രുചി നാവറിയും മുമ്പ് വായില് കപ്പലോടാന് കാരണം ഗന്ധമാണ്. കൈയെത്തും ദൂരത്ത് വിഭവമെത്തുന്നതിനും മുമ്പേ അടുക്കളയുടെ ചുവരുകള് കടന്ന് പുറത്തേക്ക് ഒഴുകുന്ന ഗന്ധം. രുചിയുടെയും ഗന്ധത്തിന്റെയും രാജാവാണ് സുഗന്ധ വ്യഞ്ജനങ്ങള്. കുണ്ടന്നൂരിലെ ക്രൗണ്പ്ലാസയുടെ ഏഴയല്പ്പക്കത്തു കൂടി നടന്നാലറിയാം ഇവിടെന്തോ വിശേഷമുണ്ടെന്ന്. സുഗന്ധപൂരിതമായാണ് ആഗോള സുഗന്ധ വ്യഞ്ജന സമ്മേളനം ഒരുങ്ങിയിരിക്കുന്നത്.
വിവിധ തരത്തിലുള്ള 50-ലധികം സ്റ്റാളുകള്. നമ്മുടെ നാട്ടിലെ കുരുമുളക് മുതല് 50 -ലധികം സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറയാണിവിടെ തുറന്നിരിക്കുന്നത്.
എവിടെച്ചെന്നാലും മസാലയുടെയും വിവധതരം സ്പൈസസിന്റെയും മണം. നാട്ടിന്പുറങ്ങളില് സുലഭമായിരുന്ന കാന്താരി മുതല് 50 -ലധികം സുഗന്ധ വ്യഞ്ജനങ്ങള് ഒരുക്കിയിട്ടുണ്ട്. 51 തരം സ്പൈസസുമായി സ്പൈസസ് ബോര്ഡ് ഒരുക്കിയ സ്റ്റാളും ശ്രദ്ധേയമാണ്.
കേരളത്തില് ഉത്പാദിപ്പിക്കുന്ന പച്ചനിറമുള്ള കൂര്ഗ് കാര്ഡമം, അതില്ത്തന്നെ വലിപ്പത്തിന്റെ അടിസ്ഥാനത്തില് തരംതിരിച്ചവ, സിക്കിമില് ഉണ്ടാകുന്ന പര്പ്പിള് നിറമുള്ള ഏലയ്ക്ക, ബ്ലീച്ച്ഡ് കാര്ഡമം, വലിപ്പത്തിന്റെ അടിസ്ഥാനത്തില് തരംതിരിച്ച കുരുമുളക്, ജലാംശം മാറ്റിയ പച്ചനിറമുള്ള കുരുമുളക്, തൊണ്ട് കളഞ്ഞ വെള്ള കുരുമുളക് എന്നിവയും സ്റ്റാളില് ഒരുക്കിയിട്ടുണ്ട്.
എരിവില്ലാത്തതും എരിവുള്ളതും തുടങ്ങി ചുവന്ന മുളകിന്റെ ഒട്ടേറെ വ്യത്യസ്തതകളുണ്ട്. ഗൂണ്ടൂര്, ആന്ധ്ര, കശ്മീര് തുടങ്ങി ഏറ്റവും എരിവുള്ള നാഗാ ചില്ലിയും മേളയില് ഉണ്ട്. ജീരകം, കരിംജീരകം, പെരിംജീരകം, ജാതിക്ക, ജാതിപത്രി, ഉലുവ, മല്ലി, ഇഞ്ചി, ചുക്ക്, മധ്യകേരളത്തിലെ നിറമുളളതും ആന്ധ്രയിലെ നിറം കുറഞ്ഞതുമായ മഞ്ഞള്. വിവിധ സംസ്ഥാനങ്ങളില് നിന്നെത്തിയ കമ്പനികളുടെ വിവിധതരം മസാലക്കൂട്ടുകള്, ഇടിച്ച മുളക്, മസാലപ്പൊടികള് എന്നിവയും പ്രദര്ശനത്തിനുണ്ട്.
കര്ഷകര്, കയറ്റുമതിക്കാര്, സുഗന്ധ വ്യഞ്ജന ഉത്പന്നനിര്മാതാക്കള് തുടങ്ങിയവരാണ് അവരുടെ ഉത്പന്നങ്ങള് പ്രദര്ശിപ്പിക്കുന്നത്.
ഏഴ് വിദേശ സ്റ്റാളുകളും തുറന്നിട്ടുണ്ട്. സുഗന്ധ വ്യഞ്ജന സംസ്കരണ രംഗത്തെ പുതിയ മാതൃകകള്, ആധുനിക യന്ത്രസംവിധാനങ്ങള് എന്നിവ അവര് പരിചയപ്പെടുത്തുന്നു.
സുഗന്ധവ്യഞ്ജന വസ്തുക്കളുടെ പ്രാധാന്യം എത്രയുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന പ്രദര്ശനമാണ് ആഗോള സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഒപ്പം ആരോഗ്യ സുരക്ഷയ്ക്ക് സുഗന്ധവ്യഞ്ജന വസ്തുക്കള് എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതും സുവ്യക്തമാക്കുന്നു. വില്പ്പനയ്ക്കപ്പുറം പുതിയ രുചിക്കൂട്ടുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.
No comments:
Post a Comment