Thursday 9 January 2014

സി.സി.എല്‍.: ഇത്തവണയും ലാല്‍ നായകന്‍ ആസിഫ് അലിയും ഉണ്ണി മുകുന്ദനും ടീമില്‍


സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ ഇത്തവണയും മോഹന്‍ലാല്‍ നയിക്കും. രാജീവ് പിള്ളയാണ് വൈസ് ക്യാപ്റ്റന്‍. ഉണ്ണി മുകുന്ദനും ആസിഫ് അലിയും ടീമിലുണ്ട്. ഷൂട്ടിങ് തിരക്കുകാരണം കഴിഞ്ഞ തവണത്തെ ഉപനായകന്‍ ഇന്ദ്രജിത്ത് കളിക്കില്ല.

സി.സി.എല്ലിന്റെ നാലാം പതിപ്പിനാണ് ജനവരി 25 ന് തുടക്കമാകുക. 26 ന് ബാംഗ്ലൂരില്‍ തെലുഗ് വാരിയേഴ്‌സുമായാണ് സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം. ഫിബ്രവരി ഒന്നിന് ദുബായിയില്‍ വീര്‍ മറാത്തിയുമായും ഒമ്പതിന് കൊച്ചിയില്‍ ചെന്നൈ റൈനോസുമായും 16ന് റാഞ്ചിയില്‍ ബംഗാള്‍ ടൈഗേഴ്‌സുമായുമാണ് മറ്റു മത്സരങ്ങള്‍. പരിശീലന ക്യാമ്പ് 12ന് കൊച്ചിയില്‍ തുടങ്ങും.

കഴിഞ്ഞ തവണ ടീമിന്റെ കരുത്തായിരുന്ന മദന്‍മോഹനും ബി. സുമേഷിനും നാലാം സീസണില്‍ കളിക്കാനാകില്ല. കാറ്റഗറി മൂന്ന് വിഭാഗത്തില്‍ പെട്ട ഇവര്‍ക്ക് സി.സി.എല്ലിലെ പുതിയ നിയമമാണ് വിനയായത്. രണ്ട് സിനിമകളില്‍ കാരക്ടര്‍ റോള്‍ ചെയ്യുകയോ ഒരു സിനിമയില്‍ നായകനായി അഭിനയിക്കുകയോ ചെയ്തവരാണ് ഈ കാറ്റഗറിയില്‍ പെടുന്നത്. ഇതില്‍ ഇത്തവണ സി.സി.എല്‍. ഡയറക്ടര്‍ബോര്‍ഡ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സിനിമാ താരങ്ങള്‍ക്കായിരിക്കണം ടീമില്‍ പ്രാമുഖ്യം എന്ന അടിസ്ഥാനത്തിലാണ് പുതിയ നിബന്ധനകള്‍.

ഗെയില്‍ കുട്ടപ്പന്‍ എന്നു വിളിപ്പേരുള്ള സുമേഷിന്റെയും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ മദന്‍മോഹന്റെയും അഭാവം സ്‌ട്രൈക്കേഴ്‌സിന് തിരിച്ചടി തന്നെയാണ്. പക്ഷേ ടീമിലുള്ള താരങ്ങളെല്ലാം പ്രൊഫഷണല്‍ കളിക്കാരോളം കഴിവുള്ളവരാണ് എന്നത് അമ്മയുടെ താരസംഘത്തിന് ഇത്തവണയും പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ തവണ മികച്ച പ്രകടനത്തോടെ സെമിയിലെത്തിയ സ്‌ട്രൈക്കേഴ്‌സിന് കര്‍ണാടക ബുള്‍ഡോസേഴ്‌സിനു മുന്നിലാണ് കാലിടറിയത്. മറ്റ് ടീമംഗങ്ങള്‍ ഇവരാണ്: നിവിന്‍ പോളി, മണിക്കുട്ടന്‍, വിവേക് ഗോപന്‍, ബിനീഷ് കോടിയേരി, പ്രജോദ് കലാഭവന്‍, അരുണ്‍ ബെന്നി, സന്തോഷ് സ്ലീബ, രാഗേന്ദു, അര്‍ജുന്‍ നന്ദകുമാര്‍, റിയാസ് ഖാന്‍, സുരേഷ് നായര്‍. പങ്കജ് ചന്ദ്രസേനനാണ് ഇത്തവണയും പരിശീലകന്‍. ഭാവനയും മൈഥിലിയുമാണ് ബ്രാന്‍ഡ് അംബാസഡര്‍മാര്‍.

No comments:

Post a Comment