Thursday, 20 March 2014

ശ്രീലകം വിട്ട് കണ്ണന്റെ പള്ളിയുറക്കം ഇന്ന്; ക്ഷേത്രസന്നിധി നിശ്ശബ്ദം

ഗുരുവായൂര്‍: ശ്രീലകം വിട്ട് പുറത്ത് നമസ്‌കാരമണ്ഡപത്തിലാണ് വ്യാഴാഴ്ച ഗുരുവായൂരപ്പന്റെ പള്ളിയുറക്കം. ഉറങ്ങാത്ത ക്ഷേത്രസന്നിധി വ്യാഴാഴ്ച രാത്രി നിശ്ശബ്ദതയിലമരും.പള്ളിവേട്ട കഴിഞ്ഞ് അശുദ്ധിയായതിനാല്‍ ക്ഷീണിതനായി എത്തുന്ന ഗുരുവായൂരപ്പന്‍ ശ്രീലകത്ത് പ്രവേശിക്കില്ല. ശ്രീകോവിലിനുമുന്നിലെ നമസ്‌കാരമണ്ഡപമാണ് പള്ളിയറ.

മണ്ഡപത്തില്‍ ഇതിനായി ചെറിയ വെള്ളിക്കട്ടിലും പട്ടുമെത്ത, ഉരുളന്‍ തലയിണ എന്നിവയും ഒരുക്കും. ഉത്സവത്തുടക്കത്തില്‍ വിതച്ച ധാന്യങ്ങളുടെ മുളകള്‍ കട്ടിലിനു ചുറ്റും അലങ്കരിച്ച് കാനന പ്രതീതി വരുത്തും. തന്ത്രിയാണ് പള്ളിയുറക്കച്ചടങ്ങ് നടത്തുക. ഗുരുവായൂരപ്പന്‍ ഉറങ്ങുമ്പോള്‍ ക്ഷേത്രവും പരിസരവും പരിപൂര്‍ണ്ണ നിശ്ശബ്ദതയിലായിരിക്കണമെന്ന് ചട്ടമുണ്ട്. സമയമറിയിക്കാന്‍ മണിക്കൂറുകള്‍തോറും അടിക്കുന്ന വലിയമണിപോലും മുഴങ്ങില്ല. പരിചാരകന്മാരുടെ കാല്‍പ്പെരുമാറ്റംപോലും ഉണ്ടാകരുത്. കഴകക്കാര്‍ കാവല്‍ കിടക്കും. പുറത്ത് കലാപരിപാടികളും ഉണ്ടാകില്ല. ആറാട്ടു ദിവസമായ വെള്ളിയാഴ്ച രാവിലെ ആറിന് പശുക്കിടാവിന്റെ കരച്ചില്‍ കേട്ടാണ് ഉണരുക. ഇതിന് പശുക്കുട്ടിയെ നമസ്‌ക്കാരമണ്ഡപത്തിനു സമീപം ഒരുക്കി നിര്‍ത്തും. കണിക്കോപ്പുകളും കണികാണിക്കും. ഉണരുന്ന ഭഗവാനെ അഭിഷേകം ചെയ്ത് അലങ്കരിക്കും. പുരാണം വായിച്ച് കേള്‍പ്പിച്ചതിനുശേഷമേ ശ്രീലകത്തേയ്ക്ക് എഴുന്നള്ളിക്കൂ. എട്ടുമണിയാകും ഭക്തര്‍ക്ക് ദര്‍ശനത്തിന്.

No comments:

Post a Comment