തിരുവനന്തപുരം:
തിരുവിതാംകൂര് രാജകുടുംബത്തിലെ ഇപ്പോഴത്തെ
സ്ഥാനിയും അവസാനത്തെ ഇളയരാജാവുമായ ഉത്രാടം
തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ
(91) അന്തരിച്ചു. തിങ്കാളാഴ്ച പുലര്ച്ചെ
2.20-ന് എസ്.യു.ടി ആസ്പത്രിയില് വെച്ചാണ് അന്ത്യം
സംഭവിച്ചത്. ആന്തരിക രക്തസ്രാവവും ഹൃദയാഘാതവുമായിരുന്നു
മരണകാരണം. വാര്ദ്ധക്യസഹജമായ അസുഖത്തെ തുടര്ന്ന് കുറച്ചു നാളായി
ചികിത്സയിലായിരുന്നു.
ഭൗതികശരീരം
തിങ്കളാഴ്ച രാവിലെ കോട്ടയ്ക്കകം ലെവിഹാളില് പൊതുദര്ശനത്തിനുവെയ്ക്കും. വൈകീട്ട് 3.30ന് അന്ത്യകര്മ്മങ്ങള് കവടിയാര്
കൊട്ടാരവളപ്പില് നടക്കുമെന്ന് കൊട്ടാരം
കേന്ദ്രങ്ങള് അറിയിച്ചു.രാജകുടുംബത്തിന്റെ
കാരണവരും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ രക്ഷാധികാരിയുമായ ഉത്രാടം തിരുനാള്
മാര്ത്താണ്ഡവര്മ്മയെ
ശ്വാസതടസ്സത്തെ തുടര്ന്നാണ്
ആസ്പത്രിയില് പ്രവേശിപ്പിച്ചിരുന്നത്.തിരുവിതാംകൂര് ഭരിച്ച അവസാനത്തെ
രാജാവായ ചിത്തിര തിരുന്നാള്
ബാലരാമവര്മയുടെ
അനുജനാണ്. 1922 മാര്ച്ച് 22-നാണ് തിരുവനന്തപുരത്തെ
കവടിയാര് പാലസ്സില്
അദ്ദേഹം ജനിച്ചത്. മഹാറാണി സേതു
പാര്വതി
ഭായിയാണ് അമ്മ. കിളിമാനൂര്
കൊട്ടാരത്തിലെ രവി വര്‍മ
കൊച്ചുകോയിക്കല്‍ തമ്പുരാനാണ് അച്ഛന് .
തിരുവിതാംകൂര് സര്വകലാശാലയില് നിന്ന്
ബിരുദം നേടിയ ശേഷം ബാംഗ്ലൂരിലെ
പ്ലൈമൗത്ത് കമ്പനിയില് ജോലി
നോക്കി. പിന്നീട് ഉന്നതവിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടില്
പോയി. പഠനശേഷം തിരിച്ചെത്തി 1956-ല് ബാംഗ്ലൂരില്
വ്യവസായ സ്ഥാപനം തുടങ്ങി. വളരെക്കാലം
ബാംഗ്ലൂരിലായിരുന്നു താമസം.ശ്രീ ചിത്തിര
തിരുനാള് 1991-ല്
നാടുനീങ്ങിയതിനെത്തുടര്ന്ന്
രാജകുടുംബത്തിന്റെ അധികാരസ്ഥാനമേറ്റെടുത്ത ഉത്രാടം തിരുനാള്
എളിമയുടേയും പാണ്ഡിത്യത്തിന്റേയും പ്രതീകമായിരുന്നു.
എസ്.യു.ടി
ആസ്പത്രി എന്ന് ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ശ്രീ ഉത്രാടം തിരുന്നാള് ആസ്പത്രി കോമ്പൗണ്ടിലെ
പട്ടം പാലസിലാണ് (തുളസി ഹില് പാലസ്) മഹാരാജാവ്
താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് അസുഖം
മൂര്ച്ഛിച്ചത്.
തുടര്ന്നാണ്
ആസ്പത്രിയില് പ്രവേശിപ്പിച്ചത്. രോഗം
വഷളായതിനെ തുടര്ന്ന്
വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്ന്നാണ് ഇന്നു പുലര്ച്ചെ
അന്ത്യം സംഭവിച്ചത്. മരണസമയത്ത് രണ്ടു മക്കളും
അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ ആത്മകഥ 'തൃപ്പടിദാനം' പുറത്തിറക്കിയത്
മാതൃഭൂമി ബുക്സാണ്. അനാര്ഭാടമായ ജീവിതവും സമത്വചിന്തയും
ആയിരുന്നു മഹാരാജാവിന്റെ പ്രത്യേകത. ഇക്കാര്യത്തില്
'ക്ഷേത്രപ്രവേശന വിളംബരം' നടത്തിയ മൂത്ത
സഹോദരന്റെ പാതയാണ് അദ്ദേഹം പിന്തുടര്ന്നത്.
'ഭക്തിയുടെ നറുംപാല് തിളപ്പിച്ച്
ശ്രീപത്മനാഭന് നിത്യവും നിവേദ്യം ഒരുക്കാന് ആഗ്രഹിക്കുന്ന ഒരു
ദാസഭക്തനാ'ണ് താനെന്നാണ്
അദ്ദേഹം സ്വയം പരിചയപ്പെടുത്തിയിരുന്നത്.
കഴിഞ്ഞവര്ഷം
കുടുംബാംഗങ്ങളുടെയും സര്ക്കാരിന്റെയും നിര്ബന്ധത്തിന് വഴങ്ങി നവതി
ആഘോഷിച്ചു. ഈ വര്‍ഷം
നവംബര് 11-ന് ചാള്സ്
രാജകുമാരനുമായി നടന്ന കൂടിക്കാഴ്ച ചരിത്രസംഭവമായി.
അനാരോഗ്യത്തെ വകവെയ്ക്കാതെ കൊച്ചിയിലെത്തിയാണ് അദ്ദേഹം ചാള്സ് രാജകുമാരനെ
കണ്ടത്. തിരുവിതാംകൂര് പവന്
ചാള്സിന്
സമ്മാനമായി നല്കുകയും ചെയ്തു.
2010 ജൂണില്
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധിയെക്കുറിച്ച് ലോകമറിഞ്ഞതോടെ തിരുവിതാംകൂര് രാജകുടുംബവും അതിന്റെ
സ്ഥാനിയുമായ ഉത്രാടം തിരുനാള്
മാര്ത്താണ്ഡവര്മ്മ
അന്തര്ദേശീയതലത്തില് ശ്രദ്ധിക്കപ്പെട്ടു. 2005-ല്
അന്തരിച്ച രാധാദേവിയാണ് ഭാര്യ. മകന്
പദ്മനാഭ വര്‍മ. മകള്‍ പാര്വതി ദേവി.
No comments:
Post a Comment