Thursday 19 December 2013

വളര്ത്തുമൃഗങ്ങള്ക്ക് ദുബായില് ഹോട്ടല് ഒരുങ്ങുന്നു

വളര്ത്തുമൃഗങ്ങളെ സ്വീകരിക്കാന് ദുബായില് ഹോട്ടല് ഒരുങ്ങുന്നു. മൃഷ്ടാന്ന ഭോജനവും കുളിയും അടക്കമുള്ള സുഖജീവിതം വാഗ്ദാനം ചെയ്യുന്ന ഹോട്ടല് ഒരുക്കുന്നത് ദുബായ് മുനിസിപ്പാലിറ്റിയാണ്. അല് വാര് മൂന്നില് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന വളര്ത്തുമൃഗ, പക്ഷി മാര്ക്കറ്റിന്റെ ഭാഗമാണ് ആഢംബര ഹോട്ടല്.

ഉടമസ്ഥര് അവധിക്ക് പോകുമ്പോള് വളര്ത്തുമൃഗങ്ങളെ പരിരക്ഷിക്കാന് ഒരിടം എന്ന നിലയിലാണ് മുനിസിപ്പാലിറ്റി ഇത്തരമൊരു ഹോട്ടല് മാര്ക്കറ്റിന്റെ ഭാഗമാക്കിയത്. ഉടമസ്ഥന് തിരിച്ചെത്തുന്നതുവരെ അതിഥിയായെത്തിയ അന്തേവാസിയുടെ മുഴുവന് ഉത്തരവാദിത്വവും ഹോട്ടലിനായിരിക്കും. അവരുടെ ഭക്ഷണവും കുളിയും ഉറക്കവും മരുന്നും എല്ലാം ചിട്ടയായിത്തന്നെ നടക്കും. എയര്കണ്ടീഷന് സൗകര്യമുള്ള ഹോട്ടലില് മൃഗങ്ങള്ക്കായി ഡ്രസ്സിങ്, ഗ്രൂമിങ് മുറികള്, തെറാപ്പി സെഷനുകള്, ലോണ്ഡ്രി സര്വീസ്, കളിക്കളം തുടങ്ങിയ സൗകര്യങ്ങള് ലഭ്യമാക്കും. അതിഥികളെ നിയന്ത്രിക്കുന്നതിനായി സൂപ്പര്വൈസര്മാരും ആരോഗ്യ പരിശോധനയ്ക്കായി മൃഗഡോക്ടര്മാരും രംഗത്തുണ്ടാകും. മൃഗങ്ങളുടെ ഉടമസ്ഥര്ക്ക് ഓണ്ലൈനില് അവയുടെ വിശേഷങ്ങള് അറിയാനും കാണാനും സാധിക്കും. 832 ചതുരശ്രമീറ്ററിലാണ് ഹോട്ടല് പണിയുന്നത്. പ്രധാനമായും വളര്ത്തുനായകളെ ഉദ്ദേശിച്ചാണ് ഹോട്ടല് പണിയുന്നതെന്ന് അസറ്റ്സ് മാനേജ്മെന്റ് വിഭാഗം ഡയറക്ടര് ഖലീഫ ഹാരിബ് വ്യക്തമാക്കി. 50 നായകളെ ഒരേ സമയം ഉള്ക്കൊള്ളാന് സാധിക്കുന്ന 30 മുറികള് ഹോട്ടലിലുണ്ട്.

5.41 കോടി ദിര്ഹം മുതല്മുടക്കില് നിര്മിക്കുന്ന വളര്ത്തുമൃഗ, പക്ഷി മാര്ക്കറ്റ് 2014 മാര്ച്ചില് തുറക്കുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര് ജനറല് ഹുസ്സൈന് നാസ്സര് ലൂത്ത അറിയിച്ചു. നിര്മാണ പ്രവൃത്തികള് ഏതാണ്ട് പൂര്ത്തിയായ മാര്ക്കറ്റിന്റെ അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള് നടക്കുന്നത്. 50 ഹെക്ടറില് ഒമ്പത് പ്രധാന ബ്ലോക്കുകളിലാണ് മാര്ക്കറ്റ് പ്രവര്ത്തിക്കുന്നത്. വിപണനശാലകള്ക്ക് പുറമെ, അഡ്മിനിസ്ട്രേഷന് ബ്ലോക്ക്, ലേലത്തിനായുള്ള കെട്ടിടം, ക്ലിനിക്കും അനുബന്ധ സൗകര്യങ്ങളും, തൊഴിലാളികള്ക്കായുള്ള താമസകേന്ദ്രം തുടങ്ങിയവയും മാര്ക്കറ്റിന്റെ ഭാഗമായുണ്ട്. നിലവിലുള്ള വളര്ത്തുമൃഗ മാര്ക്കറ്റിന്റെ മൂന്നിരട്ടി വിസ്തീര്ണം പുതിയ മാര്ക്കറ്റിന് അവകാശപ്പെടാനാവുമെന്നും ഹുസ്സൈന് നാസ്സര് ലൂത്ത പറഞ്ഞു.


വളര്ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും വില്പന കേന്ദ്രം എന്നതിനൊപ്പം അനുബന്ധ ഉപകരണങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്നത് മാര്ക്കറ്റിന്റെ സ്വീകാര്യത വര്ധിപ്പിക്കുമെന്ന് ഖലീഫ ഹാരിബ് ചൂണ്ടിക്കാട്ടി. വിപണിയെ സസൂക്ഷ്മം നിരീക്ഷിക്കുകയും വ്യാപാരികളില് നിന്ന് അഭിപ്രായം സ്വരൂപിക്കുകയും ചെയ്തതിനുശേഷമാണ് മാര്ക്കറ്റ് നിര്മാണത്തിന് ഒരുങ്ങിയത്. നിലവില് രംഗത്ത് പ്രവര്ത്തിക്കുന്ന വ്യാപാരികളില് 44 ശതമാനവും സ്വദേശികളും 25 ശതമാനം പേര് ഇന്ത്യക്കാരുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

No comments:

Post a Comment