പാചക വിതരണ ഏജന്സികള് ചൊവ്വാഴ്ച മുതല് ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരം പിന്വലിച്ചു. വിതരണക്കാരുടെ പ്രശ്നങ്ങള് പഠിക്കാന് കേന്ദ്രതലത്തില് ഉന്നതാധികാര സമിതിയെ നിയമിച്ചതോടെയാണിത്. ഗാര്ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിതരണം സ്തംഭിപ്പിക്കുമെന്നായിരുന്നു വിതരണക്കാര് അറിയിച്ചിരുന്നത്. രാജ്യത്ത് പാചകവാതക വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെല്ലാം വിതരണക്കാരുടെ ചുമലില് കെട്ടിവയ്ക്കുന്ന ഏകപക്ഷീയ നിലപാടിനെതിരെയാണ് വിതരണക്കാര് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. എണ്ണക്കമ്പനി പ്രതിനിധികളുമായി നടന്ന ചര്ച്ചയില് രൂപവത്കരിച്ച പ്രത്യേക സമിതിയില് ഓരോ സംസ്ഥാനത്തുനിന്നും പ്രാതിനിധ്യമുണ്ടാകുമെന്ന് സംസ്ഥാന ഡിസ്ട്രിബ്യൂട്ടേഴ്സ് സംഘടന പ്രതിനിധികള് അറിയിച്ചു.
പാചക വാതക കമ്പനികള് പുതുക്കി നിശ്ചയിച്ച വിപണന മാര്ഗനിര്ദ്ദേശങ്ങള് (എം.ഡി.ജി.) വിതരണക്കാരെ ഉപദ്രവിക്കുന്നതാണെന്ന ആരോപണം ഉന്നതാധികാര സമിതി പരിശോധിക്കും. എണ്ണക്കമ്പനികളുടെ വീഴ്ചയ്ക്ക് വിതരണക്കാര് പിഴയൊടുക്കണമെന്നായിരുന്നു പുതിയ വിതരണ നയത്തിന്റെ കാതല്. ഇത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിനാല് ഇപ്പോഴുള്ള എം.ഡി.ജി. നിര്ദ്ദേശങ്ങള് 60 ദിവസത്തേക്ക് സ്റ്റേചെയ്യും. അതിനു ശേഷം ഭേദഗതികളോടെയുള്ള എം.ഡി.ജി. നിലവില് വരും.
ഐ.ഒ.സി., ബി.പി.സി.എല്., എച്ച്.പി. തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളുമായി വിതരണക്കാരുടെ സംഘടനാ ഭാരവാഹികള് നടത്തിയ ചര്ച്ചയെ തുടര്ന്നാണ് സമരം പിന്വലിക്കാനുള്ള തീരുമാനമായത്. കമ്പനികള് പറഞ്ഞിരിക്കുന്ന സുരക്ഷാ നിര്ദ്ദേശങ്ങളിലെ വിയോജിപ്പുകള്, ബുക്കിംഗ് സോഫ്റ്റ്വെയറിലെ പ്രശ്നങ്ങള്, പുതിയ ഏജന്സികള് അനുവദിക്കുന്നതിലെ എതിര്പ്പ് എന്നിവ സമിതി പുനഃപരിശോധിക്കും. തുടര്ന്ന് പെട്രോളിയം മന്ത്രാലയത്തിന് റിപ്പോര്ട്ട് സമര്പ്പിക്കും. ഓള് ഇന്ത്യ എല്പിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്, ഫെഡറേഷന് ഓഫ് എല്പിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് ഇന്ത്യ സംഘടനാ പ്രതിനിധികള് ചര്ച്ചയില് പങ്കെടുത്തു.
No comments:
Post a Comment