മുളങ്ങിലെ ആഭരണനിര്മ്മാണശാലയില് ഗ്യാസ് സിലിന്ഡര് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്കൂടി മരിച്ചു. ഇതോടെ മരണം നാലായി. എട്ടോളംപേര് ഗുരുതരാവസ്ഥയില് തുടരുകയാണ്. സ്ഥാപനഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. അപകടം നടന്ന സ്ഥലം സ്ഫോടകവസ്തു വിദഗ്ധസംഘം പരിശോധിച്ചു.
മുളങ്ങ് സ്വദേശി മാലിപ്പറമ്പില് പുഷ്കരന്റെ മകന് പ്രസാദ്
(35), ബംഗാള് സ്വദേശി പാപ്പി
(18) എന്നിവരാണ് ബുധനാഴ്ച മരിച്ചത്. പൊള്ളല് ഗുരുതരമായതിനെത്തുടര്ന്ന് തൃശ്ശൂര് ഗവണ്മെന്റ് മെഡിക്കല് കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്ന്ന് ദയ ആസ്പത്രിയിലേക്കും മാറ്റി. ഇവിടെവെച്ചാണ് പ്രസാദ് മരിച്ചത്. ബംഗാള് സ്വദേശിയായ പാപ്പി ജൂബിലി മിഷന് ആസ്പത്രിയില്വെച്ചാണ് മരിച്ചത്. പാപ്പിക്ക്
54 ശതമാനം പൊള്ളലാണ് എറ്റിരുന്നത്. പ്രസാദിന്
90 ശതമാനം പൊള്ളലേറ്റിരുന്നതായാണ് ആസ്പത്രി അധികൃതര് പറഞ്ഞത്. മല്ലികയാണ് പ്രസാദിന്റെ അമ്മ. സഹോദരങ്ങള്: ലത, പുഷ്പ.
ദയ ആസ്പത്രിയില് ബാപ്പു, ഗിരീഷ്, ജൂബിലി മിഷന് ആസ്പത്രിയില് സഞ്ജയ്, ഹരിദാസ്, ബിജോയ് കൃഷ്ണ, സുധീഷ്, സൈമര് എന്നിവരുടെ നില അതീവഗുരുതരമായി തുടരുകയാണ്. ചികിത്സയില് കഴിയുന്ന വിനോദ്, സന്ദീപ്, മുരളി, തപസ്, പീത്രസ് എന്നിവര് സുഖപ്പെട്ടുവരുന്നതായി ആസ്പത്രി അധികൃതര് അറിയിച്ചു.
സ്ഥാപനത്തിന്റെ നടത്തിപ്പുകാരന് മുളങ്ങ് കൊറ്റിക്കല് സലീഷിനെ
(36) പോലീസ് അറസ്റ്റ് ചെയ്തു. മനഃപൂര്വ്വമല്ലാത്ത നരഹത്യ, അനുമതിയില്ലാതെ സ്ഫോടകവസ്തുക്കള് സൂക്ഷിക്കല്, ലൈസന്സില്ലാത്ത സ്ഥാപനനടത്തിപ്പ്, തൊഴിലാളികള്ക്ക് സുരക്ഷ ഉറപ്പുവരുത്താതിരിക്കല് തുടങ്ങിയ കുറ്റങ്ങള് ചുമത്തിയാണ് അറസ്റ്റ്.
കൊച്ചിയില്നിന്നുള്ള ഡെപ്യൂട്ടി ചീഫ് കംട്രോളര് ഓഫ് എക്സ്പ്ലോസീവ്സിലെ ടി.ഒ. ശശി, ടാംഗാഡ്ഗി എന്നിവര് അപകടം നടന്നയിടത്ത് പരിശോധനയ്ക്കെത്തി.
No comments:
Post a Comment