Tuesday 14 January 2014

വരുന്നു വാഹനങ്ങളില്‍ ജി.പി.എസ് നിരീക്ഷണം

പൊതു വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) നടപ്പിലാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. സാറ്റലൈറ്റ് നാവിഗേഷനിലൂടെ പൊതു വാഹനത്തില്‍ ഘടിപ്പിച്ച ജി.പി.എസ്. യന്ത്രം വഴി വാഹനങ്ങളുടെ സ്ഥാനവും വേഗവും നിരീക്ഷിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നത്.

നിലവില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന വേഗ നിയന്ത്രണ യന്ത്രങ്ങള്‍ ഒഴിവാക്കാനും നിരീക്ഷണങ്ങള്‍ കാര്യക്ഷമമാക്കാനും കഴിയുമെന്നതാണ് ജി.പി.എസ്സിന്റെ പ്രത്യേകത. പൊതു ഗതാഗത വാഹനങ്ങളില്‍ ജി.പി.എസ്സിന്റെ സാധ്യത ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യനഗരമെന്ന ഖ്യാതി കൊച്ചിക്ക് നല്‍കാനാണ് മോട്ടോര്‍ വകുപ്പ് ശ്രമിക്കുന്നത്.

1973 -ലാണ് നിലവിലെ നിരീക്ഷണ സംവിധാനങ്ങള്‍ക്ക് ബദലായി കൃത്യതയാര്‍ന്ന സംവിധാനം വേണമെന്ന ആശയം ഉരുത്തിരിയുന്നത്. യു.എസ്. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഡിഫന്‍സ് രൂപപ്പെടുത്തിയതാണ് ജി.പി.എസ്. സംവിധാനം. 1995-ല്‍ പൂര്‍ണ രീതിയില്‍ നടപ്പിലാക്കി ത്തുടങ്ങി. ഇതിന്റെ ചുവടുപിടിച്ച് വാഹനങ്ങള്‍ നിരീക്ഷിക്കാനും വേഗം നിയന്ത്രിക്കാനുമുള്ള സംവിധാനം ഒരുക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

ട്രാഫിക് പോലീസിനോ, ക്യാമറകള്‍ക്കോ ഒരു പരിധിവരെ ഗതാഗത നിയന്ത്രണം സാധ്യമാകുന്നുണ്ടെങ്കിലും എല്ലായ്‌പ്പോഴും അവയെല്ലാം ലംഘിക്കപ്പെടുന്നുണ്ട്. അപകടങ്ങള്‍ പെരുകാനും ഇത്കാരണമാകുന്നു. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദൂരത്തിരുന്ന് പോലും ഗതാഗത നിയന്ത്രണം പൂര്‍ണ രീതിയില്‍ സാധ്യമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ഇന്ത്യയെ പോലുള്ള മൂന്നാംലോക രാഷ്ട്രങ്ങള്‍ വേഗ നിയന്ത്രണ യന്ത്രങ്ങള്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ ഉപയോഗിക്കുമ്പോള്‍, മുന്‍നിര രാജ്യങ്ങള്‍ സാറ്റലൈറ്റ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് സ്​പീഡ് അഡാപ്ഷന്‍ (ഐ.എസ്.) സംവിധാനമാണ് പ്രായോജനപ്പെടുത്തുന്നത്. ആവശ്യക്കാരുടെ കൈവശം വാഹനം എത്തുന്നതിന് മുമ്പേ തന്നെ അവ വാഹനങ്ങളില്‍ ഉറപ്പിച്ചിരിക്കും.

ആദ്യം നടപ്പിലാക്കുക നാലുചക്ര ഓട്ടോകളില്‍


പരീക്ഷണാടിസ്ഥാനത്തില്‍ നഗരത്തിലോടുന്ന പുതിയ നാലുചക്ര ഓട്ടോകളില്‍ ജി.പി.എസ്. സംവിധാനം ഘടിപ്പിക്കാനാണ് മോട്ടോര്‍ വകുപ്പ് ശ്രമിക്കുന്നത്. ഓട്ടം വിളി മുതല്‍ കൂലി നല്‍കല്‍ വരെ സുതാര്യമാക്കാന്‍ ജി.പി.എസ്സിലൂടെ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ആര്‍ക്കെങ്കിലും ഓട്ടം വിളിക്കണമെങ്കില്‍ മോട്ടോര്‍ വകുപ്പ് നല്‍കുന്ന പ്രത്യേക നമ്പറിലേക്ക് എസ്.എം.എസ്. അയയ്ക്കുകയാണ് ആദ്യ പടി. ഈ മെസ്സേജ് സ്വീകരിക്കുന്ന സെര്‍വര്‍ ഉപഭോക്താവിന്റെ ലൊക്കേഷന്‍ കണ്ടെത്തി, തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ഓട്ടോയ്ക്ക് നിര്‍ദേശം നല്‍കുന്നു. ഉപഭോക്താവിന്റെ ലൊക്കേഷനായിരിക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ലഭ്യമാക്കുക. അവിടെ എത്തുന്ന ഡ്രൈവര്‍ക്ക് യാത്രക്കാരെ വഹിച്ച് ഓട്ടം ആരംഭിക്കാന്‍ ഇതിലൂടെ എളുപ്പം സാധിക്കും. അമിതവേഗം, ഓട്ടോയില്‍ ഫിറ്റ് ചെയ്തിരിക്കുന്ന യന്ത്രം വഴി നിയന്ത്രിക്കപ്പെടും.

യാത്രയ്ക്ക് ശേഷം കൂലി എത്ര വാങ്ങണമെന്ന (നല്‍കണമെന്ന) വിവരവും ഡിസ്‌പ്ലേയില്‍ തെളിഞ്ഞുവരും. ഇതോടെ, കൂലിയെ ചൊല്ലിയുള്ള തര്‍ക്കവും പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്തെങ്കിലും അപകടം ഉണ്ടാവുമെന്ന് സൂചന ലഭിച്ചാല്‍ പോലീസില്‍ സന്ദേശമെത്തിക്കാനുള്ള സംവിധാനവും ഇതില്‍ ഉണ്ടാകും. ഇതിനുള്ള സോഫ്റ്റ്‌വെയര്‍ രൂപവത്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ജി.പി.എസ്. സംവിധാനത്തിന്റെ സാധ്യതകളെ പറ്റി സാങ്കേതിക വിദഗ്ദ്ധരുമായി മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു.

ബജറ്റില്‍ തുക കണ്ടെത്തണം


കൊച്ചി നഗരത്തില്‍ ജി.പി.എസ്. ഓട്ടോകള്‍ നിരത്തിലിറങ്ങുന്നതോടെ പരിപൂര്‍ണമായി നിയന്ത്രിതമായ ഗതാഗത രീതിയിലേക്ക് വഴിമാറാന്‍ കഴിയുമെന്ന് അധികൃതര്‍ കരുതുന്നു. രാത്രി പോലും സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഓട്ടോയില്‍ സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുമെന്നാണ് അധികൃതരുടെ വാദം. പദ്ധതി വേഗത്തില്‍ നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാസങ്ങള്‍ക്കകം നടക്കുന്ന നഗരസഭാ ബജറ്റില്‍ ഇതിനുള്ള തുക വകയിരുത്തണമെന്നും ബന്ധപ്പെട്ടവര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിനുള്ള പ്രൊപ്പോസല്‍ ആര്‍.ടി.ഒ ബി.ജെ. ആന്റണി ഉടന്‍ കൊച്ചി നഗരസഭയ്ക്ക് കൈമാറും.

പ്രവര്‍ത്തനം


ഡ്രൈവറുടെ സീറ്റിന് മുന്‍വശത്ത് ഡാഷ് ബോര്‍ഡിനോട് ചേര്‍ന്നാണ് ജി.പി.എസ്. ഉപകരണം സ്ഥാപിക്കുക. പുത്തന്‍ മൊബൈല്‍ ഫോണുകളിലുള്ളതു പോലെ നാവിഗേഷന്‍

സംവിധാനത്തോടെയുള്ള ഡിസ്‌പ്ലേ ഇതിനുണ്ടാകും. നഗത്തിലെ റോഡുകളുടെ വിശദമായ ഭൂപടവും ഉണ്ടായിരിക്കും. വേഗ നിയന്ത്രണമുള്ള റോഡുകളുടെ വിവരവും ഇതിലുണ്ടാകും. ഈ റോഡിലൂടെ കടന്നു പോകുമ്പോള്‍ പാലിക്കേണ്ട വേഗം ഡിസ്‌പ്ലെയില്‍ ഡ്രൈവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്യും.

ജി.പി.എസ്. വാഹനത്തിന്റെ സ്ഥാനവും വേഗവും എപ്പോഴും ട്രാക്ക് ചെയ്തുകൊണ്ടിരിക്കും. വേഗ നിയന്ത്രണമുള്ള റോഡുകളിലെത്തിയാല്‍ ഓട്ടോമാറ്റിക്കായി വാഹനം സ്വയം വേഗം നിയന്ത്രിക്കുകയും ചെയ്യും. എന്‍ജിനോടു ചേര്‍ന്ന് ഘടിപ്പിക്കുന്ന പ്രത്യേക ഉപകരണത്തോടെയാണ് ഇത് സാധ്യമാകുന്നത്. നിയന്ത്രിത റോഡുകളില്‍, വാഹനം നിയമലംഘനം നടത്തി വേഗത്തിലോടിക്കാന്‍ ശ്രമിച്ചാല്‍ എന്‍ജിനിലേക്കുള്ള ഇന്ധനത്തിന്റെ അളവ് ഇല്ലാതാക്കുകയും യന്ത്രം സ്വയം പ്രവര്‍ത്തിച്ച് വേഗം കുറയ്ക്കുകയും ചെയ്യും.

പദ്ധതിയില്‍ വ്യക്തത വേണം


പുതിയ നാലുചക്ര ഓട്ടോകളില്‍ ജി.പി.എസ്. സംവിധാനം കൊണ്ടുവരാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ പദ്ധതിയില്‍ വ്യക്തത വേണമെന്ന് കോള്‍, ഓട്ടോ ടാക്‌സി അസോസിയേഷന്‍. പുതിയ സാങ്കേതിക വിദ്യ സ്വാഗതാര്‍ഹമാണ്. യാത്രക്കാരെയും കൊണ്ടുപോകുന്ന വഴികള്‍ കൃത്യമായി അറിയാനാകും. യാത്രക്കൂലിയുടെ കാര്യത്തില്‍ തര്‍ക്കവുമുണ്ടാകില്ല. എന്നാല്‍, നഗരത്തിലെ റോഡുകളും മറ്റും നന്നാക്കിയ ശേഷം ഇത്തരം സംവിധാനം നടപ്പാക്കുകയാണ് നല്ലതെന്ന് കോള്‍, ഓട്ടോ ടാക്‌സി അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നു.

No comments:

Post a Comment