Thursday 28 November 2013

മണല്ക്കുരുക്കില് മെട്രോ


മെട്രോ നിര്‍മാണത്തില്‍ മണല്‍ പ്രതിസന്ധിയാകും. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ ആവശ്യപ്പെട്ട പോലെ കേരളത്തിലെ നദികളില്‍ നിന്ന് മണല്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് മുന്നില്‍ തടസ്സങ്ങള്‍ ഏറെയുണ്ട്. പദ്ധതിയുടെ തുടക്കത്തില്‍ മുന്നോട്ടു വെച്ച ആവശ്യത്തിന്മേല്‍ ഇതുവരെ നടപടിയാകാത്തതില്‍ ഡല്‍ഹി മെട്രോ അധികൃതര്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.അടുത്ത രണ്ട് മാസത്തിനകം മെട്രോ ജോലികള്‍ക്ക് കൂടുതല്‍ മണല്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഗര്‍ഡര്‍ വാര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രധാന ജോലികള്‍ക്ക് നിലവാരം കുറഞ്ഞ മണല്‍ ഉപയോഗിക്കാനാകില്ലെന്ന് ഡി.എം.ആര്‍.സി. വ്യക്തമാക്കിയിട്ടുണ്ട്.തുടക്കത്തില്‍ തന്നെ നിര്‍മാണത്തിന് വേണ്ട മണലിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാറിന് വിവരം നല്‍കിയിരുന്നുവെന്നാണ് മെട്രോ അധികൃതര്‍ പറയുന്നത്. മികച്ച നിലവാരമുള്ളതിനാല്‍ പെരിയാറിലെയും ഭാരതപ്പുഴയിലെയും മണല്‍ വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

രണ്ട് വര്‍ഷത്തേക്ക് പെരിയാറില്‍ നിന്നും ഭാരതപ്പുഴയില്‍നിന്നുമായി നാല് ലക്ഷം ഘനമീറ്റര്‍ മണലാണ് ഇ. ശ്രീധരന്‍ ആവശ്യപ്പെട്ടത്.
അടുത്തിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലും നല്ല മണല്‍ വേണമെന്ന് ശ്രീധരന്‍ ആവര്‍ത്തിച്ചിരുന്നു. മന്ത്രിസഭയില്‍ ആലോചിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്.മെട്രോയ്ക്ക് വേണ്ടി നദികളില്‍ നിന്ന് മണലെടുക്കാന്‍ നീക്കമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എതിര്‍പ്പുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. നാല് ലക്ഷം ഘനമീറ്റര്‍ മണല്‍ രണ്ട് നദികളിലും ലഭ്യമല്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫ. എസ്. സീതാരാമന്‍ ചൂണ്ടിക്കാണിക്കുന്നത്. പഠനം നടത്താതെ മണല്‍ വാരാന്‍ അനുമതി നല്‍കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.മെട്രോയ്ക്ക് ഏകദേശം ഒരുലക്ഷം ലോഡ് വരെ മണല്‍ വേണ്ടിവരും. ഇത്രയും കൂടിയ അളവില്‍ മണല്‍ വാരുന്നത് നദികളുടെ ഒഴുക്കിനെ ബാധിക്കും. പാരിസ്ഥിതികമായ പ്രത്യാഘാതങ്ങള്‍ക്കും ഇത് കാരണമാകുമെന്ന് സീതാരാമന്‍ ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല, മണല്‍ വാരലുമായി ബന്ധപ്പെട്ട് നിലവിലുള്ള ചട്ടങ്ങള്‍ കര്‍ശനമാണ്. കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ അടക്കമുള്ള അനുമതികള്‍ ഇതിന് ആവശ്യമാണ്. പാരിസ്ഥിതിക ആഘാതവും മണല്‍ ലഭ്യതയും ഇതിന് മുന്നോടിയായി പഠനവിധേയമാക്കണം. എന്നാല്‍, ഭാരതപ്പുഴയിലും പെരിയാറിലും ഇത്തരത്തിലുള്ള നടപടികളൊന്നും ആരംഭിച്ചിട്ടില്ല. മെട്രോയ്ക്ക് വേണ്ടി ചട്ടങ്ങള്‍ മറികടക്കാന്‍ നീക്കമുണ്ടായാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തുമെന്നതും സര്‍ക്കാറിന് വെല്ലുവിളിയാണ്.നിലവില്‍ മെട്രോയുടെ നിര്‍മാണത്തിന് ക്വാറി മണലാണ് ഉപയോഗിക്കുന്നത്.

No comments:

Post a Comment