അമ്പലപ്പുഴ: ജനിച്ച് ഇരുപത്തിയഞ്ച് ദിവസം മാത്രം പ്രായമായ ആണ്കുഞ്ഞിന്റെ ശ്വാസനാളത്തില്നിന്ന് ഒരു രൂപ നാണയവും അന്നനാളത്തില്നിന്ന് റബ്ബറിന്റെ കഷണവും സ്കെച്ച് പേനയുടെ അടപ്പും പുറത്തെടുത്തു. ആലപ്പുഴ മെഡിക്കല് കോളേജ് ആസ്പത്രിയില് വെള്ളിയാഴ്ച രാവിലെ വീഡിയോ എന്ഡോസ്കോപ്പിയിലൂടെയാണ് ഇവ പുറത്തെടുത്തത്. ന്യൂമോണിയ ബാധിച്ച കുഞ്ഞിപ്പോള് നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലാണ്. കുഞ്ഞിന്റെ ശരീരത്തിനുള്ളില് നാണയവും മറ്റും എത്തിയതിനെക്കുറിച്ച് അവ്യക്തത നിലനില്ക്കുകയാണ്.
ആലപ്പുഴ കലവൂരിലെ ശ്രീജിത്തിന്റെയും ശ്രീരേഖയുടേതുമാണ് കുഞ്ഞ്. ഈ മാസം മൂന്നിന് ആലപ്പുഴ കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിയിലാണ് ശ്രീരേഖ ആണ്കുഞ്ഞിന് ജന്മം നല്കിയത്. ശ്രീരേഖയുടെ വീട്ടിലായിരുന്നു അമ്മയും കുഞ്ഞും. കുഞ്ഞ് പാല് കുടിക്കാതിരിക്കുകയും ശ്വാസം മുട്ടല് അനുഭവപ്പെടുകയും പനി പിടിപെടുകയും ചെയ്തതിനെത്തുടര്ന്ന് ചൊവ്വാഴ്ച മെഡിക്കല് കോളേജ് ആസ്പത്രിയിലെ നവജാത ശിശുവിഭാഗത്തില് കൊണ്ടുവന്നു.
തുടര്ച്ചയായി എക്സ് റേ എടുത്ത് പരിശോധിച്ചപ്പോഴാണ് ശ്വാസനാളത്തിലും അന്നനാളത്തിലും എന്തോ കുടുങ്ങിയിരിക്കുന്നതായി ഡോക്ടര്മാരുടെ ശ്രദ്ധയില്പ്പെട്ടത്. കുട്ടികളുടെ ശസ്ത്രക്രിയാ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. എം.കെ. അജയകുമാറിന്റെ നേതൃത്വത്തില് വെള്ളിയാഴ്ച രാവിലെ രണ്ടു മണിക്കൂര് കൊണ്ടാണ് നാണയവും മറ്റും വീഡിയോ എന്ഡോസ്കോപ്പിയിലൂടെ പുറത്തെടുത്തത്. ഒരു രൂപയുടെ സ്റ്റീല് നാണയം ശ്വാസനാളത്തില് തൊണ്ടയില് കുടുങ്ങിയ നിലയിലായിരുന്നു. ഇത് അണുബാധയ്ക്കും ഇടയാക്കിയിരുന്നു. മായ്ക്കാനുപയോഗിക്കുന്ന റബ്ബറിന്റെ ചെറിയ കഷണവും സ്കെച്ച്പേനയുടെ അടപ്പുമാണ് അന്നനാളത്തില്നിന്നെടുത്തത്.
No comments:
Post a Comment