Monday, 17 March 2014

തിരഞ്ഞെടുപ്പിന് മൊത്തം ചെലവ് 30,000 കോടി


ന്യൂഡല്ഹി: പതിനാറാമത് ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് മൊത്തം 30,000 കോടി രൂപ ചെലവാകുമെന്ന് കണക്കുകള്.
തിരഞ്ഞെടുപ്പ് നടത്തിപ്പിന് പൊതുഖജനാവില്നിന്ന് ഏഴായിരംമുതല് എണ്ണായിരം കോടി രൂപവരെ ചെലവിടേണ്ടിവരും. രാഷ്ട്രീയകക്ഷികളും സ്ഥാനാര്ഥികളുമൊക്കെ ചെലവാക്കുന്ന തുകകൂടി കണക്കിലെടുക്കുമ്പോഴാണ് ചെലവ് 30000 കോടിയിലെത്തുന്നത്. ചരിത്രത്തിലെ ഏറ്റവും ചെലവേറിയെ പൊതുതിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്.

സെന്റര് ഫോര് മീഡിയ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2012-ലെ അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് 700 കോടി ഡോളറാണ് (42000 കോടി രൂപയോളം) ചെലവിട്ടത്. അതിനോടടുത്ത തുക ഇക്കുറി ഇന്ത്യയിലും ചെലവാകുമെന്ന് പഠനറിപ്പോര്ട്ടില് പറയുന്നു.
കോടിപതികളായ സ്ഥാനാര്ഥികളും വന്കിട കോര്പറേറ്റ് സ്ഥാപനങ്ങളും ഇടനിലക്കാരുമൊക്കെ ചേര്ന്ന് കണക്കില് കാണിക്കാത്ത സഹസ്രകോടികള് ഇക്കുറി തിരഞ്ഞെടുപ്പുരംഗത്തേക്ക് ഒഴുക്കിവിടും. അടുത്തകാലം വരെ പാര്ട്ടികളായിരുന്നു വന്തുകകള് ഇറക്കിയിരുന്നത്. എന്നാലിപ്പോള് പാര്ട്ടികളെക്കാള് പണമൊഴുക്കുന്ന സ്ഥാനാര്ഥികള് ഏറെയുണ്ടെന്ന് മീഡിയാ സ്റ്റഡീസ് ചെയര്മാന് എന്.ഭാസ്കരറാവു ചൂണ്ടിക്കാട്ടുന്നു.
നടത്തിപ്പിനായി തിരഞ്ഞെടുപ്പുകമ്മീഷന് 3500 കോടി രൂപ ചെലവാക്കും. ഏതാണ്ട് അത്രതന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം, റെയില്വേ, വിവിധ സര്ക്കാര് ഏജന്സികള്, സംസ്ഥാനസര്ക്കാറുകള് തുടങ്ങിയവ ചെലവാക്കും. പ്രചാരണവേളയില് ഒരു സ്ഥാനാര്ഥിക്ക് ചെലവാക്കാവുന്ന തുകയുടെ പരിധി 70 ലക്ഷം രൂപയായി കമ്മീഷന് ഈയിടെ ഉയര്ത്തിയിരുന്നു.

1996-ലെ ലോക്സഭാതിരഞ്ഞെടുപ്പില് 2500 കോടിരൂപ ചെലവിട്ട സ്ഥാനത്ത് 2004-ല് ഇത് 10000 കോടിരൂപയായി ഉയര്ന്നെന്ന് മീഡിയാസ്റ്റഡീസിന്റെ റിപ്പോര്ട്ടില് പറയുന്നു.

No comments:

Post a Comment