Wednesday, 12 March 2014

നിരത്തുകള്‍ കീഴടക്കാന്‍ കേരള ആര്‍.ടി.സി.യുടെ മള്‍ട്ടി ആക്സില്‍ വോള്‍വോ ബസ്സുകള്‍

ബാംഗ്ലൂര്‍: അന്തഃസംസ്ഥാന പാതകള്‍ കീഴടക്കാനായി കേരള ആര്‍.ടി.സിയുടെ മള്‍ട്ടി ആക്സില്‍ വോള്‍വോ ബസ്സുകള്‍ ബാംഗ്ലൂരില്‍ തയ്യാറായി. ഹോസ്‌കോട്ടയിലെ വോള്‍വോ കമ്പനിയിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഏഴു മള്‍ട്ടി ആക്സില്‍ ബസ്സുകള്‍ നിര്‍മ്മാണം പൂര്‍ത്തിയായി നിരത്തിലിറങ്ങാന്‍ കാത്തിരിക്കുന്നത്. കേരള ആര്‍.ടി.സിയുടെ സ്റ്റിക്കറും ലോഗോയും പതിച്ച ബസ്സുകള്‍ പ്ലാന്റില്‍ നിന്ന് പുറത്തെത്തിച്ചു. അടുത്ത ദിവസം തന്നെ കെ. എസ്. ആര്‍.ടി.സി. അധികൃതര്‍ ബാംഗ്ലൂരിലെത്തി ബസ്സുകള്‍ ഏറ്റെടുക്കുമെന്നാണ് അറിയുന്നത്.

വിഷുവിന് ബാംഗ്ലൂര്‍ അടക്കമുള്ള റൂട്ടുകളില്‍ ഈ വോള്‍വോ ബസ്സുകള്‍ ഓടിത്തുടങ്ങും.
കെ. എസ്. ആര്‍.ടി.സി. അന്തഃസംസ്ഥാന സര്‍വ്വീസുകള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആര്യാടന്‍ മുഹമ്മദ് ഗതാഗത മന്ത്രിയായിരുന്ന സമയത്താണ് 12 മള്‍ട്ടി ആക്സില്‍ വോള്‍വോ ബസ്സുകള്‍ക്ക് കെ. എസ്.ആര്‍.ടി.സി. ഓര്‍ഡര്‍ നല്‍കിയത്. ഒരു ബസ് പുറത്തിറങ്ങുമ്പോള്‍ ഏകദേശം 1.25 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോള്‍ ഓടുന്ന വോള്‍വോ ബസ്സിനെക്കാള്‍ മികച്ച പുഷ്ബാക്ക് സീറ്റുകളും എല്‍.സി.ഡി. ടി.വിയും ലെഗ് സ്പേസും പുതിയ ബസ്സിലുണ്ട്. കര്‍ണാടകത്തിന്റെയും സ്വകാര്യ സര്‍വ്വീസുകളുടെയും വോള്‍വോ ബസ്സുകളെ കവച്ചുവെക്കുന്ന രീതിയിലുള്ള സൗകര്യങ്ങളാണ് ഇതിലുള്ളത്. മികച്ച യാത്രാസുഖവും ഈ ബസ്സുകള്‍ നല്‍കും.

മള്‍ട്ടി ആക്സില്‍ ബസ്സുകളില്‍ ഭൂരിഭാഗവും ബാംഗ്ലൂര്‍ സെക്ടറിലായിരിക്കും സര്‍വ്വീസ് നടത്തുകയെന്ന് അധികൃതര്‍ സൂചന നല്‍കി. കര്‍ണാടക ആര്‍.ടി.സി. കേരള സെക്ടറില്‍ പതിനഞ്ചോളം പ്രീമിയര്‍ ബസ്സുകള്‍ സര്‍വ്വീസിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ കേരളത്തിന് ഒരു വോള്‍വോ സര്‍വ്വീസ് മാത്രമാണുള്ളത്. കേരളത്തിന് പ്രീമിയര്‍ സര്‍വ്വീസുകള്‍ കുറവാണെന്ന ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ പുതിയ മള്‍ട്ടി ആക്സില്‍ ബസ്സുകള്‍ എല്ലാവരെയും തൃപ്തിപ്പെടുത്തും. 

No comments:

Post a Comment