ഇതുപോലൊരു കൂട്ടം ഞാന് പഠിച്ച കോളേജിലൊന്നും കണ്ടിട്ടില്ല',
റീമാ കല്ലിങ്ങലിന്റെ വാക്കുകളില് കേരളവര്മ്മ കോളേജ് ഓഡിറ്റോറിയം അലകടലായി ഇളകിമറിഞ്ഞു.
'കേരളവര്മ്മയില് തന്നെ പഠിച്ചാല് മതിയായിരുന്നു എന്നായിരിക്കും ഇവിടെ നിന്ന് തിരിച്ചുപോയാല് അച്ഛനോട് ഞാന് ആദ്യം പറയുക. ഒരുപാട് സ്നേഹത്തോടെ എല്ലാവരെയും സ്വീകരിക്കുക എന്നത് ചെറിയ കാര്യമല്ല. അത് വലിയ ഉത്തരവാദിത്വമാണ്. കാശുള്ളവനെയും ഇല്ലാത്തവനെയും പഠിപ്പുള്ളവനെയും ഇല്ലാത്തവനെയും ഓഡി ഓടിക്കുന്നവനെയും ഓട്ടോറിക്ഷക്കാരനെയും ഒരു പോലെ ഉള്ക്കൊള്ളാന് കഴിയും എന്നതാണ് ഇന്ത്യയുടെ മഹത്വം. അത് ഇവിടെയും കാണാം'
- റീമ പറയുമ്പോള് സദസ്സിലും വേദിയിലും കേരളവര്മ്മയിലെ വിഭിന്ന ശേഷിയുള്ള വിദ്യാര്ഥികളും പൂര്വ്വവിദ്യാര്ഥികളും. കാഴ്ചയും കേള്വിയും ആലംബവുമായി തങ്ങളില് നിറയുന്ന ഈ കാമ്പസിനെ സ്നേഹിക്കുന്നു എന്ന് അവര് ഒരേ സ്വരത്തില് സാക്ഷ്യപ്പെടുത്തിയപ്പോള് അത് കേരളവര്മ്മയുടെ പാരമ്പര്യത്തിനുള്ള അംഗീകാരമായി. വിഭിന്നശേഷിയുള്ളവരുടെ ഉപരിപഠനത്തിനായി യു.ജി.സി. സഹായത്തോടെ ആരംഭിക്കുന്ന പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനാണ് പ്രശസ്ത സിനിമാതാരം റീമാ കല്ലിങ്ങല് കേരളവര്മ്മയില് എത്തിയത്.
കേരളവര്മ്മയുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമാകാന് കഴിയാതെ പോയതിലുള്ള സങ്കടം റീമ പങ്കുവച്ചു. അങ്ങനെയൊരു കാമ്പസില് പഠിച്ചതിന്റെ അഭിമാനമാണ് ഒറ്റപ്പാലത്തെ ഹെലന് കെല്ലര് ഇന്സ്റ്റിറ്റിയൂട്ട് ഫോര് ദി ബ്ലൈന്ഡ് ഡയറക്ടര് രാമകൃഷ്ണനും എം.എ. പൊളിറ്റിക്‌സ് റാങ്ക് ജേതാവായ രതീഷിനും ഒക്കെ പറയാനുണ്ടായിരുന്നത്. കാഴ്ചയിലെ ശേഷിക്കുറവിനെ മറികടക്കാനും ആത്മവിശ്വാസത്തോടെ പഠനം പൂര്ത്തിയാക്കാനും കേരളവര്മ്മ തങ്ങളെ എങ്ങനെ സഹായിച്ചു എന്ന് അവര് കൂട്ടിച്ചേര്ത്തു. എല്ലാറ്റിലുമുപരി വ്യക്തിപരമായ സുഖങ്ങളില് കുടുങ്ങിക്കിടക്കാതെ സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന് തങ്ങളെ പ്രേരിപ്പിച്ചത് കേരളവര്മ്മ പകര്ന്നു തന്ന ജീവിതപാഠങ്ങളാണെന്നും അവര് പറഞ്ഞു.
കാഴ്ച, കേള്വി പ്രശ്നങ്ങളുള്ള വിദ്യാര്ഥികള്ക്ക് കമ്പ്യൂട്ടറിന്റെ സഹായത്തോടെ പഠനം നടത്താന് കഴിയുന്ന ലാബാണ് കോളേജില് ആരംഭിച്ചിട്ടുള്ളത്. വിഭിന്നശേഷിയുള്ള
44 കുട്ടികളാണ് കോളേജില് ഇപ്പോള് പഠിക്കുന്നത്. കാഴ്ചശേഷിക്കുറവിനെ മറികടന്ന് സംഗീതത്തില് പ്രതിഭ തെളിയിച്ച നാലാം സെമസ്റ്റര് ഇംഗ്ലീഷ് വിദ്യാര്ഥിനി രശ്മിയുടെ പുല്ലാങ്കുഴല് വാദനത്തോടെയാണ് പരിപാടി ആരംഭിച്ചത്. പ്രിന്സിപ്പല് പ്രൊഫ. കെ.എസ്. ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. പ്രൊഫ. എന്.ആര്. അനില്കുമാര്, എച്ച്.ഇ.പി.എസ് കോ-ഓര്ഡിനേറ്റര് കെ.എം. ഗീത, വിദ്യാര്ഥികളായ ശ്രീജിത്ത്, രാജി തുടങ്ങിയവര് പ്രസംഗിച്ചു.
No comments:
Post a Comment