സംസ്ഥാനത്ത് നടപ്പാക്കാനിരുന്ന അതിവേഗ റെയില്വേ പദ്ധതി ജനങ്ങളുടെ എതിര്പ്പിനെത്തുടര്ന്ന് ഉപേക്ഷിക്കാനൊരുങ്ങുമ്പോള് വെള്ളത്തിലാവുന്നത് കോടികള്.
1,18,000 കോടിയുടെ പദ്ധതിക്ക് വിശദ പദ്ധതി റിപ്പോര്ട്ട് തയ്യാറാക്കുന്നതിനായി മാത്രം ഡല്ഹി മെട്രോ റെയില് കോര്പ്പറേഷന് ഇതുവരെ
17.97 കോടി ചെലവഴിച്ചു. സാധ്യതാ പഠനത്തിനായി
9.92 കോടി കെ.എസ്.ഐ. ഡി.സി. നല്കി. വിശദ പദ്ധതി റിപ്പോര്ട്ട് തയ്യാറാക്കാന് ഡി.എം.ആര്.സി.ക്ക് ഗഡുക്കളായാണ് പണം നല്കിയത്. ഇതുവരെ പദ്ധതി റിപ്പോര്ട്ട് സമര്പ്പിച്ചിട്ടില്ല.
അതിവേഗ റെയില് പദ്ധതിയെക്കുറിച്ചുള്ള ചര്ച്ചകള്ക്ക് ഭരണ നേതൃത്വം തയ്യാറാകാതിരിക്കുമ്പോള് തന്നെ സര്ക്കാര് ഉണ്ടാക്കിയ കേരള ഹൈ സ്പീഡ് റെയില് കോര്പ്പറേഷന് പേരിന് മുന്നോട്ടു പോവുകയാണ്. കമ്പനി മുന്നോട്ടുപോകുന്തോറും ചെലവും കുടുന്നു. കമ്പനിയുടെ സി.എം.ഡി.ക്ക് പ്രതിമാസം
1.60 ലക്ഷം രൂപയാണ് ശമ്പളവും അലവന്സും ഇനത്തില് നല്കുന്നത്. ജനറല് മാനേജര് ടെക്നിക്കലിന്
94,000 രൂപയും ജനറല് മാനേജര് അഡ്മിനിസ്ട്രേഷന്
84,000 രൂപയും പ്രതിമാസം ശമ്പളം നല്കുന്നുണ്ട്. താഴേതട്ടിലെ പ്യൂണ്, ഡ്രൈവര് തുടങ്ങിയവര്ക്കും ശമ്പളം നല്കി വരുന്നു. ഉയര്ന്ന ഉദ്യോഗസ്ഥര്ക്ക്
2013 ഒക്ടോബര് വരെ
2.5 കോടി ശമ്പള ഇനത്തില് മാത്രം കമ്പനി ചെലവഴിച്ചു.
പദ്ധതി മുന്നോട്ടുകൊണ്ടുപോകാന് കഴിയില്ലെന്ന് ഉറപ്പായിട്ടും കമ്പനി വെള്ളാനയായി തുടരുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. ജനങ്ങള് പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതിനെത്തുടര്ന്ന് ഉപേക്ഷിക്കാന് സര്ക്കാര് നിര്ബന്ധിതമായിട്ടും കമ്പനി തുടരുന്നത് ചില തത്പരകക്ഷികള് സര്ക്കാറിനെ തെറ്റിദ്ധരിപ്പിക്കുന്നതു കൊണ്ടാണെന്നും ആക്ഷേപമുയര്ന്നിട്ടുണ്ട്. കമ്പനി ഇനിയും തുടരാന് അനുവദിക്കുന്നത് കൂടുതല് പണച്ചെലവിന് വഴിവെക്കുകയേയുള്ളൂവെന്നും എത്രയും പെട്ടെന്ന് കമ്പനി പിരിച്ചുവിടണമെന്ന ആവശ്യവുമായി അതിവേഗ റെയില്വേ വിരുദ്ധ ജനകീയ സമിതി രംഗത്തുവന്നിട്ടുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടല്ല പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് ആദ്യംമുതല്തന്നെ ആക്ഷേപമുയര്ന്നിരുന്നു.
മണ്ടത്തരം : ഇ. ശ്രീധരന്‍
കോട്ടയ്ക്കല്: അതിവേഗ റെയില് ഇടനാഴി പദ്ധതി ഉപേക്ഷിക്കുന്നത് മണ്ടത്തരമാണെന്ന് ഡി.എം.ആര്.സി മുന് മാനേജിങ് ഡയറക്ടര്‍ ഇ. ശ്രീധരന്‍. പദ്ധതി ഉപേക്ഷിക്കുന്ന വിവരം സംസ്ഥാനസര്ക്കാര് തന്നെ അറിയിച്ചിട്ടില്ല. പദ്ധതിയുടെ സര്വേ
85 ശതമാനവും പൂര്ത്തിയായി. സര്ക്കാര് സ്വീകരിച്ചാലും ഇല്ലെങ്കിലും ഡി.എം.ആര്.സി ഇതുസംബന്ധിച്ച പദ്ധതിരേഖ സമര്പ്പിക്കുമെന്നും അദ്ദേഹം 'മാതൃഭൂമി'യോട് പറഞ്ഞു.
കേരളത്തിന്റെ ഭാവി ഗതാഗത ആവശ്യങ്ങള്ക്ക് ഏറ്റവും പ്രയോജനംചെയ്യുന്ന പദ്ധതിയാണ് അതിവേഗ റെയില് ഇടനാഴി. ദിവസം
3000 വാഹനങ്ങള് കേരളത്തിലെ നിരത്തുകളില് പുതുതായി ഇറങ്ങുന്നുണ്ട്. അപകടങ്ങള് അനുദിനം കൂടുന്നു. മരണസംഖ്യ ഉയരുന്നു. ദേശീയപാത വികസനം വഴിമുട്ടിനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ അതിവേഗ റെയില് ഇടനാഴി പോലുള്ള പദ്ധതികള് എത്രയുംവേഗം തുടങ്ങുന്നതാണ് നല്ലത്. ഇപ്പോള് പണി തുടങ്ങിയാല്പ്പോലും പദ്ധതി പൂര്ത്തിയാകാന്
12 വര്ഷമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി യാഥാര്ഥ്യമായാല് തിരുവനന്തപുരത്തുനിന്ന്
20 മിനിറ്റുകൊണ്ട് കൊല്ലത്തും
45 മിനിറ്റുകൊണ്ട് കൊച്ചിയിലും രണ്ടുമണിക്കൂര് കൊണ്ട് കോഴിക്കോട്ടും മൂന്നുമണിക്കൂര് കൊണ്ട് മംഗലാപുരത്തും എത്താനാകും. നിലവിലുള്ള റെയില്വേലൈനുകളില് ട്രെയിനുകളുടെ വേഗം കൂട്ടാനാകില്ല. ഭൂഗര്ഭപാതയിലൂടെയും ഉയരത്തിലുള്ള തൂണുകളിലൂടെയും കടന്നുപോകുന്ന അതിവേഗപാതയ്ക്ക് ഭൂമി അധികം ഏറ്റെടുക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment