Monday 23 December 2013

മലയാളി വിദ്യാര്‍ഥിയെ ബന്ദിയാക്കിയ സംഘം പിടിയില്‍

മംഗലാപുരം ദര്‍ലക്കട്ടയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികളായ മലയാളിയുവാവിനെയും സുഹൃത്തായ ബിഹാറി യുവതിയെയുമാണ് കഴിഞ്ഞദിവസം ഈസംഘം തട്ടിക്കൊണ്ടുപോയത്. ദര്‍ലക്കട്ടയിലെ ഒരു ഹോട്ടലില്‍ രാത്രി ഭക്ഷണം കഴിച്ചശേഷം പുറത്തു സംസാരിച്ചുനില്ക്കുമ്പോഴാണ് കാറിലെത്തിയ സംഘം ബലംപ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയത്.

ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ശാരീരികബന്ധത്തിനു നിര്‍ബന്ധിച്ചതായി വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നു. ഇതിന്റെ ഫോട്ടോയും വീഡിയോയും എടുത്തു. ഇവ പ്രചരിപ്പിക്കാതിരിക്കാന്‍ 25 ലക്ഷംരൂപയാണ് ആവശ്യപ്പെട്ടത്. രക്ഷപ്പെടാനായി ഒടുവില്‍ മൂന്നുലക്ഷം രൂപ നല്കാമെന്നു വിദ്യാര്‍ഥികള്‍ സമ്മതിച്ചു. പണം സംഘടിപ്പിക്കാനായി പെണ്‍കുട്ടിയെ തൊക്കോട്ടെത്തിച്ച സംഘം ആണ്‍കുട്ടിയെ തടങ്കലിലാക്കി. പോലീസില്‍ പരാതി നല്കിയാല്‍ ഇയാളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു. എന്നാല്‍, പെണ്‍കുട്ടി മംഗലാപുരത്തെ ഒരു അഭിഭാഷകയുടെ സഹായത്തോടെ പോലീസില്‍ പരാതിനല്കി.

കൊണാജെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. തടങ്കലിലാക്കിയ വിദ്യാര്‍ഥിയെ പോലീസ് മോചിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയില്‍വിട്ടു. പ്രതികളില്‍ മൂന്നുപേര്‍ ഗുണ്ടാസംഘാംഗങ്ങളാണെന്നു സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഹിതേന്ദ്ര പറഞ്ഞു.
മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുകയുംചെയ്ത സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായി. ഉള്ളാള്‍ നട്ടേക്കല്ലിലെ നിസാര്‍ (18), ദര്‍ലക്കട്ടയിലെ ഇക്ബാല്‍ (21), ഹാരിസ് (21), കൊണാജെ മുഡിപ്പുവിലെ നവാസ് (25), സൂറത്കല്ലിലെ ഹര്‍ഷാദ്(18), റൗഫ് (22), ഷംസുദ്ദീന്‍ (25), കാട്ടിപ്പള്ളയിലെ സമീര്‍(24) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരില്‍നിന്ന് രണ്ടുവാളുകള്‍, കത്തി, മൊബൈല്‍ഫോണ്‍, അശ്ലീലചിത്രങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു.

No comments:

Post a Comment