Tuesday 14 January 2014

മറവിരോഗത്തിന് മരുന്ന്; മലയാളിക്ക് അന്താരാഷ്ട്ര പുരസ്‌കാരം

അല്‍ഷിമേഴ്‌സ് , പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ ന്യൂറോളജിക്കല്‍ രോഗങ്ങളുടെ ചികിത്സാരംഗത്ത് വന്‍ വിപ്ലവം സൃഷ്ടിക്കാവുന്ന കണ്ടുപിടിത്തത്തിന് മലയാളി യുവശാസ്ത്രജ്ഞന് രാജ്യാന്തര പുരസ്‌കാരം. നല്ലെണ്ണയിലെ രാസഘടകങ്ങള്‍ വേര്‍തിരിച്ച് മണിപ്പാല്‍ സര്‍വകലാശാലയിലെ ഫാര്‍മക്കോളജി വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ മാധവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നേട്ടം കൈവരിച്ചത്.

നല്ലെണ്ണയില്‍ അടങ്ങിയിരിക്കുന്ന രാസഘടകമായ 'സെസമോള്‍' ഉപയോഗിച്ച് എലികളില്‍ നടത്തിയ പരീക്ഷണം വിജയമായി. ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് നിയന്ത്രിച്ച് അതുമൂലമുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാമെന്നാണ് കണ്ടെത്തല്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍നടന്ന ഇരുപതാമത് ലോക പാര്‍ക്കിന്‍സണ്‍സ് കോണ്‍ഗ്രസില്‍ യുവശാസ്ത്രജ്ഞനുള്ള പുരസ്‌കാരം മാധവന്‍ നമ്പൂതിരി കരസ്ഥമാക്കി. 88രാജ്യങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികളാണ് കോണ്‍ഗ്രസില്‍ പങ്കെടുത്തത്.

പുതിയ ജീവിതശൈലിയും ഭക്ഷണക്രമവും കാരണം ശരീരത്തില്‍ കൊഴുപ്പ് അമിതമായി അടിയുന്നു. അധികമാകുന്ന കൊളസ്‌ട്രോള്‍ തലച്ചോറിലെ ന്യൂറോണുകളുടെ പ്രവര്‍ത്തനം താറുമാറാക്കി അല്‍ഷിമേഴ്‌സ് പോലുള്ള മസ്തിഷ്‌ക രോഗങ്ങള്‍ക്ക് കാരണമാകുകയുംചെയ്യുന്നു. പുതിയ കണ്ടെത്തല്‍വഴി ഇത്തരം രോഗങ്ങളെ ചെറുക്കാനുള്ള മരുന്ന് തയ്യാറാക്കാനാകും.

നാല് വര്‍ഷമായി മണിപ്പാല്‍ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ അധ്യാപകനായ മാധവന്‍ നമ്പൂതിരി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് ബിരുദവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഫാര്‍മക്കോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയശേഷമാണ് ഗവേഷണത്തിലേക്ക് തിരിഞ്ഞത്.

കീടനാശിനികള്‍ കരളിലും വൃക്കയിലും ഉണ്ടാക്കുന്ന ദോഷഫലങ്ങളുടെ പ്രബന്ധാവതരണത്തിന് മലേഷ്യയില്‍ നടന്ന ഏഷ്യാ പസഫിക് ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ അവാര്‍ഡ് നേടി. ദുബായിയിലും തായ്‌ലന്‍ഡിലുമെല്ലാം ശാസ്ത്ര സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് വിരമിച്ച ഡെപ്യൂട്ടി രജിസ്ട്രാര്‍ ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരിയുടെയും ഉഷാദേവിയുടെയും മകനാണ് മാധവന്‍. ഭാര്യ കവിത കെ. നമ്പൂതിരി. 

No comments:

Post a Comment