ഒഴുകും സര്വകലാശാലയെന്ന് അറിയപ്പെടുന്ന 'സെമസ്റ്റര് അറ്റ് സീ' വിദ്യാര്ത്ഥികള് കൊച്ചിയിലെത്തി. 'എം.വി. എക്സ്പ്ലോറര്' എന്ന ആഡംബരക്കപ്പലിലാണ് ഞായറാഴ്ച രാവിലെയോടെ സംഘം കൊച്ചിയിലെത്തിയത്. ജനവരി 10 ന് അമേരിക്കയിലെ സാന്ഡിയാഗോയില് യാത്ര ആരംഭിച്ച് ജപ്പാന്, ചൈന, വിയറ്റ്നാം, സിങ്കപ്പൂര്‍, ബര്‍മ എന്നീ രാജ്യങ്ങള് സന്ദര്ശിച്ച ശേഷമാണ് സംഘത്തിന്റെ കൊച്ചി പ്രവേശനം. 14 വരെ സംഘം രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി സന്ദര്ശനം നടത്തും.
വെര്ജീനിയ സര്വകലാശാലയാണ് പഠന പര്യടനത്തിന്റെ സംഘാടകര്. കടലിലെ സഞ്ചാരത്തിനിടയില് കപ്പലിലെ അനേകം മുറികളില് ക്ലാസുകള് നടക്കും. വിശാലമായ ലൈബ്രറി, ഹാളുകള്, നീന്തല്ക്കുളം, ഇന്ഡോര് കളിസ്ഥലങ്ങള്, ഹോസ്റ്റല് മുറികള് എന്നിവ കപ്പലിലുണ്ട്. വിദ്യാര്ത്ഥികളും അധ്യാപകരും കപ്പല് ജോലിക്കാരുമടക്കം ആയിരത്തോളം പേരാണ് കപ്പലിലുള്ളത്. വിവിധ ബാച്ചുകളിലായാണ് സംഘം ഇന്ത്യ സന്ദര്ശിക്കുന്നത്. വിദ്യാര്ത്ഥികള് തിരഞ്ഞെടുക്കുന്ന വിഷയത്തെ ആസ്പദമാക്കിയായിരിക്കും സന്ദര്ശന സ്ഥലങ്ങള് തീരുമാനിക്കുക. രണ്ട് ബാച്ചിലെ വിദ്യാര്ത്ഥികളാണ് കൊച്ചിയിലെത്തിയത്. ആദ്യ ബാച്ചില് 30 പേരും രണ്ടാമത്തെ ബാച്ചില് 40 പേരുമാണ് എത്തിയത്.
കേരളത്തിലെ വിവാഹ ആചാരങ്ങള്, കുടുംബ സംസ്കാരവും ചരിത്രവും, ഇന്ത്യ-സാമൂഹിക വ്യവസ്ഥകള് എന്നീ വിഷയങ്ങളെ കുറിച്ച് വിദ്യാര്ത്ഥികള്ക്ക് വേണ്ടി സി.പി.പി.ആര്. ഗവേഷണ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില് ഹോട്ടല് സെനറ്റ് ഹാളില് പഠന സെമിനാറുകള് സംഘടിപ്പിച്ചു. ഡോ. ഡി. ധനുരാജ്, പ്രൊഫ. കെ.സി. എബ്രഹാം, എസ്. മധു. ആന്റണി ഡോസന് തുടങ്ങിയവര് പരിപാടിക്ക് നേതൃത്വം നല്കി.
ആറു ദിവസം സംഘം കേരളത്തില് സന്ദര്ശനം നടത്തും. ഇവരോടൊപ്പം എത്തിയ മറ്റു ബാച്ചുകള് ജയ്പുര്, ആഗ്ര, ഡല്ഹി തുടങ്ങിയ സ്ഥലങ്ങളിലാണ് സന്ദര്ശനം നടത്തുന്നത്. കേരളത്തിലേക്കുള്ള അടുത്ത ബാച്ച് 14ന് കൊച്ചിയില് എത്തും. സി.പി.പി.ആറിന്റെ പഠന സെമിനാറുകള്ക്ക് ശേഷം എല്ലാ ബാച്ചും 14ന് ഇന്ത്യയില് നിന്ന് തിരിച്ചുപോകും. തുടര്ന്ന് മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക, ഖാന, മൊറോക്കോ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള് സന്ദര്ശിച്ച ശേഷം അമേരിക്കയിലേക്ക് തിരിച്ചുപോകും. 1963-ലാണ് വിദേശ രാജ്യങ്ങളുടെ സംസ്കാരവും ചരിത്രവും പഠിക്കുക എന്ന ലക്ഷ്യത്തോടെ വെര്ജീനിയ യൂണിവേഴ്സിറ്റി സെമസ്റ്റര് അറ്റ് സീ കോഴ്സ് തുടങ്ങിയത്. കപ്പലില് വിവിധ രാജ്യങ്ങള് സന്ദര്ശിച്ചുള്ള പഠനമാണ് കോഴ്സിലൂടെ ലക്ഷ്യമിടുന്നത്. കപ്പല് യാത്രയില് തന്നെയാണ് വിവിധ വിഷയങ്ങളില് പഠനവും നടക്കുക. സെമസ്റ്റര് അറ്റ് സീയുടെ സുവര്‍ണ ജൂബിലിയാണ് ഈ വര്‍ഷമെന്നതും പ്രത്യേകതയാണ്. ലോകത്തിലെ 1500-ഓളം കോളേജുകളില് നിന്നായി 55, 000 വിദ്യാര്ത്ഥികളാണ് ഒരു വര്ഷം സെമസ്റ്റര് അറ്റ് സീ പഠനത്തിന്റെ ഭാഗമാകുന്നത്.
No comments:
Post a Comment