ചുരുങ്ങിയ പെന്ഷന് 1000 രൂപ
പെന്ഷന് ഉയര്ത്തിയത് 27 ലക്ഷം പേര്ക്ക് ഗുണകരം
കൂടുതല്പേര് പി.എഫ്. പദ്ധതിയില് വരും
വിരമിക്കല് പ്രായം തത്കാലം 60 ആക്കില്ല
ന്യൂഡല്ഹി: പ്രൊവിഡന്റ് ഫണ്ട് വരിക്കാര്ക്കുള്ള കുറഞ്ഞ പെന്ഷന് 1,000 രൂപയായി വര്ധിപ്പിച്ചു.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയില് അംഗമാവുന്നതിനുള്ള കുറഞ്ഞ ശമ്പളപരിധി 6,500 രൂപയില്നിന്ന് 15,000 രൂപയാക്കിയിട്ടുണ്ട്. ബുധനാഴ്ച ചേര്ന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റിമാരുടെ യോഗമാണ് ഈ തീരുമാനമെടുത്തത്.
തൊഴിലാളികളുടെ പെന്ഷന്പ്രായം 58-ല് നിന്ന് 60 ആക്കണമെന്ന നിര്ദേശം, തൊഴിലാളി യൂണിയന് പ്രതിനിധികളും തൊഴിലുടമകളുടെ പ്രതിനിധികളും തമ്മിലുള്ള തര്ക്കംമൂലം മാറ്റിവെച്ചു. കുറഞ്ഞപെന്ഷന് 1,000 രൂപയാക്കിക്കൊണ്ടുള്ള തീരുമാനം ഏപ്രിലിലാണ് നടപ്പാവുക. ഈ മാസം വോട്ട് ഓണ് അക്കൗണ്ട് പാസാക്കുമ്പോള് അധികപെന്ഷനുള്ള തുക വകയിരുത്തും. ഓരോ വര്ഷവും പെന്ഷന് തുകയില് മാറ്റം വരുമെന്നതിനാല് തുക ബജറ്റില് ഉള്ക്കൊള്ളിക്കുകയാണ് ചെയ്യുക.
കുറഞ്ഞ പെന്ഷന് 1,000 രൂപയാക്കുന്നത് 27 ലക്ഷം പേര്ക്ക് പ്രയോജനപ്പെടും. മൊത്തം 45 ലക്ഷം പേരാണ് പെന്ഷന് പദ്ധതിയിലുള്ളത്. ഇപ്പോള് 1,000 രൂപയില് കൂടുതല് പെന്ഷന് വാങ്ങുന്നവര്ക്ക് ആനുപാതിക വര്ധനയുണ്ടാവില്ല.
അടിസ്ഥാനശമ്പളവും ഡി.എ.യും ഉള്പ്പെടെ 6,500 രൂപവരെയുള്ളവര്ക്ക് മാത്രമാണ് നിലവില് പ്രൊവിഡന്റ് ഫണ്ടില് അംഗമാവാന് പറ്റുക. ഈ പരിധി 15,000 രൂപ ആവുന്നതോടെ സംഘടിതമേഖലയിലെ കൂടുതല് പേര് പി.എഫ്.പരിധിയില്വരും. ശമ്പളപരിധി 10,000 രൂപയാക്കിയാല് മതിയെന്നായിരുന്നു ട്രസ്റ്റ് യോഗത്തില് തൊഴിലുടമകളുടെ പ്രതിനിധികള് ആവശ്യപ്പെട്ടത്.
ട്രേഡ് യൂണിയനുകള് കഴിഞ്ഞ കുറേക്കാലമായി ഉന്നയിച്ചുവരുന്ന രണ്ടാവശ്യങ്ങളാണ് ഇപ്പോള് കേന്ദ്രം അംഗീകരിച്ചത്. ഈ ആവശ്യങ്ങളും അംഗീകരിക്കുമ്പോള്, പി.എഫ്. പദ്ധതിയനുസരിച്ച് നിലവില് ലഭിച്ചുകൊണ്ടിരിക്കുന്ന ഒരാനുകൂല്യവും വെട്ടിച്ചുരുക്കില്ലെന്ന് തൊഴില്മന്ത്രി ഓസ്കാര് ഫെര്ണാണ്ടസും സഹമന്ത്രി കൊടിക്കുന്നില് സുരേഷും സി.ബി.ടി.യോഗത്തില് വിശദീകരിച്ചു. ശമ്പളപരിധി ഉയര്ത്തുമ്പോള് തൊഴിലുടമകള്ക്കുണ്ടാവുന്ന അധികച്ചെലവ് സര്ക്കാര് വഹിക്കുമെന്ന് കൊടിക്കുന്നില് സുരേഷ് പറഞ്ഞു.
ധനമന്ത്രാലയം ഒട്ടേറെ നിബന്ധനകളോടെയാണ് പെന്ഷന് തുക വര്ധിപ്പിക്കുന്നതെന്ന് തൊഴിലാളി യൂണിയന് പ്രതിനിധികള് പിന്നീട് പറഞ്ഞു. തത്കാലം ഒരുവര്ഷത്തേക്കാണ് പെന്ഷന്തുക കൂട്ടുന്നതെങ്കിലും ഭാവിയില് എന്താവുമെന്നത് സംബന്ധിച്ച് കൂടുതല് വ്യക്തത വേണമെന്ന് സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റും പി.എഫ്.ട്രസ്റ്റ് അംഗവുമായ എ.കെ. പദ്മനാഭന് ആവശ്യപ്പെട്ടു. പെന്ഷന് കണക്കാക്കുന്നതിനുള്ള ശരാശരി ശമ്പളം കുറയ്ക്കാനുള്ള നിര്ദേശം ധനമന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്.
പിരിയുന്നതിന് തൊട്ടുമുമ്പുള്ള 12 മാസത്തെ ശരാശരിയാണ് ഇപ്പോള് പെന്ഷന് അടിസ്ഥാനമാക്കുന്നത്. 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി എടുക്കണമെന്നാണ് പുതിയ നിര്ദേശം. അപ്പോള് ശമ്പളവും പെന്ഷനും ഭാവിയില് കുറയും. അതംഗീകരിക്കാനാവില്ലെന്ന് പദ്മനാഭന് പറഞ്ഞു.
കുറഞ്ഞ പി.എഫ് പെന്ഷന് 3000 രൂപയാക്കണമെന്നാണ് തങ്ങള് ആവശ്യപ്പെട്ടതെങ്കിലും തുലോം തുച്ഛമായ
1000 രൂപയിലൊതുക്കിയെന്ന് ബി.എം.എസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.സജി നാരായണന് പറഞ്ഞു.
കഴിഞ്ഞകൊല്ലം കേന്ദ്ര ട്രേഡ് യൂണിയനുകള് രണ്ടുദിവസത്തെ പണിമുടക്ക് നടത്തിയപ്പോള്‍ ഈ വിഷയം പരിശോധിക്കാന്‍ എ.കെ. ആന്റണി, പി. ചിദംബരം, തൊഴില്മന്ത്രി തുടങ്ങിയവരുള്പ്പെട്ട സമിതിയെ പ്രധാനമന്ത്രി നിയോഗിച്ചിരുന്നു. ആ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഇപ്പോള് പി.
എഫ്. പെന്ഷനില് മാറ്റം വരുത്താന് ധനമന്ത്രാലയം തയ്യാറായത്.
No comments:
Post a Comment