Thursday 9 January 2014

കണ്ണൂര്‍ക്കരയില്‍ കിണറ്റില്‍ പുലി


വീട്ടുകിണറില്‍ വീണ പുള്ളിപ്പുലിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനു ശേഷം മയക്കുവെടിവെച്ച് പുറത്തെത്തിച്ചു.ഒഞ്ചിയം ഗ്രാമപ്പഞ്ചായത്തിലെ കണ്ണൂക്കര പൊടിക്കളത്ത് സുനാമി ഫ്ലാറ്റിനുസമീപത്തെ മൂസാന്റെ പറമ്പത്ത് ജമീലയുടെ വീടിനോടുചേര്‍ന്നുള്ള കിണറിലാണ് ബുധനാഴ്ച രാവിലെ പുലിയെ കണ്ടത്. ഫോറസ്റ്റ്‌വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ഒമ്പതുമണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് പുലിയെ രക്ഷപ്പെടുത്തിയത്.

മൂന്നുവയസ്സുള്ള ആണ്‍പുലിയെ പറമ്പിക്കുളം വനമേഖലയില്‍ തുറന്നുവിടാനായി ബുധനാഴ്ച രാത്രി കൊണ്ടുപോയി.രാവിലെ ഒമ്പതരയോടെ അയല്‍വാസിയായ വലിയമാടാക്കര സറീനയാണ് വെള്ളം കോരുമ്പോള്‍ കിണറില്‍ പുലിയെ കണ്ടത്.

സറീന ഭയന്നുനിലവിളിച്ചതിനെത്തുടര്‍ന്ന് ഓടിയെത്തിയ വീട്ടുകാരും സമീപവാസികളുമെല്ലാം പരിഭ്രാന്തരായി. ഒരുമണിക്കൂറിനുള്ളില്‍ പോലീസും പിന്നാലെ ഫയര്‍ഫോഴ്‌സും വനംവകുപ്പുദ്യോഗസ്ഥരും എത്തി.

18 മീറ്ററോളം താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറിന്റെ പടവിനോടുചേര്‍ന്ന് മണ്ണിടിഞ്ഞ് രൂപപ്പെട്ട പൊത്താണ് പുലി താവളമാക്കിയത്. മൂന്നു മണിയോടെ കിണറിലെ വെള്ളം പമ്പുചെയ്ത് വറ്റിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് വെറ്ററിനറി സര്‍ജന്‍ എത്തി 5.10-ഓടെയാണ് പുലിയെ കരയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. രണ്ടുതവണ മയക്കുവെടിവെച്ചാണ് പുലിയെ മയക്കിയത്.

കിണറില്‍ പുലി, പുറത്ത് ആള്‍ക്കടല്‍; കണ്ണൂക്കരയ്ക്ക് ആകാംക്ഷയുടെ പുലിദിനം

വടകര: ഉദ്വേഗത്തിന്റെ പകലായിരുന്നു കണ്ണൂക്കരയ്ക്ക് ബുധനാഴ്ച. ജനവാസ കേന്ദ്രത്തിലെ വീട്ടു കിണറില്‍ പുള്ളിപ്പുലി വീണെന്ന വാര്‍ത്ത പൊടിക്കളം പ്രദേശത്തെയാകെ ഒമ്പതുമണിക്കൂറിലേറെ നേരം ആകാംക്ഷയുടെ മുനയില്‍ നിര്‍ത്തി. കിണറിലെ വെള്ളത്തിനും പുറത്തെ ആള്‍ക്കടലിനും ഇടയില്‍ കുടുങ്ങിയ ആണ്‍ പുലി ഒമ്പതരമണിക്കൂറിനുശേഷം ബോധമറ്റ് കൂട്ടിലായതോടെയാണ് ഗ്രാമത്തിന് ശ്വാസം നേരെവീണത്.

9.30-ന് വെള്ളം വലിക്കുന്നതിനിടെ പുലിയെക്കണ്ട് വലിയമാടാക്കര സറീന നിലവിളിച്ച നിമിഷം മുതല്‍ സന്ധ്യ വീഴും വരെ അണമുറിയാത്ത ജനപ്രവാഹമായിരുന്നു സുനാമി ഫ്ലാറ്റിനടുത്ത മൂസാന്റെ പറമ്പത്തേക്ക്.

കിണറില്‍ പുലിയെക്കണ്ടതിന്റെ ഞെട്ടല്‍ വൈകുന്നേരമായിട്ടും സറീനയുടെ മുഖത്ത് നിന്ന് മാഞ്ഞിട്ടില്ല. തൊട്ടി താഴേക്കിട്ടപ്പോള്‍ പുലിയുടെ വാലില്‍ കൊണ്ടപ്പോഴാണ് കിണറില്‍ നിന്ന് അലര്‍ച്ച കേട്ടതെന്ന് സറീന പറഞ്ഞു. കിണറിന്റെ പടിയില്‍ പുലിയിരിക്കുന്നതു കണ്ടതോടെ നിലവിളിയോടെ അവര്‍ ഓടി. നിലവിളി ശബ്ദം കേട്ട് വീട്ടുകാരും അയല്‍ക്കാരുമെത്തി. നിമിഷങ്ങള്‍ കൊണ്ടുതന്നെ പറമ്പും പരിസരവും ജനസാഗരമായി. തലേന്ന് രാത്രി അസ്വാഭാവികമായ ശബ്ദമൊന്നും കേട്ടിട്ടില്ലെന്ന് വീട്ടുകാരി ജമീല പറഞ്ഞു.

ആള്‍മറയില്ലാത്ത കിണറില്‍ പുലിയെ കാണാന്‍ തിക്കും തിരക്കുമായതോടെ സി.ഐ. കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വടം കെട്ടി തിരിച്ച് തിരക്കുനിയന്ത്രിച്ചു. ഇതിനിടിയില്‍ ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അപ്പോഴേക്കും സമീപത്തെ വീടിന്റെയും മരങ്ങളുടെയും മുകളില്‍വരെ കാഴ്ചക്കാര്‍ സ്ഥാനം പിടിച്ചു. പല ഭാഗങ്ങളില്‍ നിന്നും പുലിയെ കാണാനായി നൂറു കണക്കിന് വാഹനങ്ങളെത്തിയതോടെ ഇവിടേക്കുള്ള രണ്ടു റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു.

മുന്നു മണിയോടെ കിണറിലെ വെള്ളം പമ്പു ചെയ്ത് വറ്റിച്ചു. താമരശ്ശേരിയില്‍ നിന്ന് പുലിയെ കൊണ്ടു പോവാനുള്ള കൂടെത്തി. പിന്നെ ഫോറസ്റ്റ് വെറ്ററിനറി സര്‍ജനും സംഘത്തിനും വേണ്ടിയുള്ള കാത്തിരിപ്പായി. 5.10-ഓടെ അതിനു വിരാമമായി. അരുണ്‍ സക്കറിയയും സംഘവും സ്ഥലത്തെത്തിയതോടെ തടിച്ചുകൂടിയ ജനങ്ങള്‍ ഒന്നുകൂടി ഇരമ്പിയാര്‍ത്തു. ഏറെ സൂക്ഷ്മമായി ചെയ്യേണ്ട രക്ഷാപ്രവര്‍ത്തനത്തെ പലപ്പോഴും നാട്ടുകാരുടെ ബഹളം തടസ്സപ്പെടുത്തുകയും ചെയ്തു.

5.32-ന് ആദ്യ റൗണ്ട് മയക്കുവെടി പൊട്ടി. കിണറിന്റെ കരയില്‍ കിടന്നാണ് ആദ്യ വെടിയുതിര്‍ത്തത്. വെടിയേറ്റിട്ടും മയങ്ങാത്ത പുലിക്കുനേരേ അദ്ദേഹം വലയില്‍ കിണറിലിറങ്ങി രണ്ടാമത്തെ വെടിയുതിര്‍ത്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനക്കൂട്ടം ഇരമ്പിയാര്‍ക്കുന്നതിനിടെ 6.42-ന് വലയില്‍കുരുങ്ങിയ പുലിയെ കൂട്ടിലടച്ചു.

തിരക്ക് നിയന്ത്രിക്കാന്‍ ഈ സമയത്ത് പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. പുലിയെ കാണാനുള്ള തള്ളലിനിടെ വീണ് പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. കൂട്ടിലടച്ച പുലിയെ വടകര ഫയര്‍ സ്റ്റേഷനിലും പിന്നീട് മാത്തോട്ടം വനശ്രീയിലുമെത്തിച്ച ശേഷമാണ് പറമ്പിക്കുളത്തേക്ക് കൊണ്ടുപോയത്.

ഫ്ലയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. ജോസ് മാത്യു, കോഴിക്കോട് ഡി.എഫ്.ഒ. ഡോ. ആടല്‍ അരശന്‍, കുറ്റിയാടി റെയ്ഞ്ച് ഓഫീസര്‍ പി. പവിത്രന്‍, ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍മാരായ സദാനന്ദന്‍, രവീന്ദ്രന്‍, ഫ്ലയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ കെ. സുനില്‍ കുമാര്‍, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. എ.എസ്.പി. യതീഷ് ചന്ദ്ര പോലീസ് സന്നാഹങ്ങള്‍ക്ക് നേതൃത്വം നല്‍കാനെത്തി. സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്റെ നേതൃത്വത്തിലാണ് ഫയര്‍ ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് പി. ജയരാജന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കോട്ടയില്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും തഹസില്‍ദാര്‍ ടി. ജനില്‍കുമാര്‍ തുടങ്ങിയവരും സ്ഥലത്തെത്തി.

No comments:

Post a Comment