പോലീസ് കാവലില് നടി മീരാ ജാസ്മിന് വിവാഹിതയായി. തിരുവനന്തപുരം പാളയം എല്.എം.എസ് പള്ളിയിലായിരുന്നു ചടങ്ങുകള്. ദുബായില് സോഫ്റ്റ്വേര് എന്ജിനീയറായ നന്ദാവനം സ്വദേശി അനില്ജോണ് ടൈറ്റസാണ് വരന്.
ബുധനാഴ്ച ഉച്ചയ്ക്ക് 12നാണ് ചടങ്ങുകള് തുടങ്ങിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് സി.എസ്.ഐ ദക്ഷിണകേരള മഹായിടവക ബിഷപ്പ് ഡോ. ധര്മരാജ് റസാലം മുഖ്യകാര്മികത്വം വഹിച്ചു. വിവാഹ ശുശ്രൂഷ ഇംഗ്ലീഷിലായിരുന്നു. ചീഫ് വിപ്പ് പി.സി. ജോര്ജ്, ഡെപ്യൂട്ടി സ്പീക്കര് എന്. ശക്തന്, അഭിനേതാക്കളായ ദിലീപ്, കാവ്യാ മാധവന്, മല്ലികാ സുകുമാരന്, സുരേഷ് ഗോപി, ഭാര്യ രാധിക, സംവിധായകരായ ബ്ലെസി, ബാലുകിരിയത്ത്, നിര്മാതാവ് രഞ്ജിത്ത് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.
ഞായറാഴ്ച കൊച്ചിയിലുള്ള മീരയുടെ വീട്ടില് സ്പെഷ്യല് മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര് ചെയ്തിരുന്നു. അടുത്ത ബന്ധുക്കള് മാത്രമാണ് ചടങ്ങില് പങ്കെടുത്തത്. ചൊവ്വാഴ്ച ബന്ധുക്കള്ക്കായി വിവാഹ സല്ക്കാരവും നടത്തി. മതപരമായ ചടങ്ങുകള് അനുസരിച്ചുള്ള വിവാഹമാണ് എല്.എം.എസ് പള്ളിയില് നടന്നത്. വിവാഹച്ചടങ്ങിനും സത്കാരത്തിനും അനില് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര് എം.ജി. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സംരക്ഷണം നല്കിയത്.
വിവാഹച്ചടങ്ങുകള്ക്കു ശേഷം ഇടപ്പഴിഞ്ഞി ആര്.ഡി.ആര് ഓഡിറ്റോറിയത്തില് കുടുംബാംഗങ്ങള്ക്കും സുഹൃത്തുക്കള്ക്കുമായി സത്കാരം ഏര്പ്പെടുത്തിയിരുന്നു. മീരയുടെ സുഹൃത്തുക്കളടക്കം ഒട്ടേറെ പ്രമുഖര് പങ്കെടുത്തു. മന്ത്രി രമേശ് ചെന്നിത്തല, സ്പീക്കര് ജി. കാര്ത്തികേയന്, ആദ്യകാല നടി കാര്ത്തിക, സംവിധായകരായ സത്യന് അന്തിക്കാട്, ശ്യാമപ്രസാദ്, ഗായകന് എം.ജി. ശ്രീകുമാര്, വിജിലന്‍സ് എ.ഡി.ജി.പി ആര്. ശ്രീലേഖ, സിറ്റി പോലീസ് കമ്മീഷണര് പി. വിജയന്, ഭാര്യ ഡോ. ബീന തുടങ്ങിയവര് പങ്കെടുത്തു.
തിരുവല്ല താഴയില് പുത്തന്വീട്ടില് ജോസഫ് ഫിലിപ്പ്- ഏലിയാമ്മ ദമ്പതിമാരുടെ മകളായ മീര 'സൂത്രധാര'നിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. ചുരുങ്ങിയ കാലംകൊണ്ട് ഒട്ടേറെ സിനിമകളില് നായികയായെത്തി പ്രേക്ഷക മനസില് മീരാ ജാസ്മിന് ഇടം നേടിയിരുന്നു. ചെന്നൈ ഐ.ഐ.ടിയില്‍ നിന്ന് കമ്പ്യൂട്ടര് സയന്സില് ബി.ടെക് നേടിയ അനില് നന്ദാവനം സ്വദേശികളായ ടൈറ്റസിന്റെയും സുഗതയുടെയും മകനാണ്.
No comments:
Post a Comment