ഏപ്രില് പതിനഞ്ചിന് വിഷുവും ഇരുപതിന് ഈസ്റ്ററും കഴിഞ്ഞ് മാസാവസാനമായിരിക്കും കേരളത്തില് ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തുക. ഏപ്രില് പകുതിയോടെ ആരംഭിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ മൂന്നാമത്തെയോ നാലാമത്തേയോ ഘട്ടത്തില് സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ആലോചിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ സമയക്രമം ഈ മാസം 26-നും മാര്ച്ച് അഞ്ചിനുമിടയില് പ്രഖ്യാപിക്കും. 2009-ല് ആദ്യഘട്ടത്തില്ത്തന്നെ, ഏപ്രില് പതിനാറിനാണ് കേരളത്തില് വോട്ടെടുപ്പ് നടന്നത്. ദേശീയതലത്തില് അഞ്ചുഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് പൂര്ത്തിയായത് മെയ് പതിമ്മൂന്നിനായിരുന്നു.
തിരഞ്ഞെടുപ്പ് തീയതികള് അന്തിമമായി തീരുമാനിച്ചിട്ടില്ലെങ്കിലും കമ്മീഷനില് പ്രാഥമികമായി നടന്ന ആലോചനയിലാണ് കേരളത്തിലെ വോട്ടെടുപ്പ് ഏപ്രില് അവസാനത്തോടെ നടത്തിയാല് മതിയെന്ന നിര്ദേശം ഉയര്ന്നുവന്നത്. കഴിഞ്ഞതവണ വിഷു ആഘോഷത്തിനിടയിലാണ് പ്രചാരണം മുറുകിയത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യവും അന്ന് ഉയര്ന്നിരുന്നു.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയപ്പാര്ട്ടികളുടെ യോഗം വിളിച്ചിരുന്നു. ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് ചൂട് ശക്തിപ്പെടുംമുമ്പ് വോട്ടെടുപ്പ് പൂര്ത്തിയാക്കണമെന്ന അഭിപ്രായം ഈ യോഗത്തിലുണ്ടായി. കഴിഞ്ഞപ്രാവശ്യം യു.പി.യില് അഞ്ചും ബിഹാറില് നാലും ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടത്തിയത്. എങ്കിലും രണ്ടിടത്തും പോളിങ് ശതമാനം കുറവായിരുന്നു. യു.പി.യില് 47 ശതമാനവും ബിഹാറില് 45 ശതമാനവും പേരാണ് വോട്ട് രേഖപ്പെടുത്തിയത്.തിരഞ്ഞെടുപ്പ് കുറച്ചു നേരത്തേയാക്കിയാല് യു.പി.യിലും ബിഹാറിലും വോട്ടിങ് ശതമാനം ഉയരുമെന്ന അഭിപ്രായം യോഗത്തിലുണ്ടായി.
ഈ പശ്ചാത്തലംകൂടി കണക്കിലെടുത്ത് കഴിഞ്ഞ പ്രാവശ്യത്തേതില്നിന്ന് വ്യത്യസ്തമായ സമയക്രമമാവും ഇക്കുറി കമ്മീഷന് തയ്യാറാക്കുക എന്നാണറിയുന്നത്. അങ്ങനെയെങ്കില് മെയ് ആദ്യത്തോടെതന്നെ യു.പി.യിലും ബിഹാറിലും തിരഞ്ഞെടുപ്പ് പൂര്ത്തിയാക്കും. കേരളം, കര്ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പാകും അവസാനം. കേരളത്തിലെ തിരഞ്ഞെടുപ്പ് മെയ് ആദ്യത്തേക്ക് മാറിക്കൂടെന്നുമില്ല. 2009-ല് തമിഴ്നാട്ടില് ഏറ്റവും അവസാനം മെയ് 13-നായിരുന്നു വോട്ടെടുപ്പ്. കര്ണാടത്തിലും മഹാരാഷ്ട്രയിലും ഏപ്രില് 16, 22, 30 തീയതികളില് മൂന്നുഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തി. വോട്ട് ഓണ് അക്കൗണ്ട് പാസാക്കി പാര്ലമെന്റിന്റെ സമ്മേളനം ഫിബ്രവരി 21-ന് അവസാനിക്കുന്നതോടെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങും.
ആദ്യപടിയായി കേന്ദ്ര സേനയെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് കമ്മീഷന് ആഭ്യന്തരമന്ത്രാലയവുമായി ചര്ച്ച നടത്തും. തുടര്ന്ന് ഫിബ്രവരി 26-ന് ശേഷം ഏതുസമയവും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും. ഇതോടനുബന്ധിച്ചുതന്നെ പുതിയ പെരുമാറ്റച്ചട്ടം നിലവില്വരും. പ്രകടനപത്രികയില് ജനങ്ങള്ക്ക് വാഗ്ദാനങ്ങള് പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള് ഉള്പ്പെടുത്തിയാണ് പുതിയ പെരുമാറ്റച്ചട്ടം തയ്യാറാക്കുന്നത്. ഇതുസംബന്ധിച്ച് കമ്മീഷന് വിവിധ പാര്ട്ടികളുടെ അഭിപ്രായം തേടിയിരുന്നു.
No comments:
Post a Comment