മലയാളത്തിന് അവിസ്മരണീയങ്ങളായ ഒരുപിടി മധുരമൂറുന്ന മെലഡികള് സമ്മാനിച്ച പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന് രഘുകുമാര് (60) അന്തരിച്ചു. വ്യാഴാഴ്ച പുലര്ച്ച ചെന്നൈയിലെ എം.ഐ.ഒ.പി. ആസ്പത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു. ഭാര്യ: ഭവാനി. മക്കള് : ഭാവന, ഭവിത. സഹോദരങ്ങള് : പ്രസന്ന, വിജയകുമാര് . സംസ്കാരം വെള്ളിയാഴ്ച കാലത്ത് ഒന്പത് മണിക്ക് ചെന്നൈയില് .
കോഴിക്കോട്ടെ പ്രശസ്തമായ പൂതേരി തറവാട്ടില് ജനിച്ച രഘുകുമാര് 1979ല് ഇശ്വര ജഗദീശ്വര എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തിയത്. താളവട്ടം, ബോയിങ് ബോയിങ്, ഹലോ മൈഡിയര് റോങ് നമ്പര്, ശ്യാമ, മായാമയൂരും തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റുകള് രഘുകുമാറിന്റെ ഈണങ്ങളില് പിറന്നവയാണ്.
മുപ്പത് ചിത്രങ്ങളിലായി 108 ഗാനങ്ങള്ക്ക് ഈണം പകര്ന്നു. അതില് നല്ലൊരു പങ്കും ഇന്നും എവര്ഗ്രീനായി മലയാളികളുടെ മനസ്സില് കൂടുകൂട്ടിയ തന്നെ. ശ്യാമയിലെ ചെമ്പരിത്തിപ്പൂവേ ചൊല്ലൂവും താളവട്ടത്തിലെ പൊന്വീണെയും മായാമയൂരത്തിലെ കൈക്കുടന്ന നിറയെയുമെല്ലാം ഇന്നും മലയാളത്തിന്റെ മനസ്സില് മായാതെ നില്പ്പുണ്ട്.
നിന്നെയെന് സ്വന്തമാക്കും ഞാന് (വിഷം), മെല്ലെ നീ മെല്ലെ വരൂ. മൃദുലേ ഇതാ ഒരു ഭാവ ഗീതമിതാ (ധീര), ഒരു പുന്നാരം, തൊഴുകൈ (ബോയിങ് ബോയിങ്), കളഭം ചാര്ത്തും (താളവട്ടം), നിയെന് കിനാവോ (ഹലോ മൈ ഡിയര് റോങ് റമ്പര് ), പൂങ്കാറ്റേ പോയി (ശ്യാമ), പൊന്മുരളിയൂതും, ശാന്തി മന്ത്രം (ആര്യന് ), മധുമാസ ചന്ദ്രന് (കാണാക്കിനാവ്), ആമ്പല്ലൂര് അമ്പലത്തില് (മായാമയൂരം) എന്നിവയാണ് മറ്റ് ഹിറ്റ് ഗാനങ്ങള്.
2011ല് അനില് സി മേനോന് സംവിധാനം ചെയ്ത കളക്ടറാണ് അവസാന ചിത്രം. ഇതിന് പുറമെ പത്ത് ആല്ബങ്ങളിലായി എണ്പത്തിമൂന്ന് ചലച്ചിത്രേതര ഗാനങ്ങള്ക്കും രഘുകുമാര് ഈണം നല്കി.
കോഴിക്കോട്ടെ പ്രശസ്തമായ പൂതേരി തറവാട്ടിലെ അംഗമായ രഘുകുമാറിനെ ഒരു നിയോഗം പോലെ സംഗീതം തേടിയെത്തുകയായിരുന്നു. ചേച്ചിയെ പഠിപ്പിക്കാന് വന്ന ഭാഗവതരില് നിന്നാണ് ആദ്യപാഠങ്ങള് അഭ്യസിച്ചത്. ആറാം വയസ്സിലാണ് ആ മനസ്സില്‍ തബല കൂടുകൂട്ടിയത്. ദാസന് മാസ്റ്ററായിരുന്നു ആദ്യ ഗുരു.
പിന്നീട് ആകാശവാണിയിലെ ബാലസുബ്രഹ്മണ്യനായി ഗുരു. അതിന് ശേഷം കെ. ആര് . ബാലകൃഷ്ണനില് നിന്ന് ലളിത സംഗീതവും വിന്സന്റ് മാഷില് നിന്ന് സിത്താറും അഭ്യസിച്ചു. പതിനഞ്ചാം വയസിലാണ് പ്രൊഫഷണല് തബലവിദ്വാനാകുന്നത്. കോഴിക്കോട് ആര്‍ . ഇ.സിയില്‍ ജയചന്ദ്രന്റെ ഗാനമേളയിലായിരുന്നു അരങ്ങേറ്റം.
ആകാശവാണിയില് ഓഡിഷന് ടെസ്റ്റ് പാസായതോടെ രഘുകുമാര് തിരക്കുള്ള കലാകാരനായി. പിന്നീട് പഠനവും കുടുംബത്തിന്റെ ബിസിനസും ഉപേക്ഷിച്ച് ചെന്നൈയിലേയ്ക്ക് വണ്ടികയറി. കുടുംബ സുഹൃത്ത് വഴി ആര് .കെ.ശേഖറിനെ പരിചയപ്പെട്ട് സിനിമാസംഗീതത്തിന്റെ പിന്നണിയിലെത്തി. കണ്ണേ പാപ്പ എന്ന കന്നഡ ചിത്രത്തിലായിരുന്നു തുടക്കം.
ദക്ഷിണാമൂര്ത്തിയുടെ പിന്നണിസംഘത്തിലാണ് രഘുകുമാര് ഏറ്റവുമധികം തബല വായിച്ചത്. അക്കാലത്ത് ഗുണസിങ്, ജനാര്ദനന്, ലക്ഷ്മണ് ധ്രുവന് , മംഗളമൂര്ത്തി, കെ.ജെ.ജോയ്, ശിവമണി എന്നിവര്ക്കൊപ്പം അദ്ദേഹം പ്രവര്ത്തിച്ചു. ദക്ഷിണാമൂര്ത്തിയോടൊപ്പമുള്ള കാലം വലിയ അനുഭവ പാഠങ്ങളായിരുന്നുവെന്ന് പില്ക്കാലത്ത് രഘുകുമാര് പറഞ്ഞിട്ടുണ്ട്. ദേവരാജന് മാസ്റ്റര്ക്കൊപ്പം അയോധ്യ പോലുള്ള ഏതാനും ചിത്രങ്ങളിലും അദ്ദേഹം സഹകരിച്ചു.
പിന്നീട് നാട്ടില് തിരിച്ചെത്തി സുഹൃത്തുക്കള്ക്കൊപ്പം ശംഖുപുഷ്പം എന്നൊരു ചിത്രം നിര്മിച്ചു. അതിന് ശേഷം ലിസ അനുപല്ലവി, ശക്തി, ധീര തുടങ്ങിയവയും നിര്മിച്ചു.
No comments:
Post a Comment