാണ് ഭരണിയുത്സവം. തൃച്ചന്ദന പൂജകള്ക്കായി ക്ഷേത്രനടകളടച്ചാല് പിന്നീട് നടതുറപ്പ് ദിവസമായ ഏപ്രില് എട്ടിന് മാത്രമാണ് ഭക്തജനങ്ങള്ക്ക് ദര്ശനാനുമതി. ചടങ്ങുകള്ക്ക് കൊച്ചിന് ദേവസ്വം ബോര്ഡ് ചെയര്മാന് എം.പി.ഭാസ്ക്കരന് നായര്, ദേവസ്വം സ്പെഷല് കമ്മീഷണര് ഹരിദാസ്, ദേവസ്വം സെക്രട്ടറി വി. രാജലക്ഷ്മി, ദേവസ്വം അസി. കമ്മീഷണര് സലീല് കുമാര്, ദേവസ്വം മാനേജര് സുനില് കര്ത്ത, ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളായ ടി. സുന്ദരേശന്, ഇറ്റിത്തറ സന്തോഷ് എന്നിവര് നേതൃത്വം നല്കി.

1 comment:

  1. Jackpotcity casino site | luckyclub.live
    JackpotCity casino site | JackpotCity casino site. Jackpotcity casino site. Jackpotcity casino site. Jackpotcity casino site. Jackpotcity casino site. Jackpotcity casino site. Jackpotcity casino luckyclub

    ReplyDelete