Wednesday 27 November 2013

പെരുദണയിലെ മംഗലവിശേഷങ്ങള്

നിത്യകന്യകയായ മുച്ചിലോട്ടമ്മയെ സാക്ഷിയാക്കി തിരുനടയില്‍ താലികെട്ട്. നേരിട്ട് കണ്ട് ക്ഷണിക്കാതെതന്നെ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യവും അനുഗ്രഹവും. മനസ്സും വയറും നിറയ്ക്കാന്‍ വിഭവസമൃദ്ധമായ സദ്യ. കാസര്‍കോട് ജില്ലയിലെ സീതാംഗോളിക്കടുത്തെ പെരുദണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലാണ് ഇത്തരത്തിലുള്ള വിവാഹം വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം നടക്കുന്നത്.

ക്ഷേത്രത്തില്‍ നല്‍കേണ്ട വിവാഹച്ചെലവിന്റെ പട്ടികയിതാണ് : വരന്‍ 600 രൂപ, വധു 400 രൂപ. പുരുഷന്റെയും സ്ത്രീയുടെയും മനസ്സ് പൊരുത്തപ്പെട്ടാല്‍, കുടുംബങ്ങള്‍ തമ്മില്‍ അടുത്താല്‍ ആയിരം രൂപയ്ക്ക് മുച്ചിലോട്ടമ്മയെ മനസ്സില്‍ കുടിയിരുത്തി വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാം. കടമെടുത്തും അല്ലാതെയും ലക്ഷക്കണക്കിന് രൂപ പൊടിച്ച് വിവാഹത്തില്‍ ആഡംബരവും അഹങ്കാരവും പ്രദര്‍ശിപ്പിക്കണമെന്നുള്ളവര്‍ക്ക് സ്ഥാനം ഈ ക്ഷേത്ര നടയ്ക്ക് പുറത്താണ്.

ചന്ദ്രഗിരിപുഴക്ക് വടക്കുള്ള വാണിയ സമുദായത്തിന്റെ വിവാഹക്കാര്യമാണ് പറഞ്ഞുവരുന്നത്. ധനികനോ ദരിദ്രനോ എന്ന വ്യത്യാസം വിവാഹവിഷയത്തില്‍ ഇവര്‍ക്കില്ല. സമുദായത്തിലെ എല്ലാവരും വിവാഹിതരാവുന്നത് സമ്പത്തിന്റെ വേര്‍തിരിവില്ലാത്ത ഒറ്റവരിയില്‍നിന്നാണ്. വൃശ്ചിക സംക്രമണത്തിനുശേഷം നടക്കുന്ന ഉദയാസ്തമനപൂജക്കുശേഷവും മീനമാസത്തിലെ പൂരത്തിനും ആണ് താലികെട്ട്. നേരത്തേ വര്‍ഷത്തിലൊരിക്കലായിരുന്നു വിവാഹം. പിന്നീട് ആള്‍ക്കാരുടെ എണ്ണം കൂടിയപ്പോള്‍ രണ്ടു തവണയാക്കുകയായിരുന്നു. ഇത്തവണ വിവാഹിതരായത് 39 ജോഡികളാണ്.

പന്തല്‍മംഗലം ചടങ്ങ്


സാധാരണ വിവാഹത്തിന് ഏറ്റവും കൂടുതല്‍ തുക ചെലവാക്കുന്നത് ഭക്ഷണത്തിനും ഓഡിറ്റോറിയത്തിനും ആണ്. എന്നാല്‍ ഇവ രണ്ടും ഇവിടെ സൗജന്യമാണ്. ഭക്ഷണം ചോറും തുവരക്കറിയും രസവും. കൂട്ടത്തില്‍ അരിപ്പായസവും പരിപ്പുപായസവും. എല്ലാം ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ തയ്യാറാക്കും. ആര്‍ക്കും ക്ഷേത്രത്തിലെത്തി വയറുനിറയെ മുച്ചിലോട്ടമ്മയുടെ പ്രസാദമായി സദ്യ കഴിക്കാം.

ക്ഷേത്രത്തിന് സമീപത്തെ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് വിവാഹം. മുഹൂര്‍ത്തം ഇല്ല. കാര്‍മികത്വം വഹിക്കുന്നത് ക്ഷേത്രസ്ഥാനികരാണ്. സമുദായ അംഗങ്ങള്‍ നല്‍കുന്ന സംഭാവനയാണ് വിവാഹച്ചടങ്ങുകളുടെ ചെലവിന് ഉപയോഗിക്കുന്നത്.
ബന്ധുക്കളെയും സമുദായ അംഗങ്ങളെയും ക്ഷണിക്കണമെന്ന പതിവ് ഇവിടെയില്ല. വിവാഹശേഷം വിരുന്ന് നടത്തുന്നവര്‍ മാത്രമാണ് ക്ഷണക്കത്ത് തയ്യാറാക്കുക. വര്‍ഷത്തില്‍ രണ്ടുതവണ നടക്കുന്ന വിവാഹദിവസങ്ങളില്‍ എല്ലാവരും മുച്ചിലോട്ടമ്മയുടെ നടയിലെത്തും. സ്ത്രീധനം ഇവരുടെ രീതിയല്ല. അതിനാല്‍ കൊടുക്കാറും വാങ്ങാറും ഇല്ല. യുവതീയുവാക്കള്‍ പരസ്പരം ഇഷ്ടപ്പെട്ടാല്‍ തൊട്ടടുത്ത അവസരത്തില്‍ വിവാഹം.

വിദേശത്ത് ജോലിചെയ്യുന്ന വിവാഹപ്രായമായ യുവാക്കള്‍ ഈ സമയത്ത് നാട്ടിലെത്തും. ഉദയാസ്തമന പൂജക്കുശേഷമാണ് വിവാഹം തീരുമാനമാകുന്നതെങ്കില്‍ അത് മീനമാസത്തിലെ പൂരത്തിനാണ് നടക്കുക. ക്ഷേത്രപരിധിയിലുള്ള പുത്തൂര്‍, സുള്ള്യ, മംഗലാപുരം, മടിക്കേരി കാര്‍ക്കള, ഉടുപ്പി എന്നിവിടങ്ങളിലെ വാണിയ-ഗണിക സമുദായത്തിലെ അംഗങ്ങളാണ് ഇവിടെ വിവാഹിതരാവുക. വധൂവരന്മാരെ അണിയിച്ചൊരുക്കി രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ വധുവിന്റെ കഴുത്തില്‍ വരന്‍ കരിമണി മാലകെട്ടിയ ശേഷമാണ് വിവാഹ പന്തലിലെത്തിക്കുക.


ഇവിടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവതിയും യുവാവും ഇഷ്ടപ്പെട്ട് അന്നുതന്നെ വിവാഹിതരായ ചരിത്രവുമുണ്ട്. അവരുടെ ഇഷ്ടത്തിന് മറ്റൊന്നും തടസ്സമായില്ല. ബന്ധുക്കള്‍ കരിമണി കോര്‍ത്ത സ്വര്‍ണമാലയും വിവാഹവസ്ത്രങ്ങളും വാങ്ങിയെത്തി. വിവാഹം ജീവിതത്തിലെ പവിത്രമായ ചടങ്ങാണെന്നും പണക്കൊഴുപ്പിന്റെ വേദിയല്ലെന്നുമുള്ള പൂര്‍വികരുടെ കാഴ്ചപ്പാടും സമൂഹ കൂട്ടായ്മയുടെ തീരുമാനവും ചേരുമ്പോള്‍ ഒരു നന്മ നടക്കുന്നുവെന്ന് വാണിയ-ഗണിക സേവാ സംഘം പ്രസിഡന്റ് ഗണേഷ് പാറക്കട്ട പറഞ്ഞു.

പന്തല്‍ മംഗലം

വിവാഹച്ചടങ്ങുകള്‍ക്ക് മുന്നോടിയായി നടക്കുന്ന ചടങ്ങാണ് പന്തല്‍ മംഗലം. ഋതുമതിയാകുന്നതിന് മുമ്പാണ് ഈ ചടങ്ങ് നടക്കുക. പത്തുവയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ സ്ഥാനികള്‍ക്ക് വെറ്റിലയും അടക്കയും നല്‍കി അനുഗ്രഹം വാങ്ങിയശേഷം രക്ഷിതാക്കള്‍ നല്‍കുന്ന സ്വര്‍ണമാല മുച്ചിലോട്ടമ്മയുടെ പ്രതിനിധികളായ സ്ഥാനികര്‍ അണിയിക്കും. ഈ പെണ്‍കുട്ടികള്‍ക്ക് മുച്ചിലോട്ടമ്മയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും എന്നാണ് വിശ്വാസം.

മണികെട്ടല്‍ ചടങ്ങ്



വിവാഹച്ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ച് നടക്കുന്ന ചടങ്ങാണ് മണികെട്ടല്‍. അന്ന് വിവാഹിതരാവുന്ന യുവാക്കള്‍ വെറ്റിലയും അടക്കയും നല്‍കി സ്ഥാനികരുടെ അനുഗ്രഹം വാങ്ങും. ശേഷമാണ് മണികെട്ടല്‍. അതിനുശേഷം തിരിയമ്മ പണം വാങ്ങല്‍ ചടങ്ങ്. പെണ്ണിന്റെയും ചെറുക്കന്റെയും അമ്മാവന്മാര്‍ വെറ്റിലയും അടക്കയും നാണയവും കാണിക്കയായി നല്‍കി അനുഗ്രഹം വാങ്ങും.

പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് വിവാഹചടങ്ങ് നടക്കുന്നത്. പൂമാല വധൂവരന്മാര്‍ പരസ്പരം അണിയിക്കും. ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്ന സ്ഥാനികര്‍ ആദ്യം അരി തലയില്‍ ഇട്ട് അനുഗ്രഹിക്കും . മാതാ-പിതാക്കള്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ആളുകള്‍ വന്ന് അനുഗ്രഹിക്കുക. വിവാഹിതരായവര്‍ക്ക് മഞ്ഞള്‍ പ്രസാദം സ്ഥാനികര്‍ വിതരണം ചെയ്യുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും

No comments:

Post a Comment