Saturday 29 March 2014

ജനിതക ഗവേഷണത്തില്‍ വിപ്ലവമായി കൃത്രിമ ക്രോമസോം വികസിപ്പിച്ചു

പാരീസ്: കൃത്രിമ ജീവന്‍ സൃഷ്ടിക്കാനുള്ള ജനിതക സാങ്കേതികവിദ്യാ ഗവേഷണത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന കണ്ടെത്തലില്‍ ശാസ്ത്രജ്ഞര്‍ സങ്കീര്‍ണ കോശങ്ങളിലെ ക്രോമസോം പരീക്ഷണശാലയില്‍ നിര്‍മിച്ചു. ചെടികളുെടയും മൃഗങ്ങളുെടയും സ്വഭാവസവിശേഷതകള്‍ ഇഷ്ടാനുസരണം മറ്റി പുനരൂപകല്പന ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് ന്യൂയോര്‍ക്ക് സര്‍വകലാശാലാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിസ്റ്റം ജനിറ്റിക്‌സ് ഗവേഷകരുടെ കണ്ടെത്തല്‍.

മദ്യമുണ്ടാക്കാനുപയോഗിക്കുന്ന യീസ്റ്റ് കോശങ്ങളില്‍ കൃത്രിമമായി നിര്‍മിച്ച ക്രോമസോമുകള്‍ സന്നിവേശിപ്പിക്കുന്നതില്‍ ഗവേഷകര്‍ വിജയം കണ്ടു. യീസ്റ്റ് കോശങ്ങള്‍ സാധാരണ കോശങ്ങളെപ്പോലെ പ്രവര്‍ത്തിച്ചു. മനുഷ്യരുടേതുപോലെ സങ്കീര്‍ണ കോശങ്ങളുള്ള യുക്കാരിയോട്‌സ് വിഭാഗത്തില്‍പ്പെടുന്നവയാണ് യീസ്റ്റ്. നേരത്തെ ലളിത ഘടനയുള്ള ബാക്ടീരിയകളിലെ ഡി.എന്‍.എ.യെ കൃത്രിമമായി ഉണ്ടാക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചിരുന്നു. സയന്‍സ് ജേണലില്‍ ഗവേഷണവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


എല്ലാ ജീവജാലങ്ങളുടേയും ശരീരകോശങ്ങളിലെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഡി.എന്‍.എ. ഉള്‍പ്പെട്ടിരിക്കുന്ന ന്യൂക്ലിയോപ്രോട്ടീന്‍ തന്മാത്രസങ്കലനമാണ് ക്രോമസോമുകള്‍. ഇവയുടെ ഇഴപിരിയലും വേര്‍പെടലും കോശവിഭജനത്തിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ജീവജാലങ്ങളുടെ സ്വഭാവസവിശേഷതകള്‍ മാറ്റിമറിക്കാന്‍ കൃത്രിമ ക്രോമസോം ഉപയോഗിച്ച് നിര്‍മിക്കുന്ന കോശങ്ങള്‍ക്ക് കഴിയും. എന്നാല്‍ ഇതില്‍ അപകടവും പതിയിരിക്കുന്നുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യനും പ്രകൃതിക്കും ഭീഷണിയായേക്കാവുന്ന ജീവികളെ സൃഷ്ടിക്കാനും ഈ സാങ്കേതികവിദ്യക്ക് കഴിഞ്ഞേക്കും.

No comments:

Post a Comment