36 റോഡ് സുരക്ഷാ നിര്ദേശങ്ങളും ആവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളും അച്ചടിച്ച നോട്ടീസുമായി മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥര് വീടുകളിലെത്തി. നബിദിനത്തിന്റെ അവധിയിലും പുലര്ച്ചെ വീടുകളിലെത്തിയ ഉദ്യോഗസ്ഥര് നല്കിയ പാഠങ്ങള് നഗരവാസികള്ക്ക് പുതിയ അനുഭവമായി. റോഡിലെ വാഹനത്തിരക്കും റോഡ് മുറിച്ചുകടക്കാന് പോലുമാകാത്ത അവസ്ഥയും അവര് പങ്കുവച്ചു.
നിയമങ്ങള് പാലിച്ച് മുന്നോട്ടു പോയാല് അപകടങ്ങള് കുറയ്ക്കാമെന്ന ഉപദേശവുമായി ഉദ്യോഗസ്ഥരും മടങ്ങി.
പറവൂര് നഗരസഭയെ സമ്പൂര്‍ണ റോഡ് സുരക്ഷാ നിയമ സാക്ഷര നഗരമാക്കുന്നതിന് മുന്നോടിയായാണ് മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥര് വീടുവീടാന്തരം സന്ദര്ശനം തുടങ്ങിയത്.
നഗരസഭ 20-ാം വാര്ഡ് തോന്ന്യകാവില് ചൊവ്വാഴ്ച രാവിലെ 6.45നായിരുന്നു തുടക്കം. പറവൂര് ജോയിന്റ് ആര്.ടി.ഒ ആദര്‍ശ്കുമാര്‍ ജി. നായര്, വെഹിക്കിള് ഇന്സ്പെക്ടര്മാരായ ബിജു, അഭിലാഷ്, അസി. ഇന്സ്പെക്ടര് രജീഷ്, ഓഫീസ് സൂപ്രണ്ട് ഷാജന് തുടങ്ങി എട്ട് അംഗ സംഘമാണ് ഭവന സന്ദര്ശനം നടത്തിയത്. നഗരസഭാ കൗണ്സിലര് രമേഷ് ഡി. കുറുപ്പ് ഉദ്യോഗസ്ഥ സംഘത്തിന് വഴികാട്ടിയായി.
റോഡ് സുരക്ഷാ നിയമങ്ങള് അടങ്ങിയ ലഘുലേഖ സംഘം ഓരോ വീട്ടിലും നല്കി. വഴിയാത്രക്കാരന് അനുസരിക്കേണ്ട കാര്യങ്ങള്, ഡ്രൈവര് പാലിക്കേണ്ടത്, പ്രത്യേകിച്ച് ഇരുചക്ര വാഹനക്കാര് ചെയ്യേണ്ടത് തുടങ്ങിയവ ഇതിലുണ്ട്.
ലഘുലേഖ വീട്ടിലെ എല്ലാവരും ഒരുമിച്ചിരുന്ന് വായിക്കണമെന്നും നിര്ദേശമുണ്ട്. നിയമങ്ങള് മനസ്സിലാക്കിയ ശേഷം ഗൃഹനാഥന് വായിച്ച് മനസ്സിലാക്കിയതായി സാക്ഷ്യപ്പെടുത്തണം. അഞ്ച് ദിവസം കഴിഞ്ഞ് ഉദ്യോഗസ്ഥന് വീണ്ടും വീട്ടിലെത്തുമ്പോള് ഒപ്പിട്ട നോട്ടീസ് തിരിച്ചു നല്കണം. എല്ലാവര്ക്കും വായിച്ചറിയുന്നതിനുള്ള പ്രചോദനത്തിന് വേണ്ടിയാണിതെന്ന് ജോയിന്റ് ആര്.ടി.ഒ ആദര്‍ശ്കുമാര്‍ ജി. നായര് പറഞ്ഞു.
വരുംദിവസങ്ങളില് സ്കൂള് വിദ്യാര്ത്ഥികളുടെ സഹായത്തോടെയും ലഘുലേഖകള് വീടുകളിലെത്തിക്കും.
വാഹനാപകടങ്ങള് അമ്പരിപ്പിയ്ക്കും വിധം വര്ദ്ധിച്ചുവരുന്ന സാഹചര്യത്തില് അത് കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായി കേരളത്തില് ആദ്യമായാണ് ലഘുലേഖയുമായി ഭവനസന്ദര്ശനം തുടങ്ങിയിട്ടുള്ളത്. ഇത് കേരളമാകെ മാതൃകയാക്കാന് ഉദ്ദേശ്യമുണ്ടെന്ന് ട്രാന്. കമ്മീഷണര് ഋഷിരാജ് സിങ് പറഞ്ഞു.
No comments:
Post a Comment