Monday 13 January 2014

വിഷംകൊടുത്ത് പതിനഞ്ചു കുരങ്ങുകളെ കൊന്നു

ഫ്യൂരിഡാന്‍ കലര്‍ത്തിയ ആഹാരം നല്‍കി പാലോട്ട് പതിനഞ്ചോളം കാട്ടുകുരങ്ങുകളെ കൊന്നു. ഒരാളുടെ പുരയിടത്തില്‍ ഒളിപ്പിച്ച ഏഴു കുരങ്ങുകളുടെ ശവശരീരം വനപാലകരുടെ അന്വേഷണത്തില്‍ കണ്ടെടുത്തു. മരണത്തിലും മക്കളെ മാറത്തൊതുക്കിയ അമ്മക്കുരങ്ങിന്റെ കാഴ്ച വേദനയായി. പാലോട് റേഞ്ച് ഓഫീസ് പരിധിയില്‍പ്പെട്ട ജവഹര്‍ കോളനി സേനാനിപുരത്താണ് സംഭവം.

കുരങ്ങുകളെ വിഷംകൊടുത്തു കൊന്ന സംഭവത്തില്‍ സേനാനിപുരത്തെ കരാര്‍ തൊഴിലാളിയെ സംശയിക്കുന്നതായി റേഞ്ച് ഓഫീസര്‍ അബ്ദുല്‍ ജലീല്‍ പറഞ്ഞു. മുന്‍പും ഇയാള്‍ കാട്ടുമൃഗങ്ങളെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയോടെയാണ് ഈ പ്രദേശത്ത് കാട്ടുകുരങ്ങുകള്‍ ചത്തുവീണു തുടങ്ങിയത്. വൈകുന്നേരത്തോടെ നാലു കുരങ്ങുകളെ പ്രദേശവാസിയായ ഒരാള്‍ എടുത്തുകൊണ്ടുപോകുന്നത് കണ്ട നാട്ടുകാരാണ് വിവരം പാലോട് റേഞ്ച് ഓഫീസറെ അറിയിച്ചത്.

ഏഴു വയസ്സുമുതല്‍ ആറു മാസം വരെ പ്രായമുള്ള കുരങ്ങുകളാണ് ചത്തത്. അഞ്ചു വലിയ കുരങ്ങുകളും രണ്ടു കുട്ടിക്കുരങ്ങന്മാരുമാണ് ചത്തുകിടന്നത്. കുരങ്ങന്മാരുടെ മരണകാരണം വിശകലനം ചെയ്യുന്നതിനായി ശവശരീരങ്ങള്‍ പാലോട് വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് മാറ്റി. വനം/വന്യജീവി നിയമം അനുസരിച്ച് ഷെഡ്യൂള്‍ മൂന്നില്‍ ഉള്‍പ്പെടുന്ന ജീവിയാണ് കാട്ടുകുരങ്ങ്. ഇവയെ കൊല്ലുന്നത് മൂന്നുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ഈടാക്കാവുന്ന കുറ്റമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

സേനാനിപുരത്ത് കുരങ്ങുകളെ കൂട്ടക്കുരുതി നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഡി.എഫ്.ഒ. ഉമ തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിക്കും. 

No comments:

Post a Comment