Friday, 14 March 2014

പ്രകൃതിദത്തം ഈ പ്രസാദഊട്ട്

കവുങ്ങിന്പാളയുടെ പ്ലേറ്റില് പച്ചപ്ലാവില കുത്തി കഞ്ഞിയും പുഴുക്കും ചൂടോടെ കോരിക്കുടിക്കുന്നതിന്റെ സുഖം ഗുരുവായൂര് ഉത്സവത്തിനു മാത്രം സ്വന്തമാണ്. തീര്ത്തും പ്രകൃതിയുടെ വഴിയെയാണ് പ്രസാദഊട്ട്. ഇക്കുറി ക്ഷേത്രത്തിനു പുറത്തായതോടെ പ്രകൃതിയുടെ കാറ്റേറ്റുകൂടി കഞ്ഞികുടിക്കാനായി എന്നത് മറ്റൊരു പ്രത്യേകത.

കഞ്ഞിക്ക് പച്ചപ്ലാവില കുത്താന് അവകാശികള് തന്നെയുണ്ട്. അവര് ക്ഷേത്രത്തിനകത്തിരുന്ന് ആയിരക്കണക്കിന് പ്ലാവില കുത്തുന്ന തീവ്രശ്രമത്തിലാണ്. പ്രസാദഊട്ട് നാലുപന്തി കഴിഞ്ഞപ്പോള് പ്ലാവില കുറവായതിനെ തുടര്ന്ന് ഭക്തര്ക്കും കീഴ്വഴക്കം നോക്കാതെ പ്ലാവില കുത്താന് ആദ്യദിനത്തില് തന്നെ ഭാഗ്യമുണ്ടായി.

ഇടിച്ചക്കയും മുതിരയും ഇടിച്ചുപിഴിഞ്ഞുണ്ടാക്കുന്ന പുഴുക്കും കഞ്ഞിയും തന്നെയാണ് ഉത്സവദിനങ്ങളില് ഭക്തസഹസ്രങ്ങളുടെ ഏറ്റവും സ്വാദിഷ്ട ഭക്ഷണം. വിശേഷ പ്രസാദം ഒരിറ്റ് കിട്ടാന് ദൂരെദിക്കുകളില് നിന്ന് വെളുപ്പിനേ വന്ന് കാത്തുനില്ക്കുന്നവരുണ്ട്. പതിവുപോലെ പടിഞ്ഞാറെ നടയിലായിരുന്നു പകര്ച്ച. പ്രസാദ ഊട്ട് തെക്കേനടയില് വിശാലമായ പന്തലിട്ട് നടത്തിയതോടെ പത്തു പന്തികളിലായി 15,000ത്തോളം പേര്ക്ക് സൗകര്യപൂര്വം കഞ്ഞിയും പുഴുക്കും കഴിക്കാനായി എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ വിജയം. കൂടാതെ ബുഫെ സംവിധാനവും പ്രായമായവര്ക്ക് പ്രത്യേക കൗണ്ടറും ഏര്പ്പെടുത്തി. ഉച്ചതിരിഞ്ഞ് ചോറും മോര്കറിയും ഉള്പ്പെടെയുള്ള ദേശപ്പകര്ച്ച വിഭവങ്ങള് വേറെയുമുണ്ട്. എട്ടാം വിളക്കുദിനം വരെയുണ്ടാകും. അന്ന് പഴവും പായസവുമടക്കം വിഭവസമൃദ്ധമായിരിക്കും.


പ്രസാദഊട്ട് കമ്മിറ്റി ചെയര്മാനും ദേവസ്വം ഭരണസമിതിയംഗവുമായ അനില് തറനിലത്തിന്റെ നേതൃത്വത്തില് ഉദ്യോഗസ്ഥരും ഭക്തജനങ്ങളും ഉള്പ്പെടെയുള്ള വലിയൊരു കൂട്ടായ്മ പ്രസാദഊട്ട് വിജയിപ്പിക്കുന്നതിനു പിന്നിലുണ്ട്. എന്.എസ്.എസ്. വനിതാവിഭാഗം പ്രവര്ത്തകരായ 50 പേരുടെ സേവനവും എടുത്തുപറയേണ്ടതാണ്. അഗ്രശാലയില് നിന്ന് ഭക്ഷണം വലിയ ലഗേജ് കാരിയര് വാഹനത്തില് പ്രസാദഊട്ട് പന്തലിലേക്ക് എത്തിക്കും.

No comments:

Post a Comment