പച്ചയായ ജീവിതത്തിന്റെ ദൃശ്യാവിഷ്കാരം എന്നത് ഏതൊരു സിനിമയെക്കുറിച്ചും പറഞ്ഞ് പഴകിപ്പോയ ഒരു പ്രശംസാവാക്യമാണ്. പക്ഷേ, ഇടുക്കിയുടെ പച്ചപ്പിനെ 'ദൃശ്യ'മാധ്യമമാക്കിക്കൊണ്ട്, കണ്ണടയ്ക്കേണ്ട യാഥാര്ഥ്യങ്ങളിലേക്കും കണ്തുറക്കേണ്ട വസ്തുതകളിലേക്കും ദൃശ്യഭാഷ ഒരുക്കുകയാണ് ജിത്തു ജോസഫ് എന്ന സംവിധായകന്.സുപരിചിതവും സാധാരണഗതിയിലുള്ളതുമായ ഒരു കുടുംബകഥ. അതിന് അസാധാരണമായ ദാര്ശനിക മാനം നല്കി ന്യൂ ജനറേഷന് സാങ്കേതികതകളിലൂടെ അവതരിപ്പിക്കാനായെന്നതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.
മലയോര മേഖലയിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ കൃഷിയും ചില ചെറുകിട ബിസിനസ്സ് സംരംഭങ്ങളുമായി കുടുംബസമേതം കഴിഞ്ഞുകൂടുന്ന നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള കഥാനായകന്‍. ചെറിയ കുറുമ്പുകളോടെ ഗൃഹനാഥ. മാലാഖമാരെപ്പോലെ രണ്ടു കുട്ടികള്‍. ശാന്തമായ ഒരു നദിപോലൊഴുകുന്ന അവരുടെ ജീവിതത്തെ വല്ലാതെ നിറംപിടിപ്പിക്കാതെ മിതമായി അവതരിപ്പിച്ചുകൊണ്ടാണ് ദൃശ്യത്തിന്റെ ആദ്യപകുതി കടന്നുപോകുന്നത്. തങ്ങളുടേതല്ലാത്ത തെറ്റിന് തങ്ങള്‍ ഇരയാവുമെന്ന സാഹചര്യത്തില്‍ അതിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനിറങ്ങുകയാണ് ആ കുടുംബം.
ഇടവേളവരെ മുന്‍പു കണ്ടുപരിചയിച്ച സന്ദര്‍ഭങ്ങളുമായി മനഃപൂര്‍വമെന്നോണമുള്ള മന്ദഗതിയോടെ മുന്നേറുകയാണ് സംവിധായകന്‍. എന്നാല്‍ തുടര്‍ന്ന് ബുദ്ധിപരമായ നീക്കങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ ഓരോ നിമിഷവും ഉറപ്പാക്കി ദൃശ്യത്തെ ജിത്തുജോസഫ് അവിസ്മരണീയമാക്കുന്നു. തല്ലുകൊള്ളുന്നതല്ലാതെ ഒരെണ്ണംപോലും തിരിച്ചുകൊടുക്കാത്ത കേന്ദ്രകഥാപാത്രം. ഒരു മദ്യപാന സീനിനുപോലും ഇടം നല്കാതെ സൃഷ്ടിച്ച സാഹചര്യങ്ങള്‍. പ്രമുഖ ഹാസ്യതാരങ്ങളോ കാര്യമായ കോമഡിയോ ഇല്ലാതെ തന്നെ ചില നര്‍മരംഗങ്ങള്‍. ഐറ്റം ഡാന്‍സിനോ അടിപൊളി ഗാനങ്ങള്‍ക്കോ പ്രസക്തി നല്കാത്ത ഇവയൊക്കെ ഈ ചിത്രത്തിന്റെ ന്യൂനതകളല്ല.മേന്മ തന്നെയാണ്. ഇങ്ങനെ ഒരു ഹിറ്റ് ചിത്രത്തിന്റെ പതിവ് ചിട്ടവട്ടങ്ങളോ സൂത്രവാക്യങ്ങളോ ഇല്ലാത്തതാകും ഒരു പക്ഷേ, ദൃശ്യത്തെ വേറിട്ട അനുഭവമാക്കുന്നത്.
അതിമാനുഷികത്വം ഒട്ടുമില്ലാത്ത തികച്ചും സാധാരണക്കാരാനായ പ്രായത്തിനനുസരിച്ചുള്ള മോഹന്‍ലാലിനെയാണ് ജോര്‍ജുകുട്ടിയിലൂടെ കാണാനാവുന്നത്. മികച്ച കഥാപാത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുന്നവിധം ജോര്‍ജുകുട്ടിയെ തനതായ സവിശേഷതകളോടെ ഭംഗിയാക്കാന്‍ മോഹന്‍ലാലിനു കഴിഞ്ഞു. കാര്യമായ നേട്ടങ്ങളില്ലാതെ കടന്നുപോവുന്ന വര്‍ഷത്തെ 'ദൃശ്യ' ത്തിലൂടെ തന്റേതുകൂടിയാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
അഴകുള്ള വീട്ടമ്മയായി മീനയും സാന്നിധ്യമുറപ്പാക്കി. ഹാസ്യവേഷങ്ങളില്‍ നിന്ന് വേറിട്ട് കലാഭവന്‍ ഷാജോണിന് കോണ്‍സ്റ്റബിള്‍ സഹദേവനെ ശ്രദ്ധേയമാക്കാനായി. ഗീതാ പ്രഭാകര്‍ കജട ആയി ആശാശരത് ശക്തമായ മികവ് പ്രകടിപ്പിക്കുന്നുണ്ട്. സിദ്ദിഖ്, ശ്രീകുമാര്‍, കുഞ്ചന്‍, ഇര്‍ഷാദ്, ബൈജു, ബാലാജി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, നീരജ് മാധവ് തുടങ്ങിയ താരനിര അവരവരുടെ വേഷങ്ങളോടും നീതികാട്ടി.
സുജിത് വാസുദേവിന്റെ മനോഹരമായ ദൃശ്യങ്ങള്‍, അയൂബ് ഖാന്റെ മികച്ച എഡിറ്റിങ്, ബിനു തോമസും അനില്‍ ജോണ്‍സണുമൊരുക്കിയ സംഗീതം എന്നീ ശ്രദ്ധേയമായ ഘടകങ്ങളും ചിത്രത്തോടിണങ്ങി നില്ക്കുന്നു. മാതൃഭൂമി മ്യൂസിക്കാണ് ഗാനങ്ങള്‍ പുറത്തിറക്കിയത്.
സൂപ്പര്‍ ഹിറ്റുകളുള്‍പ്പെടെയുള്ള അഞ്ച് സിനിമകള്‍ക്കുശേഷം വിദഗ്ധമായൊരു തിരക്കഥയുടെ പിന്‍ബലത്തോടെ ദൃശ്യപരതയ്ക്കപ്പുറമുള്ള സാധ്യതകള്‍ കണ്ടെത്താന്‍ ഈ ചിത്രത്തില്‍ ജിത്തുവിന് കഴിഞ്ഞു. കുടുംബമൂല്യങ്ങളുടെ വിലയെന്തെന്ന് പറയാതെ പറഞ്ഞുകൊണ്ട് അദൃശ്യമായ സാമൂഹിക ബാധ്യതകളെക്കുറിച്ച് പ്രേക്ഷകരെ ബോധവത്കരിക്കാനും സംവിധായകനു കഴിയുന്നു. ആദ്യപകുതിയുടെ തുടക്കത്തിലെ മെല്ലെപ്പോക്കും തീരെ ഒതുങ്ങിപ്പോയ ഗാനരംഗചിത്രീകരണവുമാണ് ഈ ചിത്രത്തെ അല്പമെങ്കിലും പിന്നാക്കം വലിക്കുന്നത്. എങ്കിലും ഈ ഫാമിലി ത്രില്ലറിലൂടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് കുടുംബപ്രേക്ഷകരെ നല്ല ഉദ്ദേശ്യത്തോടെ പ്രേരിപ്പിക്കുന്നുവെന്നതാണ് 'ദൃശ്യ'ത്തെ ജീവിതഗന്ധിയായ ഒരു നല്ല സിനിമയാക്കുന്നത്.
No comments:
Post a Comment