Wednesday 22 January 2014

ടി.പി വധക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാര്‍

കേരളം കാത്തിരുന്ന ആ വിധി പ്രഖ്യാപിച്ചു. ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു. ഏഴംഗ കൊലയാളി സംഘത്തിന് പുറമെ ഗൂഢാലോചനയില്‍ പങ്കാളികളായ മൂന്ന് സി.പി.എം നേതാക്കളും കുറ്റക്കാരാണെന്ന് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. നാരായണപിഷാരടി കണ്ടെത്തി

കൊലയാളി സംഘത്തില്‍ പെട്ട ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളായ എം.സി. അനൂപ്,കിര്‍മ്മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ.ഷിനോജ് എന്നിവര്‍ക്ക് പുറമെ സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കോഴിക്കോട് കുന്നുമ്മക്കര ജയസുര വീട്ടില്‍ കെ.സി.രാമചന്ദ്രന്‍, സി.പി.എം കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി കണ്ണൂര്‍ തുവ്വക്കുന്ന് കൊളവല്ലൂര്‍ ചെറുപറമ്പ് വടക്കെയില്‍ വീട്ടില്‍ ട്രൗസര്‍ മനോജന്‍, സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പാനൂര്‍ കണ്ണങ്ങോട് കുന്നോത്ത്പറമ്പ് കൊളവല്ലൂര്‍ കേളോത്തന്റവിട് പി.കെ.കുഞ്ഞനന്തന്‍, മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി.വി.റഫീഖ് എന്ന വാഴപ്പടച്ചി റഫീഖ്, കണ്ണൂര്‍ ചൊക്ലി മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ.പ്രദീപന്‍ എന്ന ലംബു പ്രദീപന്‍ എന്നിവരാണ് കുറ്റക്കാര്‍. 

ഇവര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും.


സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കോഴിക്കോട് കക്കട്ടില്‍ പൂക്കോട്ട് വീട്ടില്‍ പി.മോഹനന്‍ എന്ന മോഹനനന്‍ മാസ്റ്റര്‍, സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം കുന്നുമ്മക്കര കടത്തലക്കണ്ടി വീട്ടില്‍ കെ.കെ.കൃഷ്ണന്‍, സി.പി.എം കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം കണ്ണൂര്‍ കുന്നോത്തുപറമ്പ് ചെറുപറമ്പ് കൃഷ്ണനിവാസില്‍ ജ്യോതി ബാബു എന്നിവരുള്‍പ്പടെ 24 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തരാക്കി. നേരത്തെ രണ്ട് ഘട്ടങ്ങളിലായി 22 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.


ടി.പി. വധം കേരളം ചര്‍ച്ചചെയ്ത് തുടങ്ങി 628 ാം ദിവസം വിധി വരുമ്പോള്‍ ഈ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ചിരുന്ന സി.പി.എം നേതൃത്വവും പാര്‍ട്ടിയും മൂന്നു നേതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ പ്രതിക്കൂട്ടിലാകുകയാണ്. എട്ട് സി.പി.എം നേതാക്കളാണ് പ്രതിപട്ടികയില്‍ അവസാനമുണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി പി മോഹനന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തനാക്കിയത് പാര്‍ട്ടിക്ക് ആശ്വാസമായി.

76 പ്രതികളും 286 പ്രോസിക്യൂഷന്‍ സാക്ഷികളും 582 രേഖകളും വാളും ഇന്നോവ കാറുമുള്‍പ്പെടെ 105 തൊണ്ടിമുതലും ഉള്‍പ്പെടുത്തി ആയിരത്തോളം പേജുള്ള കുറ്റപത്രമാണ് കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. സന്തോഷ് സമര്‍പ്പിച്ചത്. അന്വേഷണത്തിന് വിരാമമിട്ട് 2012 ആഗസ്ത് 13-ന് 76 പേരെ പ്രതിചേര്‍ത്ത് വടകര മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സെഷന്‍സ് കോടതിയിലേക്ക് എത്തിയ ഈ കേസില്‍ 2013 ഫിബ്രവരി 11-ന് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേകകോടതിയില്‍ വിചാരണ ആരംഭിച്ചു. 2013 ഡിസംബര്‍ 20വരെ നീണ്ടുനിന്ന വിചാരണയ്ക്കിടെ 56 പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറി.

No comments:

Post a Comment