Saturday 30 November 2013

എസ്കേപ് ടു തിയേറ്റര്


എങ്ങോട്ടാ? ഉഗാണ്ടയ്ക്ക്!
ഒന്നു പോടാപ്പാ, ഉഗാാാണ്ട!
ഉഗാണ്ട മലയാളിയ്ക്ക് ഒരു സാങ്കല്പികരാജ്യമാണ്. എവിടെയോ ഉണ്ടെന്ന് പറയപ്പെടുന്ന, അല്ലെങ്കില്‍ അങ്ങനെ തോന്നിപ്പിക്കുന്ന ഒരു രാജ്യം; ഉട്ടോപ്യ പോലെ. ആ ഒരൊറ്റ കാരണം കൊണ്ടു തന്നെ രാജേഷ് നായരുടെ 'എസ്‌കേപ് ഫ്രം ഉഗാണ്ട' എന്ന ചിത്രം ഒരിത്തിരി സ്‌പെഷലാണ്. പേരില്‍ നിന്നും ഊഹിച്ചെടുത്തേക്കാവുന്നതില്‍ നിന്നും ഒരുപാട് വ്യത്യസ്തവും.

ശിഖാ സാമുവലും ജയ്കൃഷ്ണനും പ്രണയിച്ച് വിവാഹിതരായവരാണ്. ഒന്നിച്ച് ഒരു ജീവിതം തേടി അവരെത്തുന്നത്, ഒരുപക്ഷെ പറഞ്ഞാല്‍ മലയാളിയായി പിറന്ന ഒരാളും വിശ്വസിക്കാത്ത, ഉഗാണ്ട എന്ന ആഫ്രിക്കന്‍ രാജ്യത്തേയ്ക്കാണ്. വിജയ് ഒരു കോഫിഷോപ്പിലെ മാനേജരായി. ശിഖ, സുഹൃത്ത് എയ്ഞ്ചലിന്റെ സഹായത്തോടെ സ്വന്തമായി ഒരു ബുട്ടീഖും തുടങ്ങി. മകളോടൊപ്പം സന്തോഷകരമായി കഴിഞ്ഞിരുന്ന അവരുടെ ജീവിതത്തിലേയ്ക്ക് ഒരു ദുരന്തമെത്തുകയാണ്. ഒന്നിച്ചു ജീവിക്കുവാന്‍ അവര്‍ക്ക് വീണ്ടും ഒരു പോരാട്ടം കൂടി നടത്തേണ്ടി വന്നു.

ഒരു നല്ല കുടുംബ ചിത്രമാണ് 'എസ്‌കേപ് ഫ്രം ഉഗാണ്ട'. ഒപ്പം ഒരു നല്ല ത്രില്ലറും. ശിഖയുടെയും ജയ്‌യുടെയും കുടുംബത്തിന്റെയും, അവരുടെ അതിജീവനത്തിന്റെയും കഥയെ ഉഗാണ്ടയുടെ പാരിസ്ഥിതികഭംഗിയുടെയും സാമൂഹികസാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ മികച്ചതാക്കി എന്നതാണ് ഈ ചിത്രത്തിന്റെ മേന്മ.

ശിഖയെ റീമാ കല്ലിങ്കല്‍ അവിസ്മരണീയമാക്കി. റീമയുടെ തന്നെ '22 ഫീമെയില്‍ കോട്ടയം' എന്ന ചിത്രത്തിലെ കഥാപാത്രം മനസ്സിലെത്തിയാലും അത് തികച്ചും ബാലിശമായ ഒരു ആരോപണമെന്നേ പറയാനാകൂ. വിജയ് ബാബുവിന്റെ ജയ്കൃഷ്ണനും ജോജോയുടെ ഗൗതവും മികച്ചതായി. മിസ് ഉഗാണ്ട അനിറ്റാ കയാലിംബാ ചിത്രത്തില്‍ മേയറുടെ മകളായെത്തുന്നു. മിലിറ്ററി ഇന്റലിജന്‍സ് മേധാവിയെ അവതരിപ്പിക്കുന്നത് ഉഗാവുഡ് നടന്‍ മിഖായേല്‍ വാവുയോ ആണ്. കഥാപാത്രങ്ങളായി പേരറിഞ്ഞും അറിയാതെയും എത്തുന്ന എത്രയോ പേര്‍. ഇനിയൊരിക്കല്‍ കൂടി അവരുടെ മുഖം ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇടയ്‌ക്കെവിടെയോ ഭാഷയുടെയും ദേശത്തിന്റെയും വിടവ് കടന്ന് മാനുഷികമായ ഒരു അനുഭവം മനസ്സില്‍ അവശേഷിപ്പിക്കും ആ കഥാപാത്രങ്ങള്‍.

ഒരുവേള, ഉഗാണ്ട എന്ന സങ്കല്പം തന്നെയാണ് ചിത്രത്തിലൂടെ സംവിധായകന്‍ രാജേഷ് നായരും സുഹൃത്തുക്കളും പൊളിച്ചെഴുതുന്നത്. കൃത്യമായ ഒരു അതിര് കാത്ത് കഥ ചിതറാതെ നോക്കാന്‍ തിരക്കഥയ്ക്ക് കഴിഞ്ഞു. പാര്‍ത്ഥിപന്റെ കഥാപാത്രം ഇടയ്ക്ക് രസച്ചരട് മുറിക്കുന്നുണ്ട്. കഥയുടെ വഴിയില്‍ ചെറിയ കുഴികള്‍ അനുഭവപ്പെടുന്നത് അവിടെയാണ്. അതിഭാവുകത്വം കൊണ്ട് മുഷിപ്പിക്കാതെ നല്ല ഒഴുക്കോടു കൂടി നീങ്ങുന്നുണ്ട് വിഷ്ണു ശര്‍മ്മയുടെ കാമറ. ഒരു 'ഇതിഹാസ'ചിത്രമല്ല. പക്ഷേ പ്രേക്ഷകന്റെ രസമുകുളങ്ങള്‍ക്ക് എങ്ങനെ വ്യത്യസ്തമായി രുചിച്ചാലും 'എസ്‌കേപ് ഫ്രം ഉഗാണ്ട' കാഴ്ച അര്‍ഹിക്കുന്ന ചിത്രം തന്നെയാണ്.

No comments:

Post a Comment