ഡിസംബറിലെ തണുത്ത പ്രഭാതത്തില് കൊച്ചി അടിമുടിയൊന്ന് വിയര്ത്തു. പുലര്ച്ചെ തന്നെ കിതപ്പിന്റെയും വിയര്പ്പിന്റെയുമൊരു
അപ്രതീക്ഷിത കടന്നുവരവ്. ഒന്നും രണ്ടും പേര്ക്കല്ല, എണ്ണായിരത്തോളം പേര്ക്ക്. എല്ലാത്തിനുമൊടുവില് കൊച്ചിയെ ഒരുമിച്ചു ചേര്ത്ത മാരത്തണ്
മത്സരത്തിന് ആഘോഷത്തോടെ പരിസമാപ്തി. നഗരത്തിന്റെ നിരത്തില് അപൂര്വമായി വിരുന്നെത്തിയ മാരത്തണിനെ ജനസമൂഹം ഒന്നായി ഏറ്റെടുത്തു. വഴിയോരങ്ങളില് തിങ്ങിനിറഞ്ഞ കൂട്ടായ്മ അത് തെളിയിച്ചു. ഈ മാരത്തണ്‍ ഞങ്ങളുടേതാണ്. കൊച്ചിയില് നടന്ന ആദ്യ രാജ്യാന്തര ഹാഫ് മാരത്തണിന് അതിശയിപ്പിക്കുന്ന വരവേല്പാണ് കൊച്ചി നല്കിയത്. മഹാ
നഗരങ്ങളായ മുംബൈക്കും ഡല്ഹിക്കും പിന്നാലെ മൂന്നാം സ്ഥാനത്തേക്ക് നമ്മുടെ കൊച്ചിയുമെത്തി.
പുരുഷ-സ്ത്രീ വിഭാഗങ്ങളില് മത്സരത്തില് വിജയിച്ച കെനിയന് താരങ്ങള്ക്ക് പിന്നാലെയായി കൊച്ചിക്കാരുള്പ്പെടുന്നവര് മഹാരാജാസ് കോളേജ് ഗ്രൗണ്ടില് നിന്നാരംഭിച്ച് തേവര, വെല്ലിങ്ടണ് ഐലന്ഡ്, തോപ്പുംപടി, ഫോര്ട്ടുകൊച്ചി
പാണ്ടിക്കുടി മാന്ത്ര റോഡ് വരെ ഓടി പഴയ ഹാര്ബര് പാലം വഴി തിരിച്ച് മഹാരാജാസ് കോളേജ് ഗ്രൗണ്ടില് ഫിനിഷ് ചെയ്തു. ഏഴു കിലോമീറ്റര് അമച്വര് റണ്ണില് പങ്കെടുത്തവര് മഹാരാജാസ് സ്റ്റേഡിയത്തില് നിന്ന് വെണ്ടുരുത്തി പാലം വരെയെത്തി തിരിച്ച് സ്റ്റേഡിയത്തില് എത്തി. ഹാഫ് മാരത്തണും അമച്വര് മാരത്തണും ഒത്തുചേര്ന്നപ്പോള് കൊച്ചി മുതല് മട്ടാഞ്ചേരി വരെ ഓട്ടക്കാരുടെ നിര നീണ്ടു. പല നിറങ്ങളില് വേഷവിധാനങ്ങളുമായി അവര് നിരത്ത് നിറഞ്ഞോടി. പുലര്ച്ചെ മുതല്
ഗതാഗതത്തിരക്ക് ഒഴിഞ്ഞു നിന്നപ്പോള് ഓട്ടക്കാരുടെ തിക്കും തിരക്കുമായിരുന്നു. സമയം പുലര്ച്ചെ
6.15. ഓണ് യുവര് മാര്ക്ക്... സ്റ്റാര്ട്ട്-മാരത്തണ് തുടങ്ങുന്നത് അറിയിച്ചുള്ള വെടിയൊച്ച മഹാരാജാസ് മൈതാനിയില് മുഴങ്ങുമ്പോള് കൊച്ചി നഗരം ഇരുട്ടില് നിന്ന് വഴിമാറിയിരുന്നില്ല. ഞായറാഴ്ച പുലര്ച്ചെ അഞ്ചുമണിയോടെ തന്നെ നഗരത്തിലെ വഴിയോരങ്ങളിലെല്ലാം ജേഴ്സിക്കാരുടെ
ബഹളം. ട്രാക് സ്യൂട്ടണിഞ്ഞ് ഓടാന് തയ്യാറായി ആയിരങ്ങള്. മഹാരാജാസ് ഗ്രൗണ്ടും പരിസരവും മത്സരം തുടങ്ങുന്നതിനു മുമ്പേ ഓട്ടക്കാര് കീഴടക്കി. അന്തര്ദേശീയ താരങ്ങളായ കെനിയക്കാര് വന്ന് നമ്മുടെ നാട്ടിലെ നഗരവീഥികളെയും പാലങ്ങളെയും നിര്ദാക്ഷിണ്യം
പിന്തള്ളി മുന്നേറിയപ്പോള് സ്ഥിരം ഓടിച്ചാടി നടക്കുന്ന റോഡില് അവര്ക്കൊപ്പമെത്താന് നാട്ടുകാര് അല്പമൊന്ന് വിയര്ത്തു. എങ്കിലും ഓടിയെത്തുമെന്ന കൊച്ചിക്കാരുടെ വാശി ഒടുവില് വിജയം കണ്ടു.
21 കിലോമീറ്റര് ഹാഫ് മാരത്തണില് അന്തര്ദേശീയ താരങ്ങള്ക്ക് പിന്നാലെ 25,000-ഓളം പേര് അണിനിരന്നു. 21 കിലോമീറ്റര് ഓടാന് വയ്യെങ്കിലും ഏഴു കിലോമീറ്റര് ഫണ് റണ്ണില് 5000-ലധികം പേരും. 21- ഉം ഏഴും
കിലോമീറ്റര് വേണ്ടെന്നു പറഞ്ഞ സെലിബ്രിറ്റികള് ഇതിനുശേഷം മഹാരാജാസിലെ സിന്തറ്റിക് ട്രാക്കില് മൂന്നുതവണ വലംവെച്ചു. അങ്ങനെ കൊച്ചി ആകെയൊന്ന് ഓടിത്തെളിഞ്ഞു.
ഒടുക്കം വരെ കെനിയ
കെനിയയുടെ താരങ്ങളായിരുന്നു 21 കിലോമീറ്റര് മാരത്തണിന്റെ തുടക്കത്തില്. അത് അവസാനം വരെ തുടരുകയും ചെയ്തു. ആദ്യ അഞ്ച് കിലോമീറ്റര് ദൂരം 15.30 മിനിറ്റ് സമയമെടുത്തു. തുടക്കത്തില് മൂന്ന് മിനിറ്റില് ഒരു കിലോമീറ്റര് ദൂരമെന്ന നിലയില് മത്സരം മുന്നേറിയപ്പോള് കെനിയക്കാര് ഉള്പ്പെടുന്ന
10 ടീമായിരുന്നു ലീഡ് ചെയ്ത്. കെനിയയുടെ ഇമ്മാനുവലും ബെര്ണാഡും ഇലിഡുമുള്പ്പെടുന്ന അന്തര്ദേശീയ താരങ്ങള്ക്കൊപ്പം തമിഴ്നാടിന്റെ ലക്ഷ്മണനുമുണ്ടായിരുന്നു ഈ സമയം. 24 മിനിറ്റില് മത്സരം ഏഴു കിലോമീറ്റര് പിന്നിട്ട് തോപ്പുംപടിയിലെത്തി.
മത്സരം 27 മിനിറ്റ് പിന്നിട്ടപ്പോള് 9 കിലോമീറ്റര് ദൂരമാണ് മുന്നിലെത്തിയ സംഘം ഓടിത്തീര്ത്തത്. അര
മണിക്കൂര് പിന്നിട്ട് പനയപ്പിള്ളിയിലെത്തി പഴയ ഹാര്ബര്, തേവര വഴി തിരിച്ച് ഗ്രൗണ്ടിലേക്ക്. ഒരു മണിക്കൂര് രണ്ട് മിനിറ്റ് 56 സെക്കന്ഡില് ബെര്ണാഡ കിപ്യഗോ
പുരുഷ വിഭാഗത്തില് വിജയിച്ചപ്പോള് തൊട്ടുപിന്നാലെ ഹെല കിപ്രോപ്പും ഫിനിഷിങ് പോയിന്റിലേക്ക് എത്തി. ദേശീയ തലത്തില് സഹോദരങ്ങളായ ജി. ലക്ഷ്മണനും എല്. സൂര്യയും ആണ്കുട്ടികളുടെയും
പെണ്കുട്ടികളുടെയും
വിഭാഗത്തില് വിജയികളായി. ദേശീയ തലത്തില് ആലപ്പുഴക്കാരന് സോജി മാത്യു മൂന്നാമതും ഫിനിഷ് ചെയ്തു.
14 കെനിയന് താരങ്ങളും എട്ട് എത്യോപ്യന് താരങ്ങളും എസ്റ്റോണിയയില് നിന്ന് രണ്ടും ഉഗാണ്ടയില് നിന്ന് ഒരാളും വിദേശ പ്രതിനിധികളായി പങ്കെടുത്തു. 18 കിലോമീറ്റര് ദൂരം 54.10 മിനിറ്റില് കെനിയന് താരങ്ങളായ ഇമ്മാനുവല്, ഇലിയഡ്, ബെര്ണാഡ് എന്നിവര്
പൂര്ത്തിയാക്കി.
ആദ്യ
10 കിലോമീറ്ററില് 10 അംഗ സംഘവും മുന്നേറിയത് 15 കിലോമീറ്ററായപ്പോഴേക്കും മുന്നില് നാലുപേര് എന്ന നിലയിലെത്തി. 18 കിലോമീറ്റര് പിന്നിട്ടപ്പോഴാണ് ബെര്ണാഡ് വ്യക്തമായ ലീഡ് നിലനിര്ത്തി വിജയിയായത്.
No comments:
Post a Comment