പാലക്കാട്: രാവിലെ വീടുണരുംമുമ്പേ
അവരുണരും. ചിലച്ച് കൊക്കുരുമ്മി പുറത്തേക്ക് പറക്കും. ചുള്ളിക്കമ്പുകളും നാരുകളുമായി
തിരിച്ചെത്തും. പിന്നെ ഒത്തൊരുമിച്ച് കൂടുപണി തുടങ്ങുകയായി. വീട്ടുകാര്‍ പ്രാതലൊരുക്കുമ്പോള്‍
തലയ്ക്കുമീതെ പറക്കും. സ്‌നേഹത്തോടെ ചുമലിലിരിക്കും.
കൊല്ലങ്കോട് മേട്ടുപ്പാളയം റോഡിലെ
'ഗായത്രി'യില്‍ വീട്ടുകാര്‍ക്ക് കൂട്ടുകാരായി അടയ്ക്കാകുരുവികളും ബുള്‍ബുളുകളും ഇരട്ടത്തലച്ചിയും
അമ്പലപ്രാവുകളും താമസം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വീട്ടിലെ അലങ്കാര ബള്‍ബുകള്‍ നിറയെ
കിളിക്കൂടുകളാണ്.
ഡൈനിങ് ഹാളിലും മുറികളിലും അടുക്കളയിലും
കുളിമുറിയിലുംവരെ കിളികള്‍ കൂടുകൂട്ടിയിട്ടുണ്ട്.
കൊല്ലങ്കോട്ടെ കെ.കെ.എന്‍. ജ്വല്ലറിയുടമയും
ഗായത്രിഗ്രൂപ്പ് ഉടമകളിലൊരാളുമായ കെ.എസ്. ഉണ്ണിക്കൃഷ്ണന്റെ വീടാണ് 'കിളിവീടാ'യി മാറിയത്.
കിളികള്‍ ഐശ്വര്യത്തിന്റ പ്രതീകമാണെന്നാണ്
ഇവര്‍ കരുതുന്നത്. വീട്ടുകാരി രാധയാണ് കിളികളെ പരിപാലിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്.
ശല്യങ്ങളൊന്നുമില്ലാതെ താമസിക്കാന്‍ കഴിയുന്നതിനാലായിരിക്കാം കിളികള്‍ വീട്ടില്‍ കൂടുകുട്ടുന്നതെന്നാണ്
അവരുടെ അഭിപ്രായം. 'വീട്ടിലെ അംഗങ്ങളെപ്പോലെയാണ് ഞങ്ങള്‍ ഇവരെ കാണുന്നത്. ആര്‍ക്കും
ഒരു ഉപദ്രവവും ചെയ്യാതെ അവരങ്ങനെ പറന്ന് നടന്നോളും' രാധ പറയുന്നു.
ഒമ്പത് മുറികളുള്ള ഇരുനിലവീട്ടില്‍
10 പേരോടൊപ്പം ഇരുപത്തഞ്ചോളം കിളികള്‍ സ്ഥിരതാമസക്കാരാണ്. 15ഓളം കൂടുകള്‍ വീടിന്റെ
പല ഭാഗങ്ങളിലായുണ്ട്.
ഒമ്പതുവര്‍ഷംമുമ്പ് വീട്ടിലെ സ്വീകരണമുറിയിലെ
അലങ്കാര ബള്‍ബുകളില്‍ അടയ്ക്കാകുരുവികളാണ് ആദ്യം കൂടുകൂട്ടിയത്. ഇതില്‍ 15ാമത്തെ തലമുറയാണത്രെ
ഇപ്പോഴത്തെ താമസക്കാര്‍.
താഴത്തെ നിലയിലെ മുറിയില്‍ ബുള്‍ബുള്‍
അടയിരിക്കുന്നുണ്ടിപ്പോള്‍. ഇത്തരം സമയങ്ങളില്‍ വീട്ടുകാര്‍ മുറി ഉപയോഗിക്കാറില്ല.
മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവന്ന് പറന്നുതുടങ്ങുംവരെ അവയ്ക്ക് സ്വൈരവിഹാരത്തിനായി
മുറി വിട്ടുകൊടുക്കും. ഇടയ്ക്ക് കുഞ്ഞു കിളികള്‍ താഴെ വീഴാറുണ്ട്.
ഇവയെ സുരക്ഷിതമായി വീട്ടുകാര്‍ തിരിച്ച്
കൂടുകളിലെത്തിക്കും. പറക്കമുറ്റിക്കഴിഞ്ഞാല്‍ കിളികള്‍ പുറത്തുപോകും. അടയിരിക്കാന്‍
കൃത്യമായി തിരിച്ചെത്തിയിരിക്കും.
No comments:
Post a Comment