Saturday 11 January 2014

പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുമായി യുവാക്കള്‍

മാലിന്യസംസ്‌കരണത്തിനൊപ്പം പാചകവാതകവും ഉത്പാദിപ്പിക്കുന്ന പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുമായി യുവാക്കള്‍ രംഗത്ത്. ചെറുവണ്ണൂര്‍ കൊളത്തറ സ്വദേശികളായ പറമ്പത്ത് ഷാഫി, ചട്ടിപ്പുരയില്‍ ഹര്‍ഷാദ്, പൊക്കുന്ന് പാലക്കല്‍ റിയാസ് എന്നിവരാണ് ചെലവുകുറഞ്ഞതും എടുത്തുമാറ്റാവുന്നതുമായ ചെറിയതരം ബയോഗ്യാസ് പ്ലാന്റിന് രൂപം നല്‍കിയത്. പരിമിതമായ സ്ഥലസൗകര്യങ്ങളിലും ചെറിയ കുടുംബത്തിന് ബുദ്ധിമുട്ടില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പ്ലാന്റിന്റെ രൂപകല്‍പ്പന. ഫൈബര്‍ ഗ്ലാസില്‍ റസില്‍ ഉപയോഗിച്ച് വാര്‍ത്തെടുത്താണ് പ്ലാന്റിന്റെ ടാങ്കുകള്‍ നിര്‍മിക്കുന്നത്. ഒരുമീറ്റര്‍ ഉയരമുള്ള ടാങ്ക് ഒരു സ്‌ക്വയര്‍മീറ്റര്‍ സ്ഥലത്ത് സ്ഥാപിക്കാന്‍ സാധിക്കും.

പ്ലാന്റിനൊപ്പം ഇരട്ട ബര്‍ണറുകളുള്ള അടുപ്പും ക്രമീകരിക്കാനാകും. വാട്ടര്‍ ജാക്കറ്റ് സംവിധാനമുള്ളതിനാല്‍ മാലിന്യം വിഘടിപ്പിച്ച് വെള്ളമായി പുറത്തുകളയാനുള്ള സംവിധാനവും ഇതിലുണ്ട്. അതുകൊണ്ട് ദുര്‍ഗന്ധമോ കൊതുകുശല്യമോ ഉണ്ടാകില്ല. പ്ലാസ്റ്റിക് ഒഴികെയുള്ള മൂന്നുകിലോ മാലിന്യങ്ങള്‍വരെ സംസ്‌കരിക്കാന്‍ പ്ലാന്റിന് ശേഷിയുണ്ട്. മൂന്നുമണിക്കൂര്‍ പാചകം ചെയ്യാനുള്ള വാതകം ഇതില്‍നിന്ന് ഉത്പാദിപ്പിക്കാനാകും. കൃത്യമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ വീട്ടിലെ ഭൂരിഭാഗം ആവശ്യങ്ങള്‍ക്കും വേണ്ട പാചകവാതകം ഇതില്‍നിന്ന് ലഭിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

ചെറുകിട സ്ഥാപനങ്ങള്‍ക്കും ഇത്തരം പ്ലാന്റുകള്‍ ഉപകാരപ്രദമാകും. വാണിജ്യാടിസ്ഥാനത്തില്‍ 15, 000 രൂപയാണ് പ്ലാന്റിന്റെ വില. ഏഴുവര്‍ഷത്തെ വാറന്റിയും വാഗ്ദാനംചെയ്യുന്നുണ്ട്. ഒളവണ്ണ പഞ്ചായത്തിന്റെ വ്യവസായ എസ്റ്റേറ്റിലാണ് പ്ലാന്റ് നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്റെ ഉറവിടെ മാലിന്യസംസ്‌കരണ പദ്ധതിക്കുവേണ്ടി ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കുന്ന തിരക്കിലാണ് ഇവരിപ്പോള്‍. ഒമ്പതിനായിരം രൂപ നിരക്കില്‍ 750 പ്ലാന്റുകളാണ് ഇവര്‍ നിര്‍മിച്ചുനല്‍കുന്നത്. ഇതില്‍ ആദ്യഘട്ട വിതരണത്തിനുള്ള പ്ലാന്റുകളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ ആഴ്ചയില്‍ ഇവ വിതരണംചെയ്യും.

No comments:

Post a Comment