Tuesday 14 January 2014

മകരവിളക്ക് ഇന്ന്

മലമടക്കുകള്‍ക്കുതാഴെ ശബരിമല കറുപ്പും കാവിയുമണിഞ്ഞു. ദിവസങ്ങളായി ഭക്തര്‍ കാത്തിരുന്ന നിമിഷങ്ങള്‍ ഇന്ന്. ചൊവ്വാഴ്ച മകരവിളക്ക്.

തീര്‍ത്ഥാടനകാലത്തെ ഏറ്റവും പ്രധാനചടങ്ങിന് ശബരിമലയിലെ ഭക്തസമൂഹം ഇന്ന് സാക്ഷിയാകും. അയ്യപ്പന്റെ പൂങ്കാവനം തീര്‍ത്ഥാടകരെക്കൊണ്ട് നിറഞ്ഞു. ശബരിമലയും മകരജ്യോതി കാണാവുന്ന ഇടങ്ങളും പോലീസിന്റെ സുരക്ഷാവലയത്തില്‍. ജ്യോതി തെളിയുന്ന പൊന്നമ്പലമേടിന് പ്രത്യേകസുരക്ഷ.

ചൊവ്വാഴ്ച പകല്‍ 1.14ന് മകരസംക്രമപൂജയും അഭിഷേകവും നടക്കും. വൈകീട്ടത്തെ ദീപാരാധനയും കഴിഞ്ഞ് കമരജ്യോതി കണ്ടുവണങ്ങാന്‍ കാത്തിരിക്കുകയാണ് തീര്‍ത്ഥാടകര്‍. മരച്ചുവടുകളിലും മലഞ്ചെരിവുകളിലും പര്‍ണശാലകള്‍ നിറഞ്ഞു. ഭക്തര്‍ക്ക് ഒരേയൊരു ലക്ഷ്യം-ദീപാരാധന, മകരജ്യോതി.

പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയാത്ര വലിയാനവട്ടം പിന്നിട്ട് വൈകീട്ട് ശരംകുത്തിവഴി പതിനെട്ടാംപടിക്കലെത്തും. കൊടിമരച്ചുവട്ടില്‍ ദേവസ്വം പ്രസിഡന്റ്, അംഗങ്ങള്‍, മന്ത്രിമാര്‍ എന്നിവര്‍ തിരുവാഭരണപ്പെട്ടി സ്വീകരിച്ച് ശ്രീകോവിലിനു സമീപമെത്തിക്കും. തന്ത്രി കണ്ഠര് മഹേശ്വരര്, മേല്‍ശാന്തി പനങ്ങാറ്റമ്പിളിമന പി.എന്‍.നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ഭഗവാനുചാര്‍ത്തി ദീപാരാധന നടത്തും. മാളികപ്പുറത്ത് മേല്‍ശാന്തി പി.എം.മനോജ് എമ്പ്രാന്തിരിയാണ് ദീപാരാധന നടത്തുക. ദീപാരാധനകള്‍ക്കു പിന്നാലെ, അയ്യപ്പന്റെ മൂലസ്ഥാനമായ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

ക്ഷേത്രത്തിലെ അവസാന ഒരുക്കമായ ശുദ്ധിക്രിയകള്‍ തിങ്കളാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി. ചതുശ്ശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, 25 കലശം എന്നിയായിരുന്നു ബിംബശുദ്ധിക്രിയാ ചടങ്ങുകള്‍. ചൊവ്വാഴ്ച സംക്രമപൂജയ്ക്കായി 11.45 ഓടെ ഉച്ചപ്പൂജ നടത്തും.

കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് ദൂതന്‍വശം കൊടുത്തുവിട്ട നെയ്യാണ് അഭിഷേകത്തിന് ഉപയോഗിക്കുക. പമ്പസദ്യയും വിളക്കും നടന്ന പമ്പ ഭക്തിപാരവശ്യത്തില്‍ പ്രഭാപൂരിതമായി.

ശബരിമലയാകെ സുരക്ഷാ ക്യാമറകളുടെ വലയത്തിലാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി സുരക്ഷയ്ക്ക് 9000 പോലീസുണ്ട്. ശബരിമലയില്‍ മാത്രം നാലായിരത്തിലധികം പേര്‍. പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എ.ഡി.ജി.പി. എ.ഹേമചന്ദ്രന്‍ സന്നിധാനത്തും എ.ഡി.ജി.പി. കെ.പത്മകുമാര്‍ പുല്‍മേട്ടിലും തങ്ങുന്നു. പോലീസ് നിയന്ത്രണത്തിലാകും ഇനി തീര്‍ത്ഥാടകര്‍. ഇവര്‍ക്ക് മടങ്ങാന്‍ പമ്പയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. 1000 ബസ്സുകള്‍ ഓടിക്കും.

No comments:

Post a Comment