Monday 13 January 2014

ശൈഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റു

ധാക്ക: വിവാദത്തില്‍ മുങ്ങിയ തിരഞ്ഞെടുപ്പിനൊടുവില്‍ ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബംഗ്ലാദേശില്‍ അധികാരമേറ്റു. മൂന്നാംവട്ടം പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഹസീനയോടൊപ്പം 38 മന്ത്രിമാരാണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.

പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ബംഗാഭവനിലായിരുന്നു ചടങ്ങ്. പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, ആദ്യം ശൈഖ് ഹസീനയ്ക്കും പിന്നീട് മറ്റ് മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഉന്നത സൈനിക ഉദ്യോഗസ്ഥരും വിദേശരാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളും ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു. കഴിഞ്ഞ സര്‍ക്കാറില്‍ പങ്കാളികളായ ജാത്തിയ പാര്‍ട്ടി പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചെങ്കിലും ചടങ്ങില്‍ പങ്കെടുത്തു. പുതിയ മന്ത്രിസഭയില്‍ 29 കാബിനറ്റ് മന്ത്രിമാരും 17 സഹമന്ത്രിമാരും രണ്ട് ഉപമന്ത്രിമാരും ഉള്‍പ്പെടുന്നു.

ജനവരി അഞ്ചിന് നടന്ന തിരഞ്ഞെടുപ്പില്‍ 300-ല്‍ 231 സീറ്റ് നേടിയാണ് അവാമി ലീഗ് ഭരണം നിലനിര്‍ത്തിയത്. ശൈഖ് ഹസീന രാജിവെച്ച് ഇടക്കാല സര്‍ക്കാറിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. സുതാര്യമായ രീതിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആവശ്യമുന്നയിച്ചതിനിടെയാണ് പുതിയ സര്‍ക്കാര്‍ ചുമതലയേറ്റത്.

66-കാരിയായ ശൈഖ്ഹസീന 1999-ല്‍ ആണ് ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ശൈഖ് മുജീബുര്‍ റഹ്മാന്റെ മൂത്തമകളാണ്. 1981 മുതല്‍ അവാമി ലീഗിന് നേതൃത്വം നല്‍കുന്നു.

No comments:

Post a Comment